ന്യൂഡൽഹി :ഇന്ത്യയുടെ ചാന്ദ്ര ദൗത്യത്തിന്‍റെ അടുത്ത ഘട്ടമായ ചാന്ദ്രയാൻ-3 ഉൾപ്പടെ ബഹിരാകാശ വകുപ്പ് ഈ വർഷം 19 ദൗത്യങ്ങൾ ആസൂത്രണം ചെയ്തിട്ടുണ്ടെന്ന് കേന്ദ്രമന്ത്രി ഡോ. ജിതേന്ദ്ര സിങ് ലോക്‌സഭയിൽ. ചാന്ദ്രയാൻ-2ൽ നിന്നുള്ള പഠനങ്ങളുടെയും ദേശീയ തലത്തിലുള്ള വിദഗ്‌ധരുടെ നിർദേശങ്ങളുടെയും അടിസ്ഥാനത്തിൽ ചാന്ദ്രയാൻ-3ന്‍റെ തയാറെടുപ്പ് പുരോഗമിക്കുകയാണ്.
ദൗത്യത്തിനാവശ്യമായ അനുബന്ധ ഉപകരണങ്ങളുടെ പ്രത്യേക പരിശോധനകൾ വിജയകരമായി പൂർത്തിയാക്കി. വിക്ഷേപണം ഓഗസ്റ്റിൽ ഉണ്ടാകുമെന്നും മന്ത്രി അറിയിച്ചു. എട്ട് 'ലോഞ്ച് വെഹിക്കിൾ മിഷനുകൾ', ഏഴ് 'സ്‌പേസ് ക്രാഫ്റ്റ് മിഷനുകൾ', നാല് 'ടെക്‌നോളജി ഡെമോൺസ്‌ട്രേറ്റർ മിഷനുകൾ' എന്നിവയുൾപ്പടെ ഈ വർഷം ആകെ 19 ദൗത്യങ്ങളാണ് രാജ്യം ആസൂത്രണം ചെയ്തിട്ടുള്ളത്.