സീനിയര്‍ സയന്‍റിസ്‌റ്റായ ആനന്ദ് പ്രതികരിക്കുന്നു ബെംഗളൂരു : ചാന്ദ്ര ഉപരിതലത്തില്‍ (Lunar Surface) പതുക്കെ നീങ്ങി പരീക്ഷണങ്ങളും പര്യവേഷണവും നടത്തുന്ന ചന്ദ്രയാന്‍ 3 (Chandrayan 3) ലെ പ്രധാന ഘടകങ്ങളിലൊന്നായ പ്രഗ്യാന്‍ റോവറിന്‍റെ (Pragyan Rover) ആയുസ്സ് കേവലം 14 ദിവസമാണോ ?. അതായത് കേവലം 14 ദിവസം കൊണ്ട് ശേഖരിക്കുന്ന വിവരങ്ങള്‍ മാത്രമാണോ റോവര്‍ നമ്മളുമായി പങ്കുവയ്‌ക്കുക?. ചുരുക്കം ദിവസങ്ങള്‍ മാത്രം ലക്ഷ്യം വച്ചുള്ള പരീക്ഷണം മാത്രമായിരുന്നോ ചന്ദ്രയാന്‍ 3?.
ചന്ദ്രയാന്‍ വിക്ഷേപണവും പര്യവേഷണ വിവരങ്ങളും മാധ്യമങ്ങളില്‍ നിന്നും സമൂഹമാധ്യമങ്ങളില്‍ നിന്നും മാത്രം മനസിലാക്കിയ സാധാരണക്കാരനെ സംബന്ധിച്ച് ഉയര്‍ന്നുകേള്‍ക്കുന്നത് ഇത്തരം നിരവധി ചോദ്യങ്ങളാണ്. എന്നാല്‍ ഇതിനെല്ലാമുള്ള ഉത്തരങ്ങളും ചന്ദ്രയാന്‍ 3നെ കുറിച്ചുള്ള നിര്‍ണായകമായ കൂടുതല്‍ വിവരങ്ങളും ഇടിവി ഭാരതിനോട് (ETV Bharat) പങ്കുവയ്‌ക്കുകയാണ് ബെംഗളൂരുവിലെ നെഹ്റു പ്ലാനറ്റോറിയത്തിലെ (Nehru Planetarium) സീനിയര്‍ സയന്‍റിസ്‌റ്റായ ആനന്ദ് (Anand).
നമ്മള്‍ കണ്ട റോവര്‍ :ബുധനാഴ്‌ച (23.08.2023) വൈകുന്നേരം 6.04 ന് ലാന്‍ഡര്‍ (Lander) ചന്ദ്രോപരിതലത്തില്‍ ഇറങ്ങിയതെങ്ങനെയാണെന്ന് നമ്മള്‍ കണ്ടതാണ്. ഈ പ്രവര്‍ത്തനം ശരിയായ രീതിയില്‍ നടക്കാന്‍ കുറച്ച് സമയമെടുത്തു. തുടര്‍ന്ന് എല്ലാ കാര്യങ്ങളും പരിശോധിച്ച ശേഷം, ഘടകങ്ങളെല്ലാം ശരിയായി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് സ്ഥിരീകരിച്ചതിന് ശേഷമാണ് വിക്രം ലാന്‍ഡറിലെ വാതിലുകളിലൊന്ന് തുറന്ന് പ്രഗ്യാന്‍ റോവര്‍ (Pragyan Rover) പതിയെ ഉരുണ്ടിറങ്ങിയത്. ലാന്‍ഡറില്‍ നിന്ന് ഉരുണ്ടിറങ്ങാന്‍ റോവര്‍ ഒരു മണിക്കൂറോളം എടുത്തുവെന്നും ആനന്ദ് പറഞ്ഞു.
പിന്നീട് റോവര്‍ ചന്ദ്രോപരിതലത്തെ കുറിച്ച് വിശകലനം ആരംഭിക്കുന്നത്. ഇതിനായി ചന്ദ്രനിലെ മണ്ണിന്‍റെ രാസഘടന വിശകലനം ചെയ്യുന്നതിനും ചന്ദ്രോപരിതലത്തിൽ നിന്നുള്ള വികിരണം കണ്ടെത്തുന്നതിനും ഉപയോഗിക്കുന്ന രണ്ട് ശാസ്‌ത്രീയ ഉപകരണങ്ങൾ ഇതിലുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. തുടര്‍ന്ന് റോവറിന്‍റെ പ്രവര്‍ത്തനത്തെ കുറിച്ചുള്ള വിശദമായ വിവരങ്ങളിലേക്കും അദ്ദേഹം കടന്നു.
ഒന്നും അവസാനിക്കുന്നില്ല : അതായത് 14 ദിവസത്തെ ദൗത്യത്തിന് ശേഷം, 14 ദിവസം ചന്ദ്രന്‍റെ ദക്ഷിണ ധ്രുവത്തില്‍ (South Pole) ഇരുട്ടായിരിക്കും. ഈ സമയത്ത് സൗരോര്‍ജ്ജം ലഭ്യമല്ലാത്തതിനാല്‍ റോവറിലെ ശാസ്‌ത്രീയ ഉപകരണങ്ങളൊന്നും പ്രവര്‍ത്തിക്കില്ല. ഇരുണ്ട 14 ദിവസങ്ങള്‍ക്ക് ശേഷം ചന്ദ്രനില്‍ വീണ്ടും പകല്‍ വരുമ്പോള്‍ സൗരോര്‍ജ്ജ പാനലുകള്‍ (Solar Panels) പ്രവര്‍ത്തിച്ച് തുടങ്ങുമെന്നാണ് കരുതുന്നതെന്നും അതോടെ റോവറിലെ ശാസ്ത്രീയ ഉപകരണങ്ങളും പ്രവര്‍ത്തിച്ച് തുടങ്ങുമെന്നും സീനിയര്‍ സയന്‍റിസ്‌റ്റായ ആനന്ദ് പറഞ്ഞു.
14 ദിവസം ദൈര്‍ഘ്യമുള്ള ചന്ദ്രനിലെ ആദ്യ പകലുകളില്‍ തന്നെ പരമാവധി പരീക്ഷണങ്ങള്‍ നടത്താന്‍ പ്രഗ്യാന്‍ റോവര്‍ ശ്രമിക്കുന്നുണ്ട്. ഇതിനര്‍ഥം പ്രഗ്യാന്‍ റോവര്‍ 14 ദിവസം കൊണ്ട് പര്യവേഷണം അവസാനിപ്പിക്കുമെന്നല്ലെന്ന് തന്നെയാണെന്നും അദ്ദേഹം വ്യക്തമാക്കി.
റോവറിന്‍റെ പ്രവര്‍ത്തനങ്ങള്‍:സോളാര്‍ പാനലുകള്‍ക്ക് പ്രവര്‍ത്തിക്കാനുള്ള സൗരോര്‍ജ്ജത്തിന്‍റെ ലഭ്യത കണക്കിലെടുത്തായിരിക്കും പിന്നീടങ്ങോട്ട് റോവറിന്‍റേയും അതിനകത്തെ ശാസ്ത്രീയ ഉപകരണങ്ങളുടേയും പ്രവര്‍ത്തനം. സൂര്യ വെളിച്ചം തെളിയുന്നതനുസരിച്ച് വീണ്ടും വീണ്ടും ഈ ഉപകരണങ്ങള്‍ പ്രവര്‍ത്തിച്ചുതുടങ്ങിയാല്‍ ചാന്ദ്ര ഉപരിതലത്തെക്കുറിച്ചുള്ള ഒട്ടേറെ സുപ്രധാന വിവരങ്ങള്‍ പ്രഗ്യാന്‍ റോവറില്‍ നിന്ന് നമുക്ക് പ്രതീക്ഷിക്കാം. 14 ദിവസ ഇടവേളയില്‍ ഇത്തരത്തില്‍ പ്രഗ്യാന്‍ റോവര്‍ സജീവമാകും എന്നാണ് പ്രതീക്ഷയെന്നും ആനന്ദ് പറഞ്ഞു.
Also Read: Chandrayaan 3 On Moon 'ഭൂമിയില്‍ സ്വപ്‌നം കണ്ടു, ചന്ദ്രനില്‍ നടപ്പാക്കി': വിജയത്തില്‍ പ്രതികരിച്ച് ഐഎസ്‌ആര്‍ഒ ചെയര്‍മാന്‍ എസ് സോമനാഥ്
ചന്ദ്രനിൽ നിന്ന് ഇവിടേക്ക് വിവരങ്ങൾ കൈമാറാൻ കഴിവുള്ള ഒരു ട്രാൻസ്മിറ്റർ വിക്രം ലാൻഡറിലുണ്ട്. മാത്രമല്ല ചന്ദ്രയാൻ 2 ഓർബിറ്ററിലേക്ക് വിവരങ്ങൾ അയയ്ക്കാനും ഇത് പ്രാപ്‌തമാണ്. അതുകൊണ്ടുതന്നെ ലാൻഡറിന് രണ്ട് തരത്തിൽ ഭൂമിയിലേക്ക് വിവരങ്ങൾ അയയ്ക്കാൻ കഴിയുമെന്നും കർണാടകയിലെ പീനിയയിലുള്ള ഐഎസ്‌ആര്‍ഒ (ISRO) ടെലിമെട്രി, ട്രാക്കിങ് ആൻഡ് കമാൻഡ് നെറ്റ്‌വർക്ക് (ISTRAC) ഈ ഡാറ്റ ശേഖരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.