ബെംഗളൂരു:രാജ്യം ആകാംഷയോടെ കാത്തിരിക്കുന്ന ചാന്ദ്രദൗത്യത്തിലേക്ക് ഒരുപടി കൂടി അടുത്ത് ചാന്ദ്രയാന്‍-3 വിജയകരമായി ചന്ദ്രന്‍റെ ഭ്രമണപഥത്തില്‍. തുടര്‍ച്ചയായ അഞ്ചാം ഭ്രമണപഥം ഉയര്‍ത്തലോടെയാണ് ചാന്ദ്രയാന്‍-3 ചന്ദ്രന്‍റെ ഭ്രമണപഥത്തില്‍ പ്രവേശിച്ചത്. ചാന്ദ്രയാന്‍ വിജയകരമായി ചാന്ദ്ര ഭ്രമണപഥത്തില്‍ പ്രവേശിപ്പിച്ചതായി ഐഎസ്‌ആര്‍ഒ അറിയിച്ചു. ഇതോടെ ചാന്ദ്രയാന്‍-3 അതിന്‍റെ യാത്രയുടെ മൂന്നില്‍ രണ്ട് ഭാഗവും പിന്നിട്ടു.
മുമ്പ് ഓഗസ്‌റ്റ് ഒന്നിനാണ് ബഹിരാകാശ പേടകം ചാന്ദ്രവലയത്തിലേക്ക് പ്രവേശിക്കാന്‍ തുടങ്ങുന്നത്. നിര്‍ണായകമായ സ്ലിങ്‌ഷോട്ട് സഞ്ചാരം വിജയകരമായി പൂര്‍ത്തിയാക്കിയതോടെ ചാന്ദ്രയാന്‍-3 ഭൂമിയുടെ ഭ്രമണപഥം വിട്ട് ചാന്ദ്ര ഭ്രമണപഥത്തിലേക്ക് കുതിച്ചു. പിന്നീട് പേടകത്തെ ഭൂമിയുടെ ഗുരുത്വാകര്‍ഷണ ബലത്തില്‍ നിന്നും സ്വതന്ത്രമാക്കി ചന്ദ്രന്‍റെ സമീപത്തേക്ക് കടക്കാന്‍ അനുവദിച്ചു.
തുടര്‍ന്ന് എല്ലാ കണ്ണുകളും ഇമവെട്ടാതെ കാത്തിരുന്നത് ചാന്ദ്ര ഭ്രമണപഥത്തിലേക്ക് പ്രവേശിക്കുന്ന ട്രാന്‍സ് ലൂണാര്‍ ഇന്‍ജെക്ഷനിലായിരുന്നു (ടിഎല്‍ഐ). ഓഗസ്‌റ്റ് അഞ്ചിന് രാത്രി ഏഴ് മണിയോടെ ചാന്ദ്രയാന്‍-3 ഇതിലേക്ക് അടുക്കുമെന്നും തുടര്‍ന്നുള്ള ഒരു മണിക്കൂര്‍ സമയം നിര്‍ണായകമാണെന്നും ഐഎസ്‌ആര്‍ഒ മുമ്പ് അറിയിച്ചിരുന്നു. നിലവില്‍ ടിഎല്‍ഐ വിജയകരമായി പൂര്‍ത്തിയാക്കിയതോടെ രാജ്യത്തിന്‍റെ അഭിമാനമായ ചാന്ദ്ര ദൗത്യം ലക്ഷ്യത്തേക്ക് ഒന്നുകൂടി അടുത്തു.
ഗുരുത്വാകര്‍ഷണവും മറികടന്ന്: ചാന്ദ്രദൗത്യത്തില്‍ അതിപ്രധാനമായ ഘട്ടമായി ഉറ്റുനോക്കിയ ഒന്നുതന്നെയായിരുന്നു ചാന്ദ്രയാന്‍-3 ന്‍റെ ചന്ദ്രന്‍റെ ഭ്രമണപഥത്തിലേക്കുള്ള പ്രവേശനം. ഇതിനായി ട്രാന്‍സ് ലൂണാര്‍ ഇന്‍ജെക്ഷന്‍റെ പ്രേരണയോടെയാണ് ചാന്ദ്രയാന്‍-3, ലൂണാര്‍ ട്രാന്‍സ്‌ഫര്‍ ട്രജക്‌ടറിയിലൂടെ ഭൂമിയുടെ ഭ്രമണപഥത്തിലെ ലോ എര്‍ത്ത് ഓര്‍ബിറ്റില്‍ നിന്നും ചാന്ദ്ര ഭ്രമണപഥത്തിലേക്ക് എത്തിക്കുക.
ഇതില്‍ തന്നെ ട്രാന്‍സ് ലൂണാര്‍ ഇന്‍ജെക്ഷന് വേണ്ടി പെരിഗ്രീ എഞ്ചിൻ എന്നറിയപ്പെടുന്ന ഒരു കെമിക്കൽ റോക്കറ്റ് എഞ്ചിനാണ് കത്താറുള്ളത്. ഇതോടെ ബഹിരാകാശ പേടകത്തിന്‍റെ വേഗത സെക്കന്‍റില്‍ മൂന്ന് കിലോമീറ്ററായി വര്‍ധിക്കും. ഈയൊരു വേഗത മതിയാവും ചാന്ദ്രയാന്‍-3 ന് ഭൂമിയുടെ ഗുരുത്വാകര്‍ഷണവും ഭേദിച്ച് ചന്ദ്രനിലേക്ക് കുതിക്കാന്‍. അതേസമയം ഏറെ സമയബന്ധിതമായതിനാല്‍ തന്നെ ചന്ദ്രന്‍ ശരിയായ സ്ഥാനത്തുള്ള സമയത്താണ് ഈ പ്രക്രിയ നടക്കുക.
നിലവില്‍ ബഹിരാകാശ പേടകം ചന്ദ്രന്‍റെ ഭ്രമണപഥത്തില്‍ പ്രവേശിച്ചതിനാല്‍ തന്നെ, സഞ്ചാരപഥം കൂടുതൽ ക്രമീകരിക്കാനും ചന്ദ്രന്‍റെ ഉപരിതലത്തോട് കൂടുതല്‍ അടുക്കുന്നതിനും കുറച്ചുദിവസങ്ങള്‍ ഭ്രമണം തുടരും. ഏതാണ്ട് ചന്ദ്രോപരിതലത്തിന് മുകളിലായി 100-കിലോമീറ്റർ വൃത്താകൃതിയിലാകുന്നത് വരെ പേടകം ഇത് തുടരും. അങ്ങനെയെങ്കില്‍ മാത്രമെ ചന്ദ്രോപരിതലത്തിൽ തൊടുന്നതിന് മുമ്പ് ബഹിരാകാശ പേടകത്തിന് ശരിയായ ലാൻഡിങ് ഉറപ്പാക്കാനാവുകയുള്ളു.
ചാന്ദ്രയാന് മുന്നില്‍ ഇനിയെന്തെല്ലാം:എന്നാല്‍ രാജ്യത്തെ സംബന്ധിച്ചും ഐഎസ്‌ആര്‍ഒയെ സംബന്ധിച്ചും അടുത്തതായി ഏറെ പ്രധാനമര്‍ഹിക്കുന്ന ദിവസമാണ് വരാനിരിക്കുന്ന ഓഗസ്‌റ്റ് 17. അന്നാണ് പ്രൊപ്പല്‍ഷന്‍ മൊഡ്യൂളില്‍ നിന്നും ഐഎസ്‌ആര്‍ഒ ലാന്‍ഡിങ് മൊഡ്യൂളിനെ വേര്‍പിരിക്കുക. തുടര്‍ന്ന് റോവര്‍ പ്രഗ്യാന്‍ വഹിച്ചുള്ള ലാന്‍ഡിങ് മൊഡ്യൂള്‍ വിക്രം, ഓഗസ്‌റ്റ് 23 ന് ചന്ദ്രനില്‍ സുരക്ഷിതമായി ഇറങ്ങുന്നതിനാണ് ലക്ഷ്യമിടുന്നത്. അതേസമയം ലാന്‍ഡിങ് മൊഡ്യൂള്‍ സ്വതന്ത്രമായി ഗതിനിയന്ത്രിക്കുന്നതും ചന്ദ്രനില്‍ കൃത്യമായ ലാന്‍ഡിങ് നടത്തുന്നതുമായ പ്രക്രിയ അതിനിര്‍ണായകവുമാണ്.
വിജയകരമായ സോഫ്റ്റ് ലാൻഡിങ് പൂര്‍ത്തിയാക്കി ഏകദേശം നാല് മണിക്കൂറിന് ശേഷം, റോവർ പ്രഗ്യാൻ വിക്രം ലാൻഡറിൽ നിന്ന് വേർപെടും. പിന്നാലെ വിക്രമും പ്രഗ്യാനും ചന്ദ്രന്‍റെ ഉപരിതലത്തിൽ ചന്ദ്രന്‍റെ പരിതസ്ഥിതി, ഘടന, മറ്റ് ശാസ്‌ത്രീയ അളവുകൾ എന്നിവയെക്കുറിച്ചുള്ള മൂല്യവത്തായ ഡാറ്റ ശേഖരണവും നിരീക്ഷണവും നടത്തും. ഭൗമോപരിതലത്തില്‍ നിന്നും സാമ്പിളുകൾ ഭൂമിയിലേക്ക് തിരികെ കൊണ്ടുവരാതെ നേരിട്ട് തന്നെയാണ് ഈ പരിശോധനകളും വിശകലനങ്ങളും നടക്കുക. ഇതോടെ ചന്ദ്രനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങളും ഭാവി പര്യവേക്ഷണത്തിനുള്ള സാധ്യതകളും ഉള്‍പ്പടെ നമുക്ക് മുന്നില്‍ തെളിയും. എല്ലാത്തിലുമുപരി ലോകത്തിന് മുന്നില്‍ ചാന്ദ്രയാന്‍-3 ചരിത്രവിജയവുമാകും.