ബെംഗളൂരു: ചന്ദ്രയാന്‍ 3 (Chandrayaan 3) ന്‍റെ വിജയം രാജ്യത്തെ അഭിമാനപുരസരം അറിയിച്ച് ഐഎസ്‌ആര്‍ഒ ചെയര്‍മാന്‍ (ISRO Chairman) എസ്.സോമനാഥ് (S Somanath). ഭൂമിയില്‍ സ്വപ്‌നം കണ്ടുവെന്നും അത് ചന്ദ്രനില്‍ നടപ്പാക്കിയെന്നും അദ്ദേഹം പറഞ്ഞു. ചന്ദ്രയാന്‍ 3 ന് പിന്നില്‍ പ്രവര്‍ത്തിച്ച ഓരോരുത്തര്‍ക്കും അദ്ദേഹം പ്രത്യേകം നന്ദിയും അറിയിച്ചു.
'പ്രിയപ്പെട്ട പ്രധാനമന്ത്രി സാര്‍, നമ്മള്‍ ചന്ദ്രനില്‍ സോഫ്‌റ്റ് ലാന്‍ഡിങ് നടത്തിയിരിക്കുന്നു. ഇന്ത്യ ചന്ദ്രനിലെത്തിയിരിക്കുന്നു' എന്നതായിരുന്നു ചന്ദ്രയാന്‍ ദക്ഷിണ ധ്രുവത്തെ (South Pole) തൊട്ടപ്പോഴുള്ള ഐഎസ്‌ആര്‍ഒ തലവന്‍റെ ആദ്യ പ്രതികരണം. തുടര്‍ന്ന് ദക്ഷിണാഫ്രിക്കയില്‍ ബ്രിക്‌സ് ഉച്ചകോടിയില്‍ (Brics Summit) പങ്കെടുക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി (Narendra Modi) വീഡിയോ കോണ്‍ഫറന്‍സിങിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്‌ത് സംസാരിച്ചു. ഇന്ത്യന്‍ ദേശീയ പതാക വീശിയായിരുന്നു പ്രധാനമന്ത്രിയുടെ സന്തോഷം പങ്കുവയ്‌ക്കല്‍.
ഒപ്പം നിന്നവര്‍ക്ക് നന്ദി:പിന്നീട് ഐഎസ്‌ആര്‍ഒ ചെയര്‍മാന്‍ എസ്.സോമനാഥ് ചന്ദ്രയാന്‍ 3 ന്‍റെ ഭാഗമായ പ്രോജക്‌ട് ഡയറക്‌ടർ (Project Director) വീരമുത്തുവേൽ, കൽപന, മിഷൻസ് ഓപറേറ്റ് ഡയറക്‌ടർ എന്നിവരുൾപ്പെടെയുള്ള അണിയറ പ്രവര്‍ത്തകര്‍ക്ക് നന്ദിയറിയിച്ചു. കൂടാതെ ഈ യാത്രയ്‌ക്കൊപ്പം നിന്നതിന് പ്രധാനമന്ത്രിക്കും അദ്ദേഹം പ്രത്യേകം നന്ദി അറിയിച്ചിരുന്നു.
Also Read: Chandrayaan 3 Landed on Moon: തിങ്കൾത്തുടിപ്പറിഞ്ഞ് ഭാരതം, ലോകത്തിന് മുന്നില്‍ അഭിമാനം വാനോളം
ചാന്ദ്രയാന്‍ സോഫ്‌റ്റ് ലാന്‍ഡിങ്: ഓഗസ്റ്റ് 23 ന് വൈകിട്ട് 6.04 ഓടു കൂടി ചന്ദ്രയാന്‍ ചന്ദ്രോപരിതലത്തില്‍ തൊടുമെന്നായിരുന്നു ഇന്ത്യന്‍ സ്‌പേസ് റിസര്‍ച്ച് ഓര്‍ഗനൈസേഷന്‍ (ISRO) മുമ്പേ തന്നെ അറിയിച്ചിരുന്നത്. ഇതിന്‍റെ ഭാഗമായി വൈകുന്നേരം 5.45 ഓടെ സോഫ്‌റ്റ് ലാന്‍ഡിങ് പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുമെന്നും ഐഎസ്‌ആര്‍ഒ വ്യക്തമാക്കിയിരുന്നു. മാത്രമല്ല ചന്ദ്രയാന്‍ 3 ന്‍റെ ലാന്‍ഡിങ് തത്സമയ സംപ്രേഷണം 5.20 ന് തന്നെ ഇന്ത്യന്‍ ബഹിരാകാശ ഏജന്‍സി (ISRO) ആരംഭിച്ചിരുന്നു. കൂടാതെ ഡല്‍ഹിയിലെ കൗണ്‍സില്‍ ഓഫ് സയന്‍റിഫിക് ആന്‍ഡ് ഇന്‍ഡസ്‌ട്രിയല്‍ റിസേര്‍ച്ച് ആസ്ഥാനത്തും ചാന്ദ്രയാന്‍ 3 സോഫ്‌റ്റ് ലാന്‍ഡിങ് (Chandrayaan 3 soft landing) തത്സമയം പ്രദര്‍ശിപ്പിച്ചിരുന്നു.
എന്തിനായിരുന്നു ദക്ഷിണ ധ്രുവം: ദക്ഷിണ ധ്രുവത്തിന്‍റെ (South pole) 69.37,32.35 മേഖലയിലാകും ചന്ദ്രയാനിലെ വിക്രം ലാന്‍ഡര്‍ (Vikram Lander) ലാന്‍ഡ് ചെയ്യുക എന്നായിരുന്നു ഐഎസ്‌ആര്‍ഒ വ്യക്തമാക്കിയിരുന്നത്. മാത്രമല്ല അവസാന നിമിഷം പരാജയപ്പെട്ട ചന്ദ്രയാന്‍ 2 ലാന്‍ഡ് ചെയ്യാന്‍ ശ്രമിച്ച മേഖലയില്‍ നിന്നും 100 കിലോമീറ്റര്‍ മാറിയായിരുന്നു ചന്ദ്രയാന്‍ 3 ന്‍റെ ലാന്‍ഡിങിനായി നിശ്ചയിച്ചിരുന്നതും.
അതേസമയം ചന്ദ്രനില്‍ ജലത്തിന്‍റെ അംശമുണ്ടെന്ന നിര്‍ണായക കണ്ടെത്തല്‍ ഐഎസ്‌ആര്‍ഒയുടെ ആദ്യ ചാന്ദ്ര ദൗത്യമായ ചന്ദ്രയാന്‍ 1 ന്‍റേതായിരുന്നു. ഇതിന്‍റെ സാധ്യതകള്‍ ഉപയോഗപ്പെടുത്തുക എന്നത് തന്നെയാണ് ദക്ഷിണ ധ്രുവത്തിലെ പരീക്ഷണത്തിലൂടെ ഐഎസ്‌ആര്‍ഒ (ISRO) ലക്ഷ്യം വച്ചതും. ദക്ഷിണ ധ്രുവത്തില്‍ വലിയ ഐസ് നിക്ഷേപമുണ്ടെന്ന വിലയിരുത്തല്‍ ശരിയാണെന്ന് കണ്ടെത്തി, അതുവഴി ഭാവിയിലെ ദൗത്യങ്ങള്‍ക്കുള്ള ഇന്ധനം ഈ ജലം വിഘടിച്ച് ഉണ്ടാക്കാമെന്നാണ് ഐഎസ്‌ആര്‍ഒ പ്രതീക്ഷ.