കേരളം

kerala

ETV Bharat / bharat

CHANDRAYAAN 3 | ചന്ദ്രയാൻ -3 വിക്ഷേപണം ജൂലൈ 14 ന് ; സ്ഥിരീകരിച്ച് ഐഎസ്‌ആർഒ - Chandrayaan 3 mission to be launched on July 14

നേരത്തെ ജൂലൈ 13നായിരുന്നു വിക്ഷേപണം തീരുമാനിച്ചിരുന്നത്. എന്നാൽ ചന്ദ്രനിൽ ലാൻഡർ ഇറങ്ങുന്നതിന് അനുയോജ്യമായ ദിവസം ഓഗസ്റ്റ് 24 ആണെന്ന് കണ്ടെത്തിയതിനെത്തുടർന്ന് വിക്ഷേപണം മാറ്റുകയായിരുന്നു

ചന്ദ്രയാൻ 3  CHANDRAYAAN 3  ISRO  ഐഎസ്‌ആർഒ  ഇസ്‌റോ  ചന്ദ്രയാൻ 3 വിക്ഷേപണം  എൽവിഎം 3  ചന്ദ്രയാൻ 3 പേടകം  Regolith  വിക്രം ലാൻഡർ  Chandrayaan 3 mission to be launched on July 14  Chandrayaan 3 mission
ചന്ദ്രയാൻ -3

By

Published : Jul 6, 2023, 8:23 PM IST

ബെംഗളൂരു : രാജ്യം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചന്ദ്രയാൻ -3 വിക്ഷേപണത്തിന്‍റെ തീയതിയും സമയവും പ്രഖ്യാപിച്ച് ഐഎസ്‌ആർഒ. ആന്ധ്രാപ്രദേശിലെ ശ്രീഹരിക്കോട്ടയിൽ നിന്ന് ജൂലൈ 14 ന് ഉച്ചയ്‌ക്ക് 2.30ന് ചാന്ദ്ര ദൗത്യമായ ചന്ദ്രയാൻ -3 വിക്ഷേപിക്കുമെന്നാണ് ഐഎസ്ആർഒ അറിയിച്ചിരിക്കുന്നത്.

നേരത്തെ ജൂലൈ 13നായിരുന്നു വിക്ഷേപണം തീരുമാനിച്ചിരുന്നത്. എന്നാൽ ചന്ദ്രനിൽ ലാൻഡർ ഇറങ്ങുന്നതിന് അനുയോജ്യമായ ദിവസം ഓഗസ്റ്റ് 24 ആണെന്ന് കണ്ടെത്തിയതിനെത്തുടർന്ന് വിക്ഷേപണം ഒരു ദിവസം വൈകിപ്പിക്കാൻ തീരുമാനിക്കുകയായിരുന്നു. 615 കോടി രൂപയാണ് ചന്ദ്രയാൻ-3 മിഷന്‍റെ ബജറ്റ്.

ചന്ദ്രയാൻ 3 പേടകം വിക്ഷേപണ വാഹനമായ എൽവിഎം 3യിൽ (ലോഞ്ച് വെഹിക്കിൾ മാർക്ക്-III) സംയോജിപ്പിക്കുന്ന ജോലികൾ കഴിഞ്ഞ ദിവസം പൂർത്തിയായിരുന്നു. ഇന്ന് എൽവിഎം 3 എം4 റോക്കറ്റ് ശ്രീഹരിക്കോട്ടയിലെ ലോഞ്ച് പാഡിലേക്ക് മാറ്റി. ഇന്ത്യയുടെ ഏറ്റവും ഭാരമേറിയ റോക്കറ്റാണ് എല്‍വിഎം3. 650 ടണ്‍ ആണ് ഇതിന്‍റെ ഭാരം.

എട്ട് ടണ്‍ ഭാരമുള്ള വസ്‌തുക്കള്‍ വരെ ഭൂമിയുടെ ഏറ്റവും താഴെയുള്ള ഓര്‍ബിറ്റില്‍ എത്തിക്കാന്‍ കഴിയും. ലാന്‍ഡര്‍, പ്രൊപല്‍ഷന്‍ മൊഡ്യൂള്‍, റോവര്‍ എന്നിവയാണ് ചന്ദ്രയാൻ മൂന്നിന്‍റെ ഘടകങ്ങൾ. ചന്ദ്രയാൻ രണ്ടിന്‍റെ ഓർബിറ്റർ ഇപ്പോഴും പ്രവർത്തനക്ഷമമാണ്. അതിനാൽ ചന്ദ്രയാൻ മൂന്നിൽ ഓർബിറ്റർ ഉണ്ടാകില്ല. 3900 കിലോഗ്രാമാണ് പേടകത്തിന്‍റെ ആകെ ഭാരം.

ലാന്‍ഡര്‍ സോഫ്റ്റ് ലാന്‍ഡിങ് നടത്തി റോവറിനെ ചന്ദ്രോപരിതലത്തില്‍ ഇറക്കുകയും റോവര്‍ അവിടെ ശാസ്ത്രീയ പഠനങ്ങള്‍ നടത്തുകയും ചെയ്യും. ചാന്ദ്ര റെഗോലിത്തിന്‍റെ (Regolith) തെർമോഫിസിക്കൽ ഗുണങ്ങൾ, ചന്ദ്ര ഭൂകമ്പങ്ങൾ, ചന്ദ്ര ഉപരിതലത്തിലെ പ്ലാസ്‌മ, ലാൻഡിങ് സൈറ്റിന് സമീപമുള്ള മൂലക ഘടന എന്നിവ പഠിക്കുന്നതിനുള്ള ശാസ്ത്രീയ ഉപകരണങ്ങളാണ് ചന്ദ്രയാൻ 3 വഹിക്കുന്നത്.

വിജയമുറപ്പിക്കാൻ രണ്ടാം ശ്രമം : ഈ വർഷം മാർച്ചിൽ വിക്ഷേപണ വേളയിൽ അഭിമുഖീകരിക്കുന്ന കഠിനമായ വൈബ്രേഷനും കഠിനമായ ശബ്‌ദവും നേരിടുന്നതിനുള്ള പരീക്ഷണങ്ങൾ ചന്ദ്രയാൻ 3 വിജയകരമായി പൂർത്തിയാക്കിയിരുന്നു. വിക്ഷേപണ വേളയിൽ പ്രശ്‌നങ്ങളൊന്നും ഉണ്ടാകാതിരിക്കാൻ ചന്ദ്രയാൻ-3 ൽ ഹാർഡ്‌വെയർ, ഘടന, കമ്പ്യൂട്ടറുകൾ, സോഫ്റ്റ്‌വെയർ, സെൻസറുകൾ എന്നിവയിൽ തിരുത്തലുകൾ വരുത്തിയിട്ടുണ്ട്.

എൽവിഎം 3 വിക്ഷേപിക്കുന്ന ചന്ദ്രയാൻ-3 ബഹിരാകാശ പേടകം പ്രൊപൽഷൻ, ലാൻഡർ, റോവർ എന്നീ മൂന്ന് മൊഡ്യൂളുകളുടെ സംയോജനമാണ്. പ്രൊപൽഷൻ മൊഡ്യൂൾ ഒരു കമ്മ്യൂണിക്കേഷൻസ് റിലേ സാറ്റലൈറ്റ് പോലെ പ്രവർത്തിക്കും. ചന്ദ്രന്‍റെ ഭ്രമണപഥത്തിന്‍റെ 100 കിലോമീറ്റർ വരെ പ്രൊപൽഷൻ മൊഡ്യൂൾ ലാൻഡറിന്‍റെയും റോവറിന്‍റെയും കോൺഫിഗറേഷനും വഹിക്കും.

ALSO READ :ചരിത്രമെഴുതി ഐഎസ്ആർഒ; 36 ഉപഗ്രഹങ്ങള്‍ ഒന്നിച്ച് വിക്ഷേപിച്ചു

2019 ജൂലായ് 22നാണ് ചന്ദ്രയാന്‍-2 ദൗത്യം നടത്തിയത്. വിക്ഷേപണത്തിൽ ഉപഗ്രഹവും വിക്രം എന്ന ലാൻഡറും അതിനുള്ളിൽ പ്രഗ്യാൻ എന്ന റോവറുമുണ്ടായിരുന്നു. എന്നാല്‍ പേടകത്തിന്‍റെ ലാന്‍ഡറും റോവറും ചന്ദ്രനില്‍ ഇടിച്ചിറങ്ങിയതിനെത്തുടർന്ന് വിക്രം ലാൻഡറിൽ നിന്നുള്ള സിഗ്‌നൽ നഷ്‌ടപ്പെടുകയായിരുന്നു. അതിനാൽ കഴിഞ്ഞ തവണത്തെ പരാജയ പാഠങ്ങൾ ഉൾക്കൊണ്ടുകൊണ്ടാണ് ചന്ദ്രയാൻ 3 വിക്ഷേപണത്തിന് തയ്യാറെടുക്കുന്നത്.

ABOUT THE AUTHOR

...view details