ന്യൂഡല്‍ഹി: രാജ്യത്തിന്‍റെ വിജയകരമായ ചാന്ദ്രദൗത്യം ആഘോഷിക്കാനും ബഹിരാകാശ നേട്ടങ്ങളെ കുറിച്ച് അറിയാനുളള ജിജ്ഞാസ വര്‍ധിപ്പിക്കാനും ലക്ഷ്യമിട്ടുളള ചന്ദ്രയാന്‍ 3 മഹാക്വിസില്‍ ഭാഗമാകാന്‍ ജനങ്ങളെ ക്ഷണിച്ച് ഐഎസ്‌ആര്‍ഒ ചെയര്‍മാന്‍ എസ് സോമനാഥ്. താത്‌പര്യമുളളവര്‍ക്ക് സര്‍ക്കാര്‍ സൈറ്റായ MYGOV.in ല്‍ കയറി ക്വിസ് പരിപാടിയുടെ ഭാഗമാകാമെന്ന് എക്‌സ് പേജില്‍ പങ്കുവച്ച വീഡിയോയിലൂടെ അദ്ദേഹം പറഞ്ഞു.
ചന്ദ്രയാന്‍ 3 മഹാക്വിസില്‍ 10 എംസിക്യൂ ടൈപ്പ് ചോദ്യങ്ങളാണുണ്ടാവുക. ഇത് ചന്ദ്രയാന്‍ 3നെ കുറിച്ച് കൂടുതല്‍ എക്‌സ്‌പ്ലോര്‍ ചെയ്യാന്‍ വിദ്യാര്‍ഥികളെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയുളളതാണ്. ഈ പത്ത് ചോദ്യങ്ങള്‍ക്ക് അഞ്ച് മിനിറ്റ് എടുത്ത് ഉത്തരം നല്‍കാം.
MyGov നിങ്ങള്‍ക്ക് ബഹിരാകാശ ക്വിസ് പ്രോഗ്രാമില്‍ പങ്കെടുക്കാന്‍ കഴിയുന്ന ഒരു പ്ലാറ്റ്‌ഫോമാണെന്ന് ഏവര്‍ക്കും അറിയാം. അതിനാല്‍ ഈ സൈറ്റ് നോക്കാന്‍ മറക്കരുത്. ലോഗിന്‍ ചെയ്‌ത് സ്പേസ് ക്വിസ് പ്രോഗ്രാമിനായി തിരയുക. അതിന്‍റെ ഭാഗമാകൂ. ഞങ്ങളെ പിന്തുണയ്‌ക്കൂ, പ്രചോദിപ്പിക്കൂ. സ്വയം പ്രചോദിപ്പിക്കൂ, ഐഎസ്‌ആര്‍ഒ ചെയര്‍മാന്‍ എക്‌സില്‍ പങ്കുവച്ച വീഡിയോയില്‍ പറഞ്ഞു.
രാജ്യത്തിന്‍റെ ഭരണത്തിലും വികസനത്തിലും ഇന്ത്യൻ പൗരന്മാരുടെ സജീവ പങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്നതിന് ഉദ്ദേശിച്ചുള്ള കേന്ദ്രസര്‍ക്കാരിന്‍റെ സിറ്റിസണ്‍ എന്‍ഗേജ്‌മെന്‍റ് പ്ലാറ്റ്‌ഫോമാണ് MyGov. ചന്ദ്രയാന്‍ 3 മഹാക്വിസില്‍ പങ്കെടുക്കാന്‍ താത്‌പര്യമുളളവര്‍ ഈ സൈറ്റില്‍ ഒരു വ്യക്തിഗത അക്കൗണ്ട് സൃഷ്‌ടിക്കേണ്ടതുണ്ട്. ഇതില്‍ മികച്ച പ്രകടനം നടത്തുന്നയാള്‍ക്ക് ഒരു ലക്ഷം രൂപയാണ് സമ്മാനം. രണ്ടാമത് എത്തുന്ന ആള്‍ക്ക് 75,000 രൂപയും മൂന്നാമത് എത്തുന്ന ആള്‍ക്ക് 50,000 രൂപയും ലഭിക്കും.