ന്യൂഡൽഹി : ഇന്ത്യയുടെ ചാന്ദ്ര പര്യവേഷണ ദൗത്യമായ ചന്ദ്രയാൻ -3 ജൂലൈ 13ന് ഉച്ചയ്‌ക്ക് 2.30ന് വിക്ഷേപിക്കുമെന്ന് ഐഎസ്ആർഒ ഉദ്യോഗസ്ഥർ. റോക്കറ്റ് നിർമാണ് എത്രയും വേഗം പൂർത്തിയാകുമെന്നും തുടർന്ന് ടെസ്റ്റിങ്ങുകൾ നടത്തിയ ശേഷം ചന്ദ്രയാൻ -3 റോക്കറ്റുമായി ബന്ധിപ്പിക്കുമെന്ന് ഐഎസ്ആർഒ മേധാവി എസ് സോമനാഥ് അറിയിച്ചു. കോട്ടയം ജില്ലയിലെ വൈക്കം കൊതവറ സെന്‍റ് സേവ്യേഴ്‌സ് കോളജിൽ തിങ്കളാഴ്‌ച ഐഎസ്ആർഒ സംഘടിപ്പിച്ച ഏകദിന ശിൽപശാലയും ബഹിരാകാശ പ്രദർശനവും ഉദ്ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു ഐഎസ്ആർഒ ചെയർമാൻ.
ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിൽ നിന്ന് ലോഞ്ച് വെഹിക്കിൾ മാർക്ക്-III (എൽവിഎം3) ചന്ദ്രയാൻ -3 വിക്ഷേപിക്കും. ഐഎസ്ആർഒയുടെ ഏറ്റവും കരുത്തുറ്റ വിക്ഷേപണ വാഹനമാണ് എൽവിഎം3 എന്ന റോക്കറ്റ്.
ചന്ദ്രോപരിതലത്തിൽ സുരക്ഷിതമായ ലാൻഡിങ്ങിലും ലൂണാർ സർഫസിൽ കറങ്ങുന്നതിലും എൻഡ് ടു എൻഡ് കഴിവ് പ്രകടിപ്പിക്കുന്നതിനുള്ള ചന്ദ്രയാൻ -2 ന്‍റെ ഒരു ഫോളോ ഓൺ ദൗത്യമാണ് ചന്ദ്രയാൻ -3. ചന്ദ്രയാൻ -2ൽ നിന്ന് വ്യത്യസ്‌തമായി പുതിയ ദൗത്യത്തിൽ ഉപഗ്രഹമില്ല. ലാൻഡറും റോവറും ഉൾപ്പെടുന്നതാണ് ചന്ദ്രയാൻ -3 ദൗത്യം. 615 കോടി രൂപയാണ് ചന്ദ്രയാൻ-3 മിഷന്‍റെ ബജറ്റ്.
'അവസാന ഒരുക്കങ്ങൾ നടക്കുന്നു' : ഐഎസ്ആർഒയുടെ ചാന്ദ്രദൗത്യത്തിന്‍റെ മൂന്നാം പതിപ്പായ ചന്ദ്രയാൻ-3, 2023 ജൂലൈ 12 നും 19 നും ഇടയിൽ വിക്ഷേപിക്കുമെന്ന് ഐഎസ്ആർഒ ചെയർമാൻ എസ് സോമനാഥ് അറിയിച്ചിരുന്നു. സാങ്കേതിക പ്രശ്‌നമൊന്നും ഉണ്ടായില്ലെങ്കിൽ ജൂലൈ 14ന് മുൻപ് തന്നെ വിക്ഷേപണം ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യു ആർ റാവു സാറ്റലൈറ്റ് സെന്‍ററിൽ നിന്ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പേസ് സെന്‍ററിലെ ലോഞ്ച് പാഡിൽ ചന്ദ്രയാൻ ഇതിനകം എത്തിയതായും എസ് സോമനാഥ് വ്യക്തമാക്കി.