തിങ്കൾത്തുടിപ്പറിഞ്ഞ് ഭാരതം ശ്രീഹരിക്കോട്ട: ചന്ദ്രനെ തൊട്ടറിഞ്ഞ് ലോകത്തിന് മുന്നില്‍ അഭിമാനത്തോടെ ഭാരതം (India). രാജ്യം കാത്തിരുന്ന ചന്ദ്രയാൻ 3 (Chandrayaan 3) ദൗത്യം വിജയം. ദക്ഷിണ ധ്രുവത്തില്‍ (South pole) പര്യവേഷണ വാഹനം ഇറക്കുന്ന ആദ്യ രാജ്യമായും ചന്ദ്രനില്‍ സോഫ്റ്റ് ലാൻഡിങ് (Soft Landing) നടത്തുന്ന നാലാമത്തെ രാജ്യമായും ഇന്ത്യ മാറി.
യുഎസ് (United States), സോവിയറ്റ് യൂണിയൻ (USSR), ചൈന (China) എന്നിവർ മാത്രമാണ് ഇതിന് മുൻപ് ചന്ദ്രനില്‍ സോഫ്റ്റ് ലാൻഡിങ് നടത്തിയിട്ടുള്ളത്. ചന്ദ്രയാൻ 2 (Chandrayaan 2) ദൗത്യത്തിന് ശേഷം കൂടുതല്‍ കൃത്യതയോടെയും കരുതലോടെയുമാണ് ഐഎസ്ആർഒ (ISRO) ചന്ദ്രയാൻ 3 ദൗത്യം വിജയിപ്പിച്ചത്. ഇതോടെ ഐഎസ്ആർഒ (ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷനും) ഇന്ത്യയും ബഹിരാകാശ യാത്ര നടത്തുന്ന രാജ്യങ്ങളുടെ പട്ടികയില്‍ മുൻനിരയിലെത്തി.
ഏക പ്രകൃതി ദത്ത ഉപഗ്രഹമായ ചന്ദ്രന്‍റെ ദക്ഷിണ ധ്രുവത്തില്‍ ബഹിരാകാശ പേടകം ഇറക്കിയതോടെ ഈ രംഗത്ത് ഇന്ത്യ കൂടുതല്‍ കരുത്താർജിക്കുകയും ചെയ്‌തു. റഷ്യയുടെ ബഹിരാകാശ പേടകം ലൂണ-25 (Luna 25) നിയന്ത്രണം വിട്ട് ചന്ദ്രനില്‍ ഇടിച്ചിറക്കിയതിന് ശേഷമുള്ള ഇന്ത്യയുടെ ചാന്ദ്രപര്യവേഷണത്തെ ലോകം ശ്രദ്ധയോടെയാണ് വീക്ഷിച്ചിരുന്നത്.
എല്ലാം പ്രതീക്ഷിച്ചത് പോലെ: ഇന്ന് (ഓഗസ്റ്റ് 23) വൈകിട്ട് 6.04 ഓടു കൂടി ചന്ദ്രയാന്‍ ചന്ദ്രോപരിതലത്തില്‍ തൊടുമെന്നായിരുന്നു ഇന്ത്യന്‍ സ്‌പേസ് റിസര്‍ച്ച് ഓര്‍ഗനൈസേഷന്‍ (ISRO) വളരെ മുമ്പ് തന്നെ നല്‍കിയ വിവരം. വൈകുന്നേരം 5.45 ഓടെ സോഫ്‌റ്റ് ലാന്‍ഡിങ് പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുമെന്നും ഐഎസ്‌ആര്‍ഒ വ്യക്തമാക്കിയിരുന്നു. ഇതിന്‍റെ ഭാഗമായി ചന്ദ്രയാന്‍ 3 ന്‍റെ ലാന്‍ഡിങ് തത്സമയ സംപ്രേഷണം 5.20 ന് ഇന്ത്യന്‍ ബഹിരാകാശ ഏജന്‍സി (ISRO) ആരംഭിച്ചിരുന്നു. മാത്രമല്ല ഡല്‍ഹിയിലെ കൗണ്‍സില്‍ ഓഫ് സയന്‍റിഫിക് ആന്‍ഡ് ഇന്‍ഡസ്‌ട്രിയല്‍ റിസേര്‍ച്ച് ആസ്ഥാനത്തും ചാന്ദ്രയാന്‍ 3 സോഫ്‌റ്റ് ലാന്‍ഡിങ് (Chandrayaan 3 soft landing) തത്സമയം പ്രദര്‍ശിപ്പിച്ചിരുന്നു.
Also Read: Chandrayaan 3 Landing Challenges 'ചന്ദ്രോപരിതലത്തില്‍ പേടകം ഇറക്കുന്നത് എളുപ്പമല്ല'; മുന്‍ ചാന്ദ്രദൗത്യ തലവന്‍ മയില്‍സാമി അണ്ണാദുരൈ
ദക്ഷിണ ധ്രുവം ലക്ഷ്യംവച്ചത് എന്തിന്: ദക്ഷിണ ധ്രുവത്തിന്‍റെ (South pole) 69.37,32.35 മേഖലയിലാകും ചന്ദ്രയാനിലെ വിക്രം ലാന്‍ഡര്‍ (Vikram Lander) ലാന്‍ഡ് ചെയ്യുക എന്നായിരുന്നു ഐഎസ്‌ആര്‍ഒ അറിയിച്ചിരുന്നത്. അതായത് അവസാന നിമിഷം പരാജയപ്പെട്ട ചന്ദ്രയാന്‍ 2 ലാന്‍ഡ് ചെയ്യാന്‍ ശ്രമിച്ച മേഖലയില്‍ നിന്നും 100 കിലോമീറ്റര്‍ മാറിയായിരുന്നു ചന്ദ്രയാന്‍ 3 ന്‍റെ ലാന്‍ഡിങിനായി നിശ്ചയിച്ചിരുന്നത്.
ചന്ദ്രനില്‍ ജലത്തിന്‍റെ അംശമുണ്ടെന്ന നിര്‍ണായക കണ്ടെത്തല്‍ ഐഎസ്‌ആര്‍ഒയുടെ ആദ്യ ചാന്ദ്ര ദൗത്യമായ ചന്ദ്രയാന്‍ 1 ന്‍റേതായിരുന്നു. ഇതിന്‍റെ സാധ്യതകള്‍ ഉപയോഗപ്പെടുത്തുക എന്നത് തന്നെയാണ് ദക്ഷിണ ധ്രുവത്തിലെ പരീക്ഷണത്തിലൂടെ ഐഎസ്‌ആര്‍ഒ (ISRO) ലക്ഷ്യമിട്ടതും. ദക്ഷിണ ധ്രുവത്തില്‍ വലിയ ഐസ് നിക്ഷേപമുണ്ടെന്ന വിലയിരുത്തല്‍ ശരിയാണെന്ന് കണ്ടെത്തി, ഭാവിയിലെ ദൗത്യങ്ങള്‍ക്കുള്ള ഇന്ധനം ഈ ജലം വിഘടിച്ച് ഉണ്ടാക്കാമെന്നാണ് ഐഎസ്‌ആര്‍ഒ പ്രതീക്ഷ.