ബെംഗളൂരു : ഇന്ത്യയുടെ അഭിമാന ദൗത്യമായ ചന്ദ്രയാൻ 3 (Chandrayaan 3) ചന്ദ്രോപരിതലത്തിൽ നടത്തിയ ആദ്യ പരിശോധന ഫലം ഐഎസ്ആർഒ (ISRO) പുറത്തുവിട്ടു. ചന്ദ്രനിലെ മണ്ണിന്‍റെ താപവ്യതിയാനം പഠിക്കാൻ വിക്രം ലാൻഡറിൽ സ്ഥാപിച്ച പേലോഡായ ചാസ്‌തെ (ChaSTE) നടത്തിയ നിരീക്ഷണ ഫലങ്ങളാണ് പുറത്ത് വന്ന് തുടങ്ങിയത്. ഇതാദ്യമായാണ് ചന്ദ്രോപരിതലത്തിലെ ദക്ഷിണധ്രുവത്തിന് ചുറ്റുമുള്ള ചന്ദ്ര മണ്ണിന്‍റെ താപനിലയുടെ പരിശോധന നടക്കുന്നത്.
ചന്ദ്രന്‍റെ ഉപരിതലത്തിലും 80 മില്ലിമീറ്റർ വരെ ആഴത്തിലും താപനിലയിൽ വലിയ വ്യത്യാസം ഉള്ളതായി ചാസ്‌തെ നടത്തിയ പഠനത്തിൽ വ്യക്‌തമായിട്ടുണ്ട്. ഇതിന്‍റെ ഗ്രാഫാണ് ഐഎസ്‌ആർഒ പങ്കുവച്ചത്. ചന്ദ്രന്‍റെ ഉപരിതലത്തിലെ ഊഷ്‌മാവ് 60 ഡിഗ്രീ സെൽഷ്യസാണെങ്കിൽ 80 മില്ലീമീറ്റർ താഴെ ഇത് മൈനസ് 10 ഡിഗ്രി സെൽഷ്യസാണ്.
ഓരോ സെന്‍റീമീറ്റർ താഴ്‌ചയിലും ചൂട് കുറയുന്നതായാണ് ഐഎസ്‌ആർഒ പുറത്ത് വിട്ട ചാർട്ടിൽ നിന്ന് വ്യക്‌തമാകുന്നത്. വിവിധ ആഴങ്ങളിലായി നിർണായക വിവരങ്ങളാണ് ചാസ്‌തെ പേലോഡ് സെൻസറുകൾ ശേഖരിച്ചതെന്നും ഈ വിവരങ്ങൾ വിലയിരുത്തുകയാണെന്നും ഐഎസ്ആർഒ അറിയിച്ചു.
ചന്ദ്രോപരിതലത്തിൽ 10 സെന്‍റീമീറ്റർ വരെ ആഴത്തിൽ പരിശോധന നടത്താൻ ചാസ്‌തെയ്‌ക്ക് കഴിയും. 10 സെൻസറുകളും ഇതിൽ സജ്ജമാക്കിയിട്ടുണ്ട്. അഹമ്മദാബാദിലെ പിആർഎല്ലുമായി സഹകരിച്ച് തിരുവനന്തപുരത്തെ വിഎസ്എസ്‌സിയിലെ സ്‌പേസ് ഫിസിക്‌സ് ലബോറട്ടറിയുടെ (എസ്‌പിഎൽ) നേതൃത്വത്തിലുള്ള സംഘമാണ് ചാസ്‌തെ പേലോഡ് വികസിപ്പിച്ചത്.
വിക്രം ലാൻഡറിൽ നാല്, പ്രഗ്യാൻ റോവറിൽ രണ്ട്, ഒരു പ്രൊപ്പൽഷൻ മൊഡ്യൂൾ പേലോഡ് എന്നിങ്ങനെ ഏഴ് പേലോഡുകളാണ് ചന്ദ്രയാൻ 3-ൽ സജ്ജീകരിച്ചിരിക്കുന്നത്. ചന്ദ്രനിലെ മണ്ണ് വിശകലനം ചെയ്യുന്ന ചാസ്‌തെക്കൊപ്പം, വിക്രം രംഭ (അയോണുകളും ഇലക്‌ട്രോണുകളും പഠിക്കാൻ), ഐഎൽഎസ്‌എ (സീസ്‌മിക് ആക്‌റ്റിവിറ്റി പഠിക്കാൻ), നാസയിൽ നിന്ന് എത്തിച്ച പാസീവ് ലേസർ റെട്രോഫ്ലെക്‌ടർ അറേ, എൽആർഎ എന്നിവയാണ് പ്രധാനപ്പെട്ട പേലോഡുകൾ.
ALSO READ :CHANDRAYAAN 3 ISRO SHARES VIDEO OF MOON ചന്ദ്രന്‍റെ പുതിയ ദൃശ്യങ്ങൾ പുറത്തുവിട്ട് ഐഎസ്‌ആർഒ; പര്യവേക്ഷണം ആരംഭിച്ച് പ്രഗ്യാന്‍ റോവര്‍
അഭിമാന ദൗത്യം : ജൂലൈ 14ന് വിക്ഷേപിച്ച ചന്ദ്രയാൻ 3 ഓഗസ്റ്റ് 23 ന് വൈകിട്ട് 6.04നായിരുന്നു വിജയകരമായി ചന്ദ്രനില്‍ ഇറങ്ങിയത്. ഇതോടെ ചന്ദ്രന്‍റെ ദക്ഷിണ ധ്രുവം തൊട്ട ആദ്യ രാജ്യമായി ഇന്ത്യ മാറി. 41 ദിവസം കൊണ്ടാണ് ചന്ദ്രയാൻ ചന്ദ്രന്‍റെ മണ്ണിൽ കാലുകുത്തിയത്. തുടർന്ന് വിക്രം ലാന്‍ഡറിൽ നിന്ന് വേര്‍പെട്ട റോവര്‍ പ്രഗ്യാന്‍ നാല് മണിക്കൂറിന് ശേഷമാണ് ലാന്‍ഡറില്‍ നിന്ന് പുറത്തിറങ്ങിയത്.
കഴിഞ്ഞ ദിവസം വിക്രം ലാന്‍ഡര്‍ ചന്ദ്രന്‍റെ പ്രതലത്തില്‍ ഇറങ്ങുന്നതിന് തൊട്ടുമുന്‍പ് പകര്‍ത്തിയ ദൃശ്യങ്ങൾ ഐഎസ്‌ആർഒ പുറത്തുവിട്ടിരുന്നു. ടച്ച്ഡൗണിന് തൊട്ടുമുമ്പ് ലാൻഡർ ഇമേജർ ക്യാമറ പകർത്തിയ ചന്ദ്രന്‍റെ ദൃശ്യം എന്ന തലക്കെട്ടോടെയാണ് ഐഎസ്‌ആർഒ ഈ ദൃശ്യങ്ങൾ പങ്കുവച്ചത്.
ALSO READ :Pragyan Rover Roaming in Moon ലാന്‍ഡര്‍ വിക്രമില്‍ നിന്ന് റോവര്‍ പുറത്തിറങ്ങി, ചിത്രങ്ങൾ വന്നു തുടങ്ങി