ന്യൂഡൽഹി : ചന്ദ്രനോട് കൂടുതൽ അടുത്ത് ഇന്ത്യയുടെ അഭിമാനമായ ചന്ദ്രയാൻ 3 (Chandrayaan 3). ഇന്ന് പുലർച്ചെ ചന്ദ്രയാൻ അതിന്‍റെ രണ്ടാമത്തേയും അവസാനത്തേയും ഡീബൂസ്‌റ്റിങ് (Final Deboosting) വിജയകരമാരമായി പൂർത്തിയാക്കിയതായി ഇന്ത്യൻ ബഹിരകാശ ഗവേഷണ കേന്ദ്രം (Indian Space Research Organisation) അറിയിച്ചു. അവസാന ഭ്രമണപഥം താഴ്‌ത്തലും വിജയകരമായതോടെ ചന്ദ്രയാൻ 3 നിലവിൽ ചന്ദ്രനിൽ നിന്ന് ഏറ്റവും അടുത്ത ദൂരം 25 കിലോമീറ്ററും ഏറ്റവും അകന്ന ദൂരം 134 കിലോമീറ്ററുമുള്ള ഭ്രമണപഥത്തിലാണ് എത്തിയിട്ടുള്ളത്.
ഓഗസ്‌റ്റ് 23 ഇന്ത്യൻ സമയം വൈകിട്ട് 5.45 നാണ് പേടകത്തിന്‍റെ സോഫ്‌റ്റ് ലാൻഡിങ് (Soft Landing) പ്രതീക്ഷിക്കുന്നത്. നിലവിൽ സോഫ്‌റ്റ് ലാൻഡിങ് നടപടികൾക്കായി ചന്ദ്രനിലെ സൂര്യോദയത്തിനായുള്ള കാത്തിരിപ്പിലാണ് ഐഎസ്‌ആർഒ (ISRO). ഓഗസ്‌റ്റ് 18 നാണ് ചന്ദ്രയാൻ 3 അതിന്‍റെ ആദ്യത്തേതും നിർണായകവുമായ ഡീബൂസ്‌റ്റിങ് വിജയകരമായി നടത്തിയത്.
ഇതിലൂടെ വിക്രം മൊഡ്യൂൾ ചന്ദ്രനിൽ നിന്നും 113 കിലോമീറ്റർ ഏറ്റവും അടുത്ത ദൂരവും 157 കിലോമീറ്റർ ഏറ്റവും അകന്ന ദൂരവുമുള്ള ഭ്രമണപഥത്തിലേക്കാണ് ഇറങ്ങിയത്. പ്രൊപ്പൽഷൻ മൊഡ്യൂളിൽ നിന്ന് വേർപ്പെട്ട് യാത്ര തുടരുന്ന വിക്രം ലാൻഡൽ നിലവിൽ ആസൂത്രണം ചെയ്‌ത അതേ നിലയിലാണ് മുന്നോട്ട് നീങ്ങുന്നത്. ഇന്ത്യയുടെ മൂന്നാമത്തെ ചാന്ദ്ര ദൗത്യമായ ചന്ദ്രയാന്‍റെ പ്രധാന ലക്ഷ്യങ്ങൾ ചന്ദ്രോപരിതലത്തിലെ സോഫ്‌റ്റ് ലാൻഡിങ്, റോവറിന്‍റെ കൃത്യമായ പ്രവർത്തനം, ചന്ദ്രനിൽ നടത്താനുദ്ദേശിക്കുന്ന ശാസ്‌ത്രീയ പരീക്ഷണങ്ങൾ എന്നിവയാണ്.