ന്യൂഡൽഹി : ഉറങ്ങിക്കിടക്കവെ ട്രെയിന്‍ യാത്രക്കാരിയുടെ, 2.5 ലക്ഷം മൂല്യം വരുന്ന സ്വർണം കവർന്നു. കൊച്ചുവേളി രപ്‌തിസാഗർ എക്‌സ്പ്രസിൽ യാത്ര ചെയ്യവെ മഹാരാഷ്‌ട്രയിലെ ബൽഹർഷ റെയിൽവേ സ്റ്റേഷനില്‍ വച്ചാണ് സംഭവം. നാല്‍പതുകാരിയായ ബേബി തിവാരിയാണ് കവര്‍ച്ചയ്‌ക്ക് ഇരയായത്.
ഉത്തർപ്രദേശിലെ ഗൊരഖ്‌പൂരിൽ നിന്ന് തമിഴ്‌നാട്ടിലെ സേലത്തേക്ക് പോകുന്നതിനിടെ തിങ്കളാഴ്ച പുലർച്ചെ നാല് മണിയോടെയാണ് സംഭവം. ഉറങ്ങി കിടക്കുന്നതിനിടെ 20 വയസ് തോന്നിക്കുന്നയാള്‍ തന്‍റെ ആഭരണങ്ങള്‍ അടങ്ങിയ ഹാൻഡ് ബാഗ് തട്ടിപ്പറിച്ചെന്നാണ് സ്‌ത്രീയുടെ പരാതി. നാല് വർഷമായി ഭർത്താവ് ജോലി ചെയ്യുന്ന തിരുച്ചിറപ്പള്ളി ലക്ഷ്യമാക്കിയായിരുന്നു സ്‌ത്രീയുടെ യാത്ര.
ഞായറാഴ്‌ചയാണ് ട്രെയിനില്‍ യാത്ര ആരംഭിച്ചത്. എ.സി കോച്ചില്‍ രണ്ട് കുട്ടികള്‍ക്കൊപ്പമായിരുന്നു സഞ്ചരിച്ചിരുന്നത്. മകന്‍റെ ഉപനയനം (ഹിന്ദു വിഭാഗത്തില്‍ ബാലന്മാരുടെ വേദാധ്യയനത്തിന് തുടക്കംകുറിക്കുന്ന ചടങ്ങ്) ഉൾപ്പെടെയുള്ള വിവിധ ചടങ്ങുകൾക്ക് വേണ്ടിയായിരുന്നു യാത്ര.