അമരാവതി (ആന്ധ്രാപ്രദേശ്): സംസ്ഥാന നൈപുണ്യ വികസന കോർപ്പറേഷൻ (AP Skill Development Corporation) അഴിമതിയുമായി ബന്ധപ്പെട്ട കേസിൽ തെലുഗു ദേശം പാർട്ടി (ടിഡിപി) അധ്യക്ഷനും മുൻ മുഖ്യമന്ത്രിയുമായ എൻ ചന്ദ്രബാബു നായിഡുവിന്‍റെ ജുഡീഷ്യൽ റിമാൻഡ് സെപ്റ്റംബർ 24 വരെ കോടതി നീട്ടി (Chandrababu Naidu's judicial remand has been extended). സെപ്‌റ്റംബർ ഒന്‍പതിനായിരുന്നു ചന്ദ്രബാബു നായിഡുവിനെ ആന്ധ്രാപ്രദേശ് പൊലീസും സി ഐ ഡിയും (Criminal Investigation Department) ചേർന്ന് അറസ്റ്റ് ചെയ്‌തത്. തുടർന്ന് മെഡിക്കൽ പരിശോധനകൾക്ക് ശേഷം സെപ്‌റ്റംബർ 10 ന് രാവിലെ അഴിമതി വിരുദ്ധ ബ്യൂറോ (Anti-Corruption Bureau) കോടതിയിൽ ഹാജരാക്കി. കോടതി 14 ദിവസം റിമാൻഡ് ചെയ്‌ത നായിഡുവിന്‍റെ കസ്റ്റഡി കാലാവധി ഈ മാസം 22 വരെയായിരുന്നു.
സംസ്ഥാന നൈപുണ്യ വികസന കോർപ്പറേഷനുമായി ബന്ധപ്പെട്ട് മുൻ മുഖ്യമന്ത്രിയായ ചന്ദ്രബാബു നായിഡു 250 കോടിയോളം രൂപയുടെ അഴിമതി നടത്തി എന്നതായിരുന്നു കേസ്. 2015 ൽ ആവിഷ്‌കരിച്ച പദ്ധതിക്കായി സര്‍ക്കാര്‍ 3,350 കോടിയുടെ കരാർ ജർമൻ കമ്പനിയുമായി ഒപ്പിട്ടിരുന്നു. ചന്ദ്രബാബു നായിഡുവിന്‍റെ നേതൃത്വത്തിലുണ്ടായിരുന്ന സർക്കാർ ഈ തുകയിൽ നിന്നും കോടികൾ വകമാറ്റിയെന്നാണ് സി ഐ ഡി കണ്ടെത്തിയത്. എന്നാൽ, തട്ടിപ്പിലൂടെ സംസ്ഥാന സർക്കാരിന് 300 കോടിയിലധികം രൂപയുടെ നഷ്‌ടമുണ്ടായതായി അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.
സർക്കാർ അഡ്വാൻസ് ആയി നൽകിയ പണത്തിന്‍റെ ഭൂരിഭാഗവും വ്യാജ ഇൻവോയ്‌സുകൾ വഴി ഷെൽ കമ്പനികളിലേക്ക് വകമാറ്റിയെന്നും ഇൻവോയ്‌സുകളിൽ പറഞ്ഞിരിക്കുന്ന സാധനങ്ങളുടെ യഥാർഥ ഡെലിവറിയോ വിൽപനയോ നടന്നിട്ടില്ലെന്നും ഉദ്യോഗസ്ഥർ അവകാശപ്പെട്ടു. അതേസമയം, ചന്ദ്രബാബു നായിഡുവിന്‍റെ അറസ്‌റ്റിൽ ടിഡിപി (Telugu Desam Party) പ്രവർത്തകർ വലിയ പ്രതിഷേധം നടത്തിയിരുന്നു. പൊതുപ്രവർത്തകനെന്ന നിലയിൽ വിശ്വാസ വഞ്ചന നടത്തിയതിന് ജാമ്യമില്ല വകുപ്പ് ചുമത്തിയാണ് ചന്ദ്രബാബുവിനെ റിമാൻഡ് ചെയ്‌തിരുന്നത്. കള്ളക്കേസ് ചുമത്തിയാണ് അറസ്‌റ്റെന്ന് ചന്ദ്രബാബുവും അറസ്‌റ്റ് നിയമവിരുദ്ധമാണെന്ന് പ്രതിഭാഗം അഭിഭാഷകനും വാദിച്ചെങ്കിലും ശ്രമം വിഫലമായി.