അമരാവതി:രാജമഹേന്ദ്രവാരം സെന്‍ട്രല്‍ ജയിലില്‍ പാര്‍പ്പിച്ചിരിക്കുന്ന ആന്ധ്ര മുന്‍ മുഖ്യമന്ത്രി എന്‍ ചന്ദ്രബാബു നായിഡുവിന്‍റെ ജീവന്‍ ഭീഷണിയിലെന്ന് റിപ്പോര്‍ട്ട്. മാവോയിസ്റ്റുകളുടെ ഹിറ്റ് ലിസ്റ്റിലുള്ള ചന്ദ്രബാബു നായിഡു അതേ മാവോയിസ്റ്റുകളെയടക്കം പാര്‍പ്പിച്ചിരിക്കുന്ന ജയിലിലാണ് റിമാൻഡില്‍ കഴിയുന്നത്. കൊടും ക്രിമിനലുകളും കൊലപാതകികളും റൗഡികളും കഞ്ചാവ് കള്ളക്കടത്തുകാരും ഒക്കെ കഴിയുന്ന രാജമഹേന്ദ്രവാരം സെന്‍ട്രല്‍ ജയിലില്‍ ആന്ധ്ര മുന്‍ മുഖ്യമന്ത്രി ഒട്ടും സുരക്ഷിതനല്ലെന്നാണ് ടിഡിപി ആരോപിക്കുന്നത്.
ജയിലില്‍ അദ്ദേഹത്തിന് അനുവദിച്ചിരിക്കുന്ന ബാരക്ക് വിട്ട് പുറത്തു പോകരുതെന്ന് ജയില്‍ അധികൃതര്‍ നായിഡുവിനോട് നിര്‍ദ്ദേശിച്ചിരിക്കുന്നതായാണ് അറിയുന്നത്. ചന്ദ്രബാബു നായിഡു ജയിലിലും ഭീഷണി നേരിടുന്നത് കാരണമാണ് ഈ നീക്കമെന്നാണ് കരുതുന്നത്. എന്‍എസ്‌ജി കമാൻഡോകളുടെ സുരക്ഷയില്‍ കഴിഞ്ഞിരുന്ന നായിഡുവിന് സുരക്ഷയൊരുക്കാന്‍ ജയിലില്‍ നാലോ അഞ്ചോ വാര്‍ഡന്‍മാരെയാണ് നിയോഗിച്ചിരിക്കുന്നത്.
മാവോയിസ്റ്റ് ഭീഷണിയെത്തുടര്‍ന്ന് 20 വര്‍ഷം മുമ്പാണ് ചന്ദ്രബാബു നായിഡുവിന് ഇസെഡ് പ്ലസ് കാറ്റഗറി സുരക്ഷ നല്‍കാന്‍ തീരുമാനിച്ചത്. അന്ന് ആലിപ്പിരിയില്‍ ചന്ദ്രബാബു നായിഡുവിനു നേരെ മോവോയിസ്റ്റുകള്‍ ബോംബാക്രമണം നടത്തിയിരുന്നു. ഇതേത്തുടര്‍ന്നാണ് ആഭ്യന്തര മന്ത്രാലയം അദ്ദേഹത്തിന് ഇസെഡ് പ്ലസ് കാറ്റഗറി സുരക്ഷ നല്‍കാന്‍ തീരുമാനിച്ചത്.
ഇതേത്തുടര്‍ന്ന് കഴിഞ്ഞ 20 വര്‍ഷത്തോളമായി എന്‍എസ്‌ജി കമാന്‍ഡോകളുടെ സുരക്ഷയിലായിരുന്നു ചന്ദ്ര ബാബു നായിഡു. രാജമഹേന്ദ്രവാരം സെന്‍ട്രല്‍ ജയിലില്‍ കാലത്ത് ആറ് മുതല്‍ വൈകിട്ട് ആറ് വരെ മിക്കവാറും എല്ലാ തടവുകാരും ലോക്കപ്പിന് പുറത്താണ് കഴിയുന്നത്. കൊടും ക്രിമിനലുകള്‍ അടക്കമുള്ളവര്‍ ഈ സമയം പുറത്തായിരിക്കും. നാല് വാര്‍ഡന്‍മാരെ വെച്ച് ചന്ദ്ര ബാബു നായിഡുവിന് സുരക്ഷ ഒരുക്കുക ബുദ്ധിമുട്ടാകുമെന്നാണ് ടിഡിപി നേതാക്കള്‍ പറയുന്നത്.
നിലവില്‍ത്തന്നെ വാര്‍ഡന്‍മാരുടെ ക്ഷാമം നേരിടുന്ന രാജമഹേന്ദ്രവാരം സെന്‍ട്രല്‍ ജയിലില്‍ തടവുകാരാണ് വാര്‍ഡന്‍മാരുടെ കൂടി ജോലി നോക്കുന്നതെന്നും ടിഡിപി നേതാക്കള്‍ ആരോപിക്കുന്നു. രാജമഹേന്ദ്രവാരം സെന്‍ട്രല്‍ ജയിലില്‍ ഭരണ കക്ഷിയായ വൈഎസ്ആര്‍ പാര്‍ട്ടിയുടെ ആളുകളാണ് കാര്യങ്ങള്‍ നിയന്ത്രിക്കുന്നതെന്ന് മുന്‍ ആഭ്യന്തര മന്ത്രി ചിന്നരാജപ്പ ആരോപിച്ചു. ജയിലില്‍ ചന്ദ്ര ബാബു നായിഡുവിനെ അപായപ്പെടുത്താനുള്ള സാധ്യത ഏറെയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഈ ആരോപണങ്ങള്‍ക്കിടെ കോസ്റ്റല്‍ ആന്ധ്ര ജയില്‍ ഡിഐജി രവികിരണ്‍ ഇന്നലെ (സെപ്റ്റംബർ 13) രാവിലെ സെന്‍ട്രല്‍ ജയിലില്‍ പരിശോധന നടത്തിയിരുന്നു. പരിശോധനയെപ്പറ്റി എന്തെങ്കിലും പ്രതികരണം നടത്താൻ ഡിഐജി തയ്യാറായില്ല. ജയിലില്‍ ചന്ദ്ര ബാബു നായിഡുവിനെ പാര്‍പ്പിച്ചിരിക്കുന്ന സ്നേഹ ബ്ലോക്കില്‍ സിസിടിവി ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്.
മുറിക്കകത്തും സിസിടിവി ക്യാമറ സ്ഥാപിച്ചതിനെ നായിഡു എതിര്‍ത്തതായി റിപ്പോര്‍ട്ടുണ്ട്. 14 വര്‍ഷം ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ആയിരുന്ന 74കാരനായ നായിഡു നിലവില്‍ പ്രതിപക്ഷ നേതാവാണ്. പലവിധ രോഗങ്ങളാല്‍ ബുദ്ധിമുട്ടുന്ന അദ്ദേഹം സാധാരണ ബാരക്കില്‍ സാധാരണ തടവുകാരെപ്പോലെയാണ് കഴിയുന്നത്. ജയിലില്‍ കാറ്റഗറി വണ്‍ സൗകര്യങ്ങള്‍ക്ക് അദ്ദേഹത്തിന് അര്‍ഹതയുണ്ടെങ്കിലും രാജമഹേന്ദ്രവാരം സെന്‍ട്രല്‍ ജയിലില്‍ നായിഡുവിന് അതൊക്കെ നിഷേധിക്കപ്പെട്ടിരിക്കുകയാണ്.
ഒരു ഫാനും കിടക്കയും മാത്രമാണ് ബാരക്കില്‍ അദ്ദേഹത്തിന് അനുവദിച്ചിരിക്കുന്നതെന്ന് കഴിഞ്ഞ ദിവസം ചന്ദ്ര ബാബു നായിഡുവിനെ സന്ദര്‍ശിച്ച പത്നി ഭുവനേശ്വരി മാധ്യമങ്ങളോട് പറഞ്ഞിരുന്നു. 60 വയസ്സിന് മുകളിലുള്ള തടവുകാര്‍ക്ക് കുളിക്കാന്‍ ചൂടുവെള്ളം നല്‍കാന്‍ വ്യവസ്ഥയുണ്ടെങ്കിലും ചന്ദ്രബാബു നായിഡുവിന് കുളിക്കാന്‍ പച്ച വെള്ളമാണ് നല്‍കുന്നത്. സര്‍ക്കാര്‍ മാര്‍ഗ നിര്‍ദേശ പ്രകാരമുള്ള വൈദ്യ സഹായം ജയിലില്‍ മുന്‍ മുഖ്യമന്ത്രിക്ക് നല്‍കുന്നുണ്ടെങ്കിലും സുരക്ഷ കാരണങ്ങളാല്‍ അത്തരം ടെസ്റ്റുകള്‍ക്ക് നായിഡു വഴങ്ങുന്നില്ലെന്നും സൂചനകളുണ്ട്.
Also read :Chandrababu Naidu Petition In AP High Court: കേസ് തള്ളണമെന്നാവശ്യപ്പെട്ട് ചന്ദ്രബാബു നായിഡു ഹൈക്കോടതിയില്‍; സമയം തേടി സിഐഡി