ന്യൂഡല്‍ഹി : ഫൈബര്‍ നെറ്റ് അഴിമതി കേസില്‍ ആന്ധ്രാപ്രദേശ് മുന്‍ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി നവംബര്‍ ഒന്‍പതിലേക്ക് മാറ്റി (Chandrababu Naidu Fiber Net Scam). കേസില്‍ മുന്‍കൂര്‍ ജാമ്യം നിരസിച്ച ആന്ധ്രാപ്രദേശ് ഹൈക്കോടതി ഉത്തരവിനെതിരെ സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചാണ് സുപ്രീം കോടതി നടപടി. നവംബര്‍ ഒന്‍പത് വരെ ചന്ദ്രബാബു നായിഡുവിന്‍റെ അറസ്റ്റ് ഉണ്ടാകില്ല (SC On Chandrababu Naidu Fiber Net Scam).
ജസ്റ്റിസ് അനിരുദ്ധ ബോസ്, ജസ്റ്റിസ് ബേല എം ത്രിവേദി എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. ചന്ദ്രബാബു നായിഡുവിന് വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ സിദ്ധാര്‍ഥ് ലൂത്ര ഹാജരായി. തന്‍റെ കക്ഷിക്ക് അറസ്റ്റില്‍ നിന്ന് ഇടക്കാല സംരക്ഷണം വേണമെന്ന് ലൂത്ര ആവശ്യപ്പെട്ടു. അതേസമയം ആന്ധ്രാപ്രദേശ് സര്‍ക്കാരിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ ലൂത്രയുടെ വാദത്തെ എതിര്‍ത്തു.
ഒരാള്‍ കസ്റ്റഡിയില്‍ ഇരിക്കുമ്പോള്‍ അറസ്റ്റിനെ കുറിച്ചുള്ള ചോദ്യം ഉയരുന്നില്ലെന്ന് സംസ്ഥാനത്തിനായി ഹാജരായ അഭിഭാഷകന്‍ പറഞ്ഞു. കേസില്‍ ചന്ദ്രബാബു നായിഡുവിനെ അറസ്റ്റ് ചെയ്യേണ്ടതിന്‍റെ ആവശ്യകതയെ ചോദ്യം ചെയ്‌ത ബെഞ്ച് അദ്ദേഹം ഇതിനകം കസ്റ്റഡിയില്‍ ആണെന്നും അദ്ദേഹത്തെ ചോദ്യം ചെയ്യാമെന്നും നിരീക്ഷിച്ചു.
ഫൈബര്‍നെറ്റ് അഴിമതി കേസിന് പുറമെ അമരാവതി ഇന്നര്‍ റിങ് റോഡ് കേസിലും അംഗല്ലു ആക്രമണ കേസിലും നായിഡു സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷകള്‍ നേരത്തെ ഹൈക്കോടതി തള്ളിയിരുന്നു. അമരാവതി തലസ്ഥാന നഗരം പദ്ധതിയുടെ മറവില്‍ നടന്ന ക്രമക്കേടുകളുടെ പേരില്‍ 2022 മെയ് 9 നാണ് വൈഎസ്ആര്‍ കോണ്‍ഗ്രസ് എംഎല്‍എ അല്ല രാമകൃഷ്‌ണ റെഡ്ഡിയുടെ പരാതിയില്‍ ആന്ധ്ര സിഐഡി ചന്ദ്രബാബു നായിഡുവിനെ ഒന്നാം പ്രതിയാക്കി കേസ് ചാര്‍ജ് ചെയ്‌തത് (cases against Chandrababu Naidu).
ചന്ദ്രബാബു നായിഡുവിന് പുറമെ നിരവധി പേരെയാണ് പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. അമരാവതിയിലേക്കുള്ള ഇന്നര്‍ റിങ് റോഡിന്‍റെ ഡിസൈനിലും അപ്രോച്ച് റോഡുകളുടെ അലൈന്‍മെന്‍റിലും ക്രമക്കേടുണ്ടെന്നായിരുന്നു ഉന്നയിക്കപ്പെട്ട പരാതി. ഹൈക്കോടതിയില്‍ ഫൈബര്‍ നെറ്റ് കേസിലെ ഹര്‍ജി പരിഗണിച്ചപ്പോള്‍, സര്‍ക്കാര്‍ എടുക്കുന്ന നയപരമായ തീരുമാനങ്ങള്‍ക്ക് മുഖ്യമന്ത്രിയെ പ്രതിയാക്കാനാവില്ലെന്ന് നായിഡുവിന്‍റെ അഭിഭാഷകരായ സിദ്ധാര്‍ഥ് ലൂത്രയും സിദ്ധാര്‍ഥ അഗര്‍വാളും വാദിച്ചു.
കേസ് രാഷ്ട്രീയ പകപോക്കലിന്‍റെ ഭാഗം മാത്രമാണെന്നായിരുന്നു അഭിഭാഷകരുടെ വാദം. രണ്ടു വര്‍ഷം മുമ്പ് വരെ കേസില്‍ ചന്ദ്രബാബു നായിഡുവിന് നോട്ടിസ് പോലും നല്‍കിയിരുന്നില്ലെന്നും കേസില്‍ അദ്ദേഹത്തെ പെട്ടെന്ന് ഉള്‍പ്പെടുത്തുകയായിരുന്നുവെന്നും അഭിഭാഷകര്‍ വാദിച്ചു. എന്നാല്‍ വിശദമായ അന്വേഷണത്തിനൊടുവിലാണ് കേസില്‍ ചന്ദ്രബാബു നായിഡുവിന്‍റെ പങ്ക് വ്യക്തമായതെന്ന് അഡ്വക്കേറ്റ് ജനറല്‍ ശ്രീറാം ഹൈക്കോടതിയില്‍ വ്യക്തമാക്കി. തുടര്‍ന്നായിരുന്നു ഹൈക്കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയത്.