അമരാവതി :ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയും വൈഎസ്‌ആര്‍ കോണ്‍ഗ്രസ് (YSR Congress Party) അധ്യക്ഷനുമായ വൈ.എസ് ജഗന്‍മോഹന്‍ റെഡ്ഡി (YS Jagan Mohan Reddy), റാമോജി ഫിലിം സിറ്റിയുടെയും (Ramoji Film City) ഇടിവി നെറ്റ്‌വര്‍ക്കിന്‍റെയും (ETV Network) ഉടമ റാമോജി റാവുവിനെ ഉപദ്രവിക്കുകയാണെന്ന് എൻ. ചന്ദ്രബാബു നായിഡു. വൈഎസ്‌ആര്‍ കോണ്‍ഗ്രസ് പാര്‍ട്ടിയിലെ അഴിമതികളും വൃത്തികേടുകളും തുറന്നുകാട്ടിയതിനാണ് അദ്ദേഹം റാമോജി റാവുവിനെ (Ramoji Rao) ഉപദ്രവിക്കുന്നതെന്നും ആന്ധ്രാപ്രദേശ് മുന്‍ മുഖ്യമന്ത്രിയും തെലുഗു ദേശം പാര്‍ട്ടി തലവനുമായ എൻ. ചന്ദ്രബാബു നായിഡു (N Chandrababu Naidu) കുറ്റപ്പെടുത്തി. എക്‌സില്‍ (പഴയ ട്വിറ്റര്‍) പങ്കുവച്ച നീളന്‍ കുറിപ്പിലാണ് ചന്ദ്രബാബു നായിഡു, ജഗന്‍മോഹന്‍ റെഡ്ഡിക്കെതിരെ ആഞ്ഞടിച്ചത്.
വിമര്‍ശനം ഇങ്ങനെ : ഒരു ഏകാധിപതിയെ പോലെയാണ് അദ്ദേഹം പെരുമാറുന്നത്. അദ്ദേഹത്തെ പുകഴ്‌ത്തുന്ന മാധ്യമങ്ങളെ അനുകൂലിക്കും. വൈഎസ്‌ആര്‍സിപിയിലെ അഴിമതികളും വൃത്തികേടുകളും ചോദ്യം ചെയ്യുന്ന ഈനാടു പോലുള്ള മാധ്യമങ്ങളെ അദ്ദേഹം ഉപദ്രവിക്കുകയും ചെയ്യും. സ്ഥാപനങ്ങളെ തകര്‍ക്കാനുള്ള പ്രവണതയുമായി മുന്നോട്ടുപോവുന്ന വൈ.എസ് ജഗന്‍, നിലവില്‍ ജനാധിപത്യത്തിന്‍റെ നാലാം തൂണായ മാധ്യമങ്ങളെ തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്നും എൻ. ചന്ദ്രബാബു നായിഡു കുറ്റപ്പെടുത്തി.
അപലപിച്ച് ചന്ദ്രബാബു നായിഡു : സ്വന്തം പരാജയങ്ങളാലും കടുത്ത ഭരണവിരുദ്ധ വികാരം കൊണ്ടുമുള്ള അസ്വസ്ഥതയാണ്, അറുപത് വർഷമായി തെലുഗു ജനതയെ ഉത്തരവാദിത്ത ബോധത്തോടെ സേവിക്കുകയും കളങ്കമില്ലാതെ തുടര്‍ന്ന് പ്രശസ്‌തി നേടുകയും ചെയ്യുന്ന മാര്‍ഗദര്‍ശി പോലെ ദീര്‍ഘകാലമായി പ്രവര്‍ത്തനം തുടരുന്ന പ്രസ്ഥാനങ്ങളെ അദ്ദേഹം ലക്ഷ്യമിടുന്നത്. മാധ്യമപ്രവര്‍ത്തനം, സാഹിത്യം, വിദ്യാഭ്യാസം എന്നീ മേഖലകളിലെ സംഭാവനകള്‍ക്ക് ഇന്ത്യയുടെ രണ്ടാമത്തെ പരമോന്നത സിവിലിയന്‍ ബഹുമതിയായ പത്മവിഭൂഷണ്‍ നല്‍കി രാജ്യം ആദരിച്ച, സത്യനിഷ്‌ഠയും മൂല്യങ്ങളും തത്വങ്ങളും ഉയര്‍ത്തിപ്പിടിക്കുന്ന റാമോജി റാവു ഗാരുവിന് നേരെയുള്ള വൈഎസ്‌ആര്‍സിപിയുടെ ആക്രമണങ്ങളെ ഞാന്‍ ശക്തമായി അപലപിക്കുന്നു.
ഇത്തരം ദുഷ്‌പ്രവര്‍ത്തികള്‍ വൈഎസ് ജഗന്‍ മോഹന്‍ റെഡ്ഡിയെ പരാജയപ്പെടുത്തുമെന്നും അത് അദ്ദേഹത്തിന്‍റെ കവിളത്ത് പതിയുമെന്നും ചന്ദ്രബാബു നായിഡു അഭിപ്രായപ്പെട്ടു. തിന്മകള്‍ എന്നും തോല്‍വി അറിയുമെന്നും നന്മ ഒടുവില്‍ വിജയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കുറിപ്പില്‍ ഒതുങ്ങുന്നില്ല : ഇടിവി നെറ്റ്‌വര്‍ക്ക് ഉടമയും മാധ്യമ വ്യവസായ മേഖലയിലെ വമ്പന്‍മാരില്‍ ഒരാളുമായ റാമോജി റാവു, മുന്‍ രാഷ്‌ട്രപതി പ്രണബ് മുഖര്‍ജിയില്‍ (Pranab Mukherjee) നിന്ന് പത്മവിഭൂഷണ്‍ (Padma Vibhushan) ഏറ്റുവാങ്ങുന്ന ചിത്രവും ചന്ദ്രബാബു നായിഡു ഈ കുറിപ്പിനൊപ്പം പങ്കുവച്ചിരുന്നു. മാത്രമല്ല #TeluguPeopleWithRamojiRao എന്ന ഹാഷ്‌ടാഗും അദ്ദേഹം ഇതിനൊപ്പം ചേര്‍ത്തു. റാമോജി റാവു ചെയര്‍മാനായ ഈനാടു ഗ്രൂപ്പിന്‍റെ (Eenadu Group) ഉടമസ്ഥതയിലുള്ള മാര്‍ഗദര്‍ശി ചിറ്റ് ഫണ്ട് പ്രൈവറ്റ് ലിമിറ്റഡിനെതിരെ (Margadarsi Chit Fund) ആന്ധ്രാപ്രദേശ് സിഐഡി മൂന്ന് എഫ്‌ഐആറുകള്‍ കൂടി രജിസ്‌റ്റര്‍ ചെയ്‌തതിന് തൊട്ടുപിന്നാലെയാണ് എൻ. ചന്ദ്രബാബു നായിഡു പ്രതികരണവുമായി രംഗത്തെത്തിയത്.