ന്യൂഡല്‍ഹി: ഡൽഹിയിലെ ഏറ്റവും തിരക്കേറിയ പ്രദേശമാണ് ചാന്ദ്‌നി ചൗക്ക്. ചെങ്കോട്ടയിൽ നിന്ന് ആരംഭിച്ച് ജൈന ക്ഷേത്രം, ഗൗരി ശങ്കർ ക്ഷേത്രം, ശീഷ്‌ഗഞ്ച് ഗുരുദ്വാര വഴി ഫത്തേപുരി മസ്‌ജിദ് വരെയുള്ള പ്രദേശമാണ് ചാന്ദ്‌നി ചൗക്ക് എന്നറിയപ്പെടുന്നത്. ചാന്ദ്‌നി ചൗക്കിലെ നീണ്ട് പരന്ന് കിടക്കുന്ന കടകളാണ് അതിന്‍റെ പ്രധാന സവിശേഷത. വാണിജ്യ കേന്ദ്രങ്ങളുടെ ഇടം എന്നതിലുപരി ഭക്ഷണം, കല, സാഹിത്യം എന്നിവയുടെ കേന്ദ്രം കൂടിയാണ് ചാന്ദ്‌നി ചൗക്ക്.
മുഗള്‍ ഭരണം മുതല്‍ ജനാധിപത്യം വരെയുള്ള ഭരണ മാറ്റങ്ങള്‍ക്ക് സാക്ഷിയായ ചാന്ദ്‌നി ചൗക്കിന് രാജ്യതലസ്ഥാനത്തിന്‍റെ ചരിത്രത്തിൽ നിര്‍ണായക സ്ഥാനമുണ്ട്. ചാന്ദ്‌നി ചൗക്കിനോട് ചേർന്നുള്ള ബല്ലിമാരൻ പ്രദേശത്താണ് പ്രശസ്‌ത ഉറുദു കവി മിർസ ഗാലിബ് താമസിച്ചിരുന്നത്.
ഡല്‍ഹിയിലെ ഭരണ മാറ്റങ്ങള്‍ക്ക് സാക്ഷിയായ ചാന്ദ്നി ചൗക്ക് 17-ാം നൂറ്റാണ്ടിൽ മുഗൾ ചക്രവർത്തി ഷാജഹാന്‍റെ മകൾ ജഹനാര ബീഗമാണ് പഴയ ഡൽഹിയിൽ ചാന്ദ്‌നി ചൗക്ക് ബസാർ സ്ഥാപിച്ചത്. ഷാജഹാനാബാദ് എന്ന് പേരിലാണ് അന്ന് അതറിയപ്പെട്ടിരുന്നത്. പിന്നീട് ബസാറിന് ചുറ്റുമുള്ള പ്രദേശം മുഴുവൻ ചാന്ദ്‌നി ചൗക്ക് എന്നറിയപ്പെട്ടു.
ബസാറിന് പുറമേ ഹമാമും വിശ്രമസ്ഥലവും ഉൾപ്പെടെ നിരവധി കെട്ടിടങ്ങളും ജഹനാര സ്ഥാപിച്ചു. 1857ലെ സ്വാതന്ത്ര്യ സമരത്തിന് പിന്നാലെ ബ്രിട്ടീഷുകാർ ഈ കെട്ടിടങ്ങളിൽ ചിലത് പൊളിച്ച് ടൗൺ ഹാൾ, ഘണ്ടാ ഘർ തുടങ്ങിയ കെട്ടിടങ്ങൾ പണിതു.
മുഗൾ സാമ്രാജ്യത്തിന്റെ തലസ്ഥാനം മാറ്റണമെന്ന ഷാജഹാന്‍റെ സ്വപ്‌നം 1649ൽ പൂർത്തീകരിച്ച് ഒരു വർഷത്തിനു ശേഷമാണ് ചാന്ദ്‌നി ചൗക്ക് നിലവിൽ വന്നത്. ചെങ്കോട്ടയിൽ നിന്ന് ഫത്തേപുരി മസ്‌ജിദിലേക്കുള്ള റോഡിൽ യമുനയിൽ നിന്ന് ഒഴുകുന്ന ഒരു കനാൽ ഉണ്ടായിരുന്നു. 1911ൽ ബ്രിട്ടീഷുകാർ ഭരണസിരാകേന്ദ്രം ഡൽഹിയാക്കിയപ്പോള്‍ കനാലുള്ള സ്ഥലത്ത് ട്രാമുകൾ ഓടിത്തുടങ്ങി.
വിഭജനത്തിന് ശേഷം ഡൽഹിയിലെത്തിയ അഭയാർഥികൾ ഇവിടെ കടകൾ നടത്തിത്തുടങ്ങി. ഇതിന് ശേഷമാണ് ചാന്ദ്‌നി ചൗക്ക് വ്യാപാര കേന്ദ്രമായി അറിയപ്പെടാന്‍ തുടങ്ങുന്നത്. ബല്ലിമാരൻ ഗലി, ഖാരി ബാവോലി, കിനാരി ബസാർ, മോട്ടി ബസാർ തുടങ്ങിയ പ്രദേശങ്ങളാണ് ചാന്ദ്‌നി ചൗക്കിനെ ഡല്‍ഹിയിലെ മറ്റ് പ്രദേശങ്ങളില്‍ നിന്ന് വേറിട്ടതാക്കുന്നത്. അടിമത്തം മുതൽ സ്വാതന്ത്ര്യത്തിന്‍റെ പൊന്‍ പുലരിക്ക് വരെ സാക്ഷിയായ ചാന്ദ്‌നി ചൗക്കിന് ഇന്ത്യയുടെ സാംസ്‌കാരിക പൈതൃകം സംരക്ഷിക്കുന്നതില്‍ പ്രധാന പങ്കുണ്ട്.
Also read:1857 ലെ ഒന്നാം സ്വാതന്ത്യ്ര സമരം; രാജ്യ മോചനത്തിന് വിത്തുപാകിയ വിപ്ലവം