ചണ്ഡീഗഡ്: ഇന്ന് നടക്കാനിരുന്ന ചണ്ഡീഗഡ് മുൻസിപ്പൽ കോർപ്പറേഷൻ മേയർ തെരഞ്ഞെടുപ്പ് (chandigarh mayor election) മാറ്റിവച്ചു. നോമിനേറ്റഡ് പ്രിസൈഡിങ് ഓഫിസറുടെ അനാരോഗ്യം കണക്കിലെടുത്താണ് അടുത്ത ഉത്തരവുണ്ടാകുന്നത് വരെ തെരഞ്ഞെടുപ്പ് മാറ്റിവച്ചത്. തെരഞ്ഞെടുപ്പ് മാറ്റിവച്ചതിന് പിന്നിൽ ബിജെപിയാണെന്നാണ് ആം ആദ്‌മി പാർട്ടി (AAP) കോൺഗ്രസ് (Congress) സഖ്യത്തിന്‍റെ ആരോപണം.
തെരഞ്ഞെടുപ്പിൽ ബിജെപി പരാജയപ്പെടുമെന്ന് അവർക്ക് തന്നെ ഉറപ്പാണ്. അതുകൊണ്ടാണ് ബിജെപി ഇടപെട്ട് തെരഞ്ഞെടുപ്പ് മാറ്റിവച്ചതെന്നാണ് ആം ആദ്‌മി ആരോപിക്കുന്നത്. കോൺഗ്രസുമായി സഖ്യമുണ്ടാക്കിയാണ് ആം ആദ്‌മി മേയർ തെരഞ്ഞെടുപ്പിനെ നേരിടുന്നത്. കോൺഗ്രസ്-എഎപി സഖ്യ ധാരണ പ്രകാരം, ആം ആദ്‌മി പാർട്ടി (എഎപി) മേയർ സ്ഥാനത്തേക്കും, സീനിയർ ഡെപ്യൂട്ടി മേയർ, ഡെപ്യൂട്ടി മേയർ സ്ഥാനങ്ങളിലേക്ക് കോൺഗ്രസും മത്സരിക്കും.
ആം ആദ്‌മി അംഗങ്ങൾ കോൺഗ്രസിനും കോൺഗ്രസ് അംഗങ്ങൾ ആം ആദ്‌മി പാർട്ടി സ്ഥാനാർഥികൾക്കും വോട്ട് രേഖപ്പെടുത്തും. 35 അംഗ കോർപ്പറേഷനിൽ ബിജെപിയ്ക്കുളളത് 14 അംഗങ്ങളാണ്. ആം ആദ്‌മിയ്ക്ക് 13ഉം കോൺഗ്രസിന് 7 അംഗങ്ങളുമുണ്ട്. ഒരുമിച്ച് മത്സരിക്കുന്നതോടെ കോൺഗ്രസ്-ആം ആദ്‌മി പാര്‍ട്ടി സഖ്യം ഭൂരിപക്ഷം ഉറപ്പിച്ചിട്ടുള്ളതിനാലാണ് തെരഞ്ഞെടുപ്പ് മാറ്റിവക്കാൻ ബിജെപി പദ്ധതിയിട്ടതെന്നാണ് ആരോപണം.