ചണ്ഡിഗഡ് :റോഡരികിൽ നിന്ന് തെരുവുനായകള്‍ക്ക് ഭക്ഷണം നൽകുന്നതിനിടെ യുവതിയെ കാര്‍ ഇടിച്ചുതെറിപ്പിച്ച സംഭവത്തില്‍ സിസിടിവി ദൃശ്യം പുറത്ത്. അമിതവേഗതയിലെത്തിയ മഹീന്ദ്ര എസ്‌യുവി ഥാര്‍ വാഹനം ഇടിച്ച ശേഷം നിര്‍ത്താതെ പോവുകയായിരുന്നു. ജനുവരി 14നുണ്ടായ സംഭവത്തില്‍, തലയ്‌ക്ക് പരിക്കേറ്റ ചണ്ഡിഗഡ് സ്വദേശി തേജശ്വിത (25) ആശുപത്രിയില്‍ ചികിത്സയിലാണ്.
Video | യുവതിയെ ഇടിച്ചുതെറിപ്പിച്ച് കാര്‍, സംഭവം തെരുവുനായകള്‍ക്ക് ഭക്ഷണം നൽകവെ ; സിസിടിവി ദൃശ്യം പുറത്ത് - വേഗതയില്‍ വന്ന വാഹനം യുവതിയെ ഇടിച്ചു
ഇക്കഴിഞ്ഞ 14ാം തിയതി ചണ്ഡിഗഡില്‍ റോഡിന്‍റെ സമീപത്തുനിന്ന് തെരുവുനായകള്‍ക്ക് ഭക്ഷണം നല്‍കവെയാണ് വേഗതയില്‍ വന്ന വാഹനം യുവതിയെ ഇടിച്ചുതെറിപ്പിച്ചത്
യുവതിയും അമ്മ മഞ്ജീന്ദറും തെരുവുനായകള്‍ക്ക് ഭക്ഷണം നല്‍കുന്നത് പതിവായിരുന്നു. 14ാം തിയതി സംഭവം നടക്കുമ്പോള്‍ അമ്മ സമീപത്ത് ഉണ്ടായിരുന്നതിനാല്‍ യുവതിയെ അടിയന്തരമായി ആശുപത്രിയില്‍ എത്തിക്കാനായി. അപകടം നടന്നയുടനെ മഞ്ജീന്ദർ റോഡിലൂടെ വാഹനങ്ങളില്‍ പോയവരോട് സഹായം തേടിയെങ്കിലും ആരും നിര്‍ത്താന്‍ തയ്യാറായിരുന്നില്ല. തുടർന്ന്, ഭർത്താവിനേയും പൊലീസ് കൺട്രോൾ റൂമിനെയും ഫോണില്‍ വിവരമറിയിക്കുകയായിരുന്നു.
സംഭവത്തില്‍ പൊലീസ് കേസെടുത്തെങ്കിലും വാഹനം കണ്ടെത്താനോ പ്രതിയെ അറസ്റ്റുചെയ്യാനോ കഴിഞ്ഞിട്ടില്ല. 'പരിക്ക് സാരമുള്ളതല്ലെന്ന് ഡോക്‌ടർ അറിയിച്ചിട്ടുണ്ട്. ഡ്രൈവറെ പിടികൂടാനും വാഹനം തിരിച്ചറിയാനുമുള്ള ശ്രമം തുടരുകയാണ്' - പൊലീസ് ഉദ്യോഗസ്ഥന്‍ മാധ്യമങ്ങളോട് പറഞ്ഞു.