ന്യൂഡൽഹി:കേരള തീരപ്രദേശങ്ങളുൾപ്പെടെ രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ വെള്ളിയാഴ്‌ച കനത്ത മഴയ്‌ക്ക് സാധ്യതയെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) അറിയിച്ചു. പശ്ചിമ ബംഗാൾ, സിക്കിം, അരുണാചൽ പ്രദേശ്, അസം, മേഘാലയ എന്നീ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും ആന്ധ്രാപ്രദേശിലെ യനം, റായലസീമ ഉൾപ്പെട്ട തീരപ്രദേശങ്ങളിലും കേരളം, കർണാടക, മാഹി തീരപ്രദേശങ്ങളിലുമാണ് കനത്ത മഴയ്‌ക്ക് സാധ്യത അറിയിച്ചിരിക്കുന്നത്.
ഹരിയാന, ചണ്ഡിഗഡ്, ഡൽഹി, ബിഹാർ, ജാർഖണ്ഡ്, ഗംഗാറ്റിക് പശ്ചിമ ബംഗാൾ, ഒഡീഷ, അസം, മേഘാലയ, തെലങ്കാന, റയലസീമ, കേരളം, മാഹി എന്നിവിടങ്ങളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇടിമിന്നലും 30-40 കിലോമീറ്റർ വേഗതയിൽ കാറ്റും വീശാൻ സാധ്യതയുണ്ട്. അതേസമയം ഉത്തരാഖണ്ഡ്, പഞ്ചാബ്, വിദർഭ, ഛത്തീസ്‌ഗഢ്, ഹിമാലയൻ പശ്ചിമ ബംഗാൾ, സിക്കിം, അരുണാചൽ പ്രദേശ്, നാഗാലാൻഡ്, മണിപ്പൂർ, മിസോറം, ത്രിപുര, കൊങ്കൺ, ഗോവ, കോസ്‌റ്റൽ ആന്ധ്രാപ്രദേശ്, യനം, തമിഴ്‌നാട്,കർണാടക, പുതുച്ചേരി, കാരക്കൽ, ലക്ഷദ്വീപ് എന്നിവിടങ്ങളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇടിമിന്നലിന് സാധ്യതയെന്നും കാലാവസ്ഥാകേന്ദ്രം പ്രവചിക്കുന്നു. കൂടാതെ ആൻഡമാൻ നിക്കോബാർ ദ്വീപുകളിലെ ഒറ്റപ്പെട്ട പ്രദേശങ്ങളിലും ഇടിയോട് കൂടിയ മഴയ്‌ക്കും 40-50 കിലോമീറ്റർ വേഗത കൈവരിക്കുന്ന കാറ്റിനും സാധ്യതയുണ്ടെന്ന് ഐഎംഡി കൂട്ടിച്ചേർത്തു.