ഹൈദരാബാദ്: ബോളിവുഡും തെന്നിന്ത്യയും ഒരുപോലെ കാത്തിരിക്കുന്ന ഷാരൂഖ് ഖാന്‍ ചിത്രം ജവാനിലെ റൊമാന്‍റിക് ട്രാക്ക് ഗാനമായ 'ചലേയ' പുറത്തിറങ്ങി. ആരാധകർ ആകാംക്ഷയോടെ കാത്തിരുന്ന ചിത്രത്തിലെ രണ്ടാമത്തെ ഗാനമാണ് ചലേയ. കിങ് ഖാന്‍ തന്നെയാണ് ഗാനം സാമൂഹ്യ മാധ്യമങ്ങളിലൂടെ പങ്കുവച്ചത്.
കുമാർ എഴുതിയ വരികൾക്ക് അനിരുദ്ധ് രവിചന്ദറാണ് ഈണം പകർന്നത്. ചലേയ ഗാനം മൂന്ന് ഭാഷകളിലായാണ് പുറത്തിറങ്ങാന്‍ ഒരുങ്ങുന്നത്. ഹിന്ദി പതിപ്പിൽ ചലേയ എന്നും മറ്റുളള ഭാഷകളിൽ ചലോന, ഹയോടാ എന്ന പേരിലായിരിക്കും പുറത്തിറങ്ങുക.
ചലേയ ഗാനത്തിലൂടെ കാഷ്വൽ വസ്‌ത്രം ധരിച്ചുകൊണ്ടാണ് ഷാരൂഖ് ഖാന്‍ അനായാസം നൃത്തം ചെയ്യുന്നത്. ഷാരൂഖ് ഖാന്‍റെ നായികയായി ലേഡി സൂപ്പർസ്‌റ്റാർ നയന്‍താരയും തിളങ്ങുന്നുണ്ട്. റിലീസായി നിമിഷനേരം കൊണ്ട് തന്നെ ആരാധകർ ഗാനം ഏറ്റെടുത്ത് കഴിഞ്ഞു.
സാമൂഹ്യമാധ്യമങ്ങളിലൂടെ ആരാധകർ തങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുകയും ഫയർ ഇമോജികൾക്കൊണ്ടും ഹേർട്ട് ഇമോജികൾക്കൊണ്ടും താരത്തോടുളള സ്‌നേഹം കമന്‍റ് ബോക്‌സുകളിലൂടെ നിറഞ്ഞൊഴുകിയിട്ടുണ്ട്. എസ്‌ആർകെസ് റൊമാന്‍റിക് ഇറ ഈസ് ബാക്ക്, എസ്‌ആർകെ ഫോറെവർ കിങ് തുടങ്ങിയ കമന്‍റുകൾ എഴുതിക്കൊണ്ടാണ് ആരാധകർ താരത്തോടുളള സ്‌നേഹം പ്രകടിപ്പിക്കുന്നത്.
അരിജിത് സിങ്ങും ശിൽപ റാവുവും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. പ്രശസ്‌ത നൃത്ത സംവിധായകന്‍ ഫറ ഖാന്‍ അണിയിച്ചൊരുക്കിയ ചടുലമായ ചലനങ്ങൾ ഗാനത്തിന് കൂടുതൽ ദൃശ്യഭംഗി നൽകുന്നു.
തെലുഗു വേർഷന്‍ പാടിയിരിക്കുന്നത് ആദിത്യ ആർകെയും പ്രിയ മാലിയും ചേർന്നാണ്. ഓസ്‌കർ ജേതാവായ ഗാനരചയിതാവ് ചന്ദ്രബോസിന്‍റെതാണ് വരികൾ. ഗാനത്തിന്‍റെ പ്രമോഷണൽ വീഡിയോയിൽ പ്രണയാതുരരായി നൃത്തം ചെയ്യുകയാണ് ഷാരൂഖ് ഖാനും നയന്‍താരയും. പ്രണയം നിങ്ങളുടെ ഹൃദയത്തിലേക്ക് ഒരു വഴി കണ്ടെത്തും എന്ന് കുറിച്ചുകൊണ്ടാണ് ചലേയയുടെ ടീസർ ഷാരൂഖ് ഇന്‍സ്‌റ്റഗ്രാമിൽ പുറത്തിറക്കിയത്.
എസ്‌ആർകെയോട് ചോദിക്കാമെന്ന ഹാഷ്‌ടാഗുമായി ആരാധകരുമായി അടുത്തിടെ നടത്തിയ ആശയവിനിമയത്തിനിടെ ചിത്രത്തിൽ തന്‍റെ ഇഷ്‌ടപ്പെട്ട ഗാനം 'ചലേയ' ആണെന്ന് മെഗാസ്‌റ്റാർ വെളിപ്പെടുത്തി. "എന്‍റെ പ്രിയപ്പെട്ട ഗാനം സിനിമയിലെ ചലേയയാണ്. അത് പ്രണയവും മധുരവും സൗമ്യതയുമാണ്..എന്നെപ്പോലെ തന്നെ", നർമ്മം കലർത്തിക്കൊണ്ട് ഷാരൂഖ് മനസുതുറന്നു.
തമിഴ് ലോകത്തെ ഹിറ്റ് മേക്കർ അറ്റ്‌ലി സംവിധാനം ചെയ്യുന്ന ജവാൻ 2023 സെപ്റ്റംബർ ഏഴിന് ഹിന്ദി, തമിഴ്, തെലുഗു എന്നീ ഭാഷകളിൽ പ്രേക്ഷകരെ വിസ്‌മയിപ്പിക്കാന്‍ ഒരുങ്ങുകയാണ്. നയൻതാരയും വിജയ് സേതുപതിയും ഷാരൂഖിനൊപ്പം സ്‌ക്രീൻ പങ്കിടുന്ന ഈ ചിത്രത്തിൽ ഒരു മികച്ച താരനിര തന്നെയുണ്ട്. ദീപിക പദുക്കോണ്‍, സഞ്ജയ് ദത്ത് എന്നിവരുടെ അതിഥിവേഷവും പ്രത്യേക പ്രകടനവും ചിത്രത്തിന്‍റെ ആകർഷണം വർധിപ്പിക്കും.
ജവാന്‍ റിലീസിന് ഇനി ഒരു മാസം മാത്രമേയുളളൂ എന്ന് ആരാധകരെ ഓർമിപ്പിച്ചുക്കൊണ്ട് കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ജവാന്‍റെ പുതിയ പോസ്‌റ്റർ ഇന്‍സ്‌റ്റഗ്രാമിൽ പങ്കുവച്ചാണ് ഷാരൂഖ് ജവാന് ആക്കം കൂട്ടിയത്. റെഡ് ചില്ലീസ് എന്‍റർടെയ്‌ന്‍മെന്‍റിന്‍റെ ബാനറിൽ ഗൗരി ഖാനാണ് ചിത്രം നിർമിച്ചിരിക്കുന്നത്.