ന്യൂഡൽഹി:രാജ്യം കൊവിഡിനെതിരെ പോരാടുന്നതിലും മികച്ച രീതിയിലാണ് കൊവിഡിനെ സംബന്ധിക്കുന്ന വിവരങ്ങൾ മൂടിവക്കുന്നതെന്ന് പ്രിയങ്ക ഗാന്ധി. ഇന്ത്യയിൽ കൊവിഡ് ബാധിച്ച് മരിക്കുന്നവരുടെ കൃത്യമായ കണക്ക് ആർക്കും അറിയില്ല. ഈ വിവരങ്ങൾ കേന്ദ്ര സർക്കാർ ജനങ്ങളിൽ നിന്ന് മറച്ചുവക്കുകയാണെന്ന് പ്രിയങ്ക ഗാന്ധി ആരോപിച്ചു. ട്വിറ്ററിലൂടെയായിരുന്നു പ്രിയങ്കയുടെ പ്രതികരണം.
രാജ്യത്തെ പ്രതിദിന കൊവിഡ് പോസിറ്റിവിറ്റി നിരക്ക് 9.42 ശതമാനമായി കുറഞ്ഞുവെന്നും കൊവിഡിൽ നിന്ന് രോഗമുക്തി നേടിയവരുടെ കണക്ക് രോഗം സ്ഥിരീകരിക്കുന്നവരേക്കാൾ ഉയർന്നു തന്നെയാണെന്നും കഴിഞ്ഞ ദിവസം ആരോഗ്യ മന്ത്രാലയം അറിയിച്ചിരുന്നു. കഴിഞ്ഞ ദിവസം 2,08,921 പേർക്ക് പുതുതായി രോഗം സ്ഥിരീകരിക്കുകയും 4,157 പേർ കൊവിഡ് ബാധിച്ച് മരിക്കുകയും ചെയ്‌തുവെന്ന് ഇന്നലെ ആരോഗ്യമന്ത്രാലയം അറിയിച്ചു.