ന്യൂഡൽഹി:ആധാർ കാർഡ് കൈമാറുന്നതുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ മാർഗ നിർദേശങ്ങളടങ്ങിയ വാർത്ത കുറിപ്പ് പിൻവലിച്ച് കേന്ദ്രസർക്കാർ. ബെംഗളൂരുവിലെ യുഐഡിഎഐ ഓഫീസ് പുറത്തിറക്കിയ നിർദേശങ്ങളാണ് കേന്ദ്ര സർക്കാർ റദ്ദാക്കിയത്. മാർഗനിർദേശങ്ങൾ തെറ്റിദ്ധരിക്കാൻ സാധ്യതയുണ്ടെന്ന് വിലയിരുത്തിയാണ് തീരുമാനം.
ആശങ്കവേണ്ട: ആധാർ സംവിധാനം ഉടമയുടെ സ്വകാര്യതയും ബയോമെട്രിക് വിവരങ്ങളും സംരക്ഷിക്കുന്ന തരത്തിൽ തന്നെയാണ് പ്രവർത്തിക്കുന്നത്. ആധാർ കാർഡിൽ സ്വകാര്യത സംരക്ഷിക്കാൻ ആവശ്യമായ എല്ലാം സൗകര്യങ്ങളും ഉണ്ട്. ആധാർ വിവരങ്ങൾ പങ്കുവെയക്കുമ്പോൾ സാധാരണ മുൻകരുതൽ മതിയെന്നും ഇക്കാര്യത്തിൽ ആശങ്ക വേണ്ടെന്നും ഐടി മന്ത്രാലയം അറിയിച്ചു.
27-ാം തീയതിയാണ് യുഐഡിഎഐ വിവാദമായ മാർഗനിർദ്ദേശം പുറത്തിറക്കിയത്. ദുരുപയോഗം തടയാൻ വിവരങ്ങൾ മറ്റുള്ളവരുമായി പങ്കുവെക്കരുതെന്നും, ആധാർ കാർഡിന്‍റെ നമ്പർ അവസാന നാല് അക്കങ്ങൾ മാത്രം കാണാൻ കഴിയുന്ന തരത്തിൽ മാസ്‌ക് ചെയ്‌ത കോപ്പി മാത്രം നൽകണമെന്നുമായിരുന്നു യുഐഡിഎഐ പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറഞ്ഞിരുന്നത്.
യുഐഡിഎഐയിൽ നിന്ന് ലൈസൻസ് നേടിയ സ്ഥാപനങ്ങൾക്ക് മാത്രമേ തിരിച്ചറിയലിനായി ആധാർ ഉപയോഗിക്കാനാകുവെന്നും അറിയിപ്പിൽ പറഞ്ഞിരുന്നു. ഹോട്ടലുകൾ, സിനിമ തിയേറ്ററുകൾ പോലുള്ള ലൈസൻസില്ലാത്ത സ്വകാര്യസ്ഥാപനങ്ങൾ ആധാർ കാർഡിന്‍റെ പകർപ്പുകൾ സൂക്ഷിക്കരുതെന്നും മാർഗനിർദേശത്തിൽ പറഞ്ഞിരുന്നു.
ഈ മാർഗനിർദ്ദേശം പുറത്തിറങ്ങിയതോടെ ആധാർ വിവരങ്ങൾ ചോരുന്നുവെന്ന തരത്തിലടക്കം അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു. യൂത്ത് കോൺഗ്രസ് നേതാവ് ബി വി ശ്രീനിവാസ്, ആക്‌ടിവിസ്റ്റ് സുചേത ദലാൽ തുടങ്ങി നിരവധി പേർ ഇതിനെതിരെ രംഗത്തെത്തിയിരുന്നു. പിന്നാലെയാണ് സംഭവത്തിൽ വിശദീകരണവുമായി കേന്ദ്രസർക്കാർ രംഗത്ത് എത്തിയത്.