ന്യൂഡൽഹി : ഡൽഹി സംസ്ഥാന സർക്കാരിലെ ഉദ്യോഗസ്ഥരെ സ്ഥലം മാറ്റവും നിയമനവുമായി ബന്ധപ്പെട്ട ഓർഡിനൻസിന് പകരം വയ്‌ക്കുന്ന ഡൽഹി സേവന ബില്ല് (Delhi Services bill) കേന്ദ്രം ഇന്ന് ലോക്‌സഭയിൽ അവതരിപ്പിച്ചു. ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ് ആണ് ബിൽ അവതരിപ്പിച്ചത്. ഇതിനോടൊപ്പം ഉടൻ നിയമ നിർമാണം കൊണ്ടുവരാനുള്ള കാരണങ്ങളെ കുറിച്ചും അദ്ദേഹം ലോക്‌സഭയിൽ പ്രസ്‌താവന നടത്തി.
ഡൽഹിയുമായി ബന്ധപ്പെട്ട് ഏത് നിയമം കൊണ്ടുവരാനും പാർലമെന്‍റിന് ഭരണഘടനപരമായ അധികാരമുണ്ടെന്ന് വിഷയത്തിൽ ആഭ്യന്തര മന്ത്രി അമിത് ഷായും പറഞ്ഞു. അതേസമയം, ജനാധിപത്യമല്ല ഈ ബില്ല് കൊണ്ട് ലക്ഷ്യമിടുന്നതെന്ന് ആം ആദ്‌മി പാർട്ടി പ്രതികരിച്ചു. ബില്ലിനെ സഭയിൽ എതിർത്ത കോൺഗ്രസ് എംപി അധീർ രഞ്ജൻ ചൗധരി, ഇത് ഫെഡറൽ സംവിധാനത്തിന്‍റെ ലംഘനമാണെന്നും സുപ്രീം കോടതി ഉത്തരവിന് വിരുദ്ധവും ഡൽഹിയിലെ ലെഫ്. ഗവർണരുടെ അധികാര വിപുലീകരണമാണെന്നും കുറ്റപ്പെടുത്തി.
ഉദ്യോഗസ്ഥരുടെ നിയമനവുമായി ബന്ധപ്പെട്ട് ഒരു പ്രത്യേക സമിതി രൂപീകരിക്കാനാണ് കേന്ദ്രം ഗവൺമെന്‍റ് ഓഫ് നാഷണൽ ക്യാപിറ്റൽ ടെറിട്ടറി ഓഫ് ഡൽഹി ഓർഡിനൻസ് പുറപ്പെടുവിച്ചത്. ഇതിന് പകരമാണ് ബില്ല് അവതരിപ്പിച്ചത്. ഗവൺമെന്‍റ് ഓഫ് നാഷണൽ ക്യാപിറ്റൽ ടെറിട്ടറി ഓഫ് ഡൽഹി ബിൽ (Government of National Capital Territory of Delhi (Amendment) Bill) അനുസരിച്ച് ഡൽഹിയിലെ ഉദ്യോഗസ്ഥരുടെ നിയമനവും സ്ഥലം മാറ്റവുമായി ബന്ധപ്പെട്ട എല്ലാ തീരുമാനങ്ങളും കേന്ദ്ര സർക്കാരിന്‍റെ നിയന്ത്രണത്തിലാകും.