ന്യൂഡല്‍ഹി: 2024 ഓടെ രാജ്യത്തെ റോഡ് അപകടങ്ങള്‍ 50 ശതമാനം കുറയ്ക്കുകയാണ് കേന്ദ്ര സര്‍ക്കാരിന്‍റെ ലക്ഷ്യമെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്‌കരി. 50 ശതമാനം റോഡ് അപകടങ്ങളും റോഡ് എന്‍ജിനീയറിങിലെ പിഴവുകള്‍ മൂലമാണ്. ഇത് മറികടക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ പുതിയ പദ്ധതികള്‍ കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു.
ഫെഡറേഷൻ ഓഫ് ഇന്ത്യൻ ചേമ്പേഴ്‌സ് ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി (എഫ്ഐസിസിഐ) സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിയ്ക്കുകയായിരുന്നു അദ്ദേഹം. റോഡ് സുരക്ഷയ്ക്ക് ഊന്നല്‍ നല്‍കുന്ന പ്രവര്‍ത്തനങ്ങളാണ് മന്ത്രാലയം നടപ്പിലാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
Also read: നന്ദിഗ്രാമിലെ തോല്‍വി; മമതയുടെ ഹര്‍ജി ഹൈക്കോടതിയില്‍
റോഡുകളിലെ ബ്ലാക്ക് സ്പോട്ട് കണ്ടെത്തുന്നതിന്‍റെ ആവശ്യകതയും അദ്ദേഹം ഊന്നി പറഞ്ഞു. ബ്ലാക്ക് സ്പോട്ടുകള്‍ ഇല്ലാതാക്കുന്നതിന്‍റെ ഭാഗമായി കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന പദ്ധതിക്ക് ലോകബാങ്കും എഡിബിയും അംഗീകാരം നല്‍കിയിട്ടുണ്ട്. പദ്ധതി പ്രകാരം സംസ്ഥാനങ്ങള്‍ക്കും ദേശീയ പാത അതോറിറ്റി ഓഫ് ഇന്ത്യയ്ക്കും 14,000 കോടി രൂപ കേന്ദ്രം അനുവദിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
റോഡ് സുരക്ഷയെ കുറിച്ച് അവബോധം നല്‍കുന്നതിന് സന്നദ്ധ സംഘടനകള്‍, സാമൂഹ്യ സംഘടനകള്‍, സര്‍വകലാശാലകള്‍ എന്നിവയുടെ സഹായം ആവശ്യമാണെന്നും റിട്ടയേര്‍ഡ് ഐഎഎസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ സ്വതന്ത്ര റോഡ് സുരക്ഷ കൗണ്‍സില്‍ പതിനഞ്ച് ദിവസത്തിനുള്ളില്‍ നിലവില്‍ വരുമെന്നും അദ്ദേഹം വ്യക്തമാക്കി.