ന്യൂഡൽഹി:കേന്ദ്ര സർക്കാർ ജൽ ജീവന്‍ മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് 15 സംസ്ഥാനങ്ങൾക്ക് 5,968 കോടി രൂപ അനുവദിച്ചു. മറ്റ് സംസ്ഥാനങ്ങളോട് ഫണ്ടുകൾ അനുവദിക്കുന്നതിനായി നിർദേശങ്ങൾ സമർപ്പിക്കാന്‍ ദേശീയ ജൽ ജീവൻ മിഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അനുവദിച്ച തുകയിൽ 93 ശതമാനം ജലവിതരണത്തിനും, 5 ശതമാനം സഹായ പ്രവർത്തനങ്ങൾക്കും ബാക്കി രണ്ട് ശതമാനം ജല ഗുണനിലവാര നിരീക്ഷണത്തിനുമായി ഉപയോഗിക്കാം.
വിവിധ സംസ്ഥാനങ്ങളിൽ ലഭ്യമാക്കിയിട്ടുള്ള ടാപ്പ് വാട്ടർ കണക്ഷനുകളുടെയും ലഭ്യമായ കേന്ദ്ര ഫണ്ടുകളുടെ വിനിയോഗത്തിന്‍റെയും സംസ്ഥാന വിഹിതവുമായി പൊരുത്തപ്പെടുന്നതിന്‍റെയും അടിസ്ഥാനത്തിലാണ് കേന്ദ്ര ഫണ്ടുകൾ സർക്കാർ പുറത്തിറക്കുന്നത്. കേന്ദ്ര ഫണ്ടുകൾ പുറത്തിറങ്ങി 15 ദിവസത്തിനുള്ളിൽ സംസ്ഥാനങ്ങൾ തങ്ങളുടെ വിഹിതത്തോടൊപ്പം ഇവ സിംഗിൾ നോഡൽ അക്കൗണ്ടിലേക്ക് മാറ്റണം.2021-22 ൽ ജൽ ജീവൻ മിഷന്‍റെ വിഹിതം 50,011 കോടി രൂപയായി ഉയർത്തിയിരുന്നു.