ന്യൂഡൽഹി: സ്വവർഗ വിവാഹം നിയമപരമായി സാധൂകരിക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജികൾ കേന്ദ്രസർക്കാർ സുപ്രീം കോടതിയിൽ എതിർത്തു. നിലവിലെ രാജ്യത്തെ സാമൂഹിക മൂല്യങ്ങളെ തകർക്കുന്നതാണ് സ്വവർഗ വിവാഹമെന്ന് കേന്ദ്രസർക്കാർ സുപ്രീംകോടതിയിൽ സമർപ്പിച്ച സത്യവാങ്‌മൂലത്തിൽ പറഞ്ഞു. ഒരേ ലിംഗത്തിലുള്ള രണ്ട് വ്യക്തികൾ തമ്മിലുള്ള വിവാഹം ഏതെങ്കിലും വ്യക്തിഗത നിയമങ്ങളിലോ ക്രോഡീകരിച്ച നിയമങ്ങളിലോ അംഗീകരിക്കുന്നില്ലെന്ന് കേന്ദ്രം വ്യക്തമാക്കി.
എതിർ ലിംഗത്തിലുള്ള രണ്ട് വ്യക്തികളെ മുൻനിർത്തിയുള്ളതാണ് വിവാഹം എന്ന സങ്കൽപം. ഇന്ത്യൻ ശിക്ഷ നിയമത്തിലെ 377 വകുപ്പ് റദ്ദാക്കിയതുകൊണ്ട് ഹർജിക്കാർക്ക് സ്വവർഗ വിവാഹം നിയമപരമാക്കണമെന്ന് ആവശ്യപ്പെടാനാവില്ല.
ഇന്ത്യൻ ആശയങ്ങൾക്ക് വിരുദ്ധം: ജീവശാസ്‌ത്രപരമായ പുരുഷനെ ഭർത്താവായും സ്‌ത്രീയെ ഭാര്യയായും ഇവർക്ക് ജനിക്കുന്ന കുഞ്ഞിന് ജീവശാസ്‌ത്രപരമായ പുരുഷൻ പിതാവായും ജീവശാസ്‌ത്രപരമായ സ്‌ത്രീ അമ്മയുമായാണ് കണക്കാക്കുന്നത്. എന്നാൽ സ്വവർഗ വിവാഹം ഇന്ത്യയുടെ വിവാഹവും സാമൂഹികവും മതപരവുമായ ആശയങ്ങൾക്ക് വിരുദ്ധമാണെന്ന് കേന്ദ്രം സുപ്രീം കോടതിയിൽ വാദിച്ചു. അടുത്തിടെ സ്വവർഗ വിവാഹം നിയമപരമായി അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി ഹർജികളാണ് സുപ്രീം കോടതിയിൽ എത്തിയത്.
സ്വവർഗവിവാഹം അംഗീകരിച്ച് യുഎസ് ജനപ്രതിനിധി സഭ: ഇന്ത്യയിൽ ലൈംഗിക ന്യൂനപക്ഷങ്ങൾ ഇപ്പോഴും നിയമപോരാട്ടങ്ങൾ നടത്തുമ്പോൾ കഴിഞ്ഞ ഡിസംബറിലാണ് യുഎസ് ജനപ്രതിനിധി സഭ സ്വവർഗ വിവാഹങ്ങൾ സംരക്ഷിക്കുന്നതിനുള്ള നിയമനിർമാണത്തിന് അംഗീകാരം നൽകിയത്. 2015ൽ സ്വവർഗ വിവാഹം നിയമവിധേയമാക്കിയ സുപ്രീം കോടതി വിധി അസാധുവാക്കുമോ എന്ന ആശങ്കയെ തുടർന്നാണ് ഇത്തരം വിവാഹങ്ങൾക്ക് എല്ലാ ഫെഡറൽ പരിരക്ഷയും നൽകാൻ ജനപ്രതിനിധി സഭ ബില്ല് പാസാക്കിയത്. സഭയിൽ 258 പേർ ബില്ലിനെ അനുകൂലിക്കുകയും 169 പേർ എതിർക്കുകയും ചെയ്‌തിരുന്നു.