ന്യൂഡൽഹി : അലോപ്പതിക്കെതിരെയും വൈദ്യശാസ്ത്രത്തിനെരെയും വസ്തുതാവിരുദ്ധമായ പരാമാർശങ്ങൾ നടത്തിയതില്‍ യോഗ ഗുരു രാംദേവിനെതിരെ നടപടിയെടുക്കണമെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ. സാക്ഷര സമൂഹത്തിനും രോഗികളായവർക്കും ഭീഷണിയാകുന്ന രീതിയിൽ അപകീര്‍ത്തികരമായ പ്രസ്താവനകൾ നടത്തിയതിന് പകർച്ചവ്യാധി നിയമപ്രകാരം രാംദേവിനെതിരെ കേസെടുക്കണമെന്ന് ഐഎംഎ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വീഡിയോ ഉദ്ധരിച്ചാണ് ഐഎംഎ ഇക്കാര്യം ഉന്നയിച്ചത്. വീഡിയോയിൽ രാംദേവ് അലോപ്പതിയെ വിഡ്ഢികളുടെ ശാസ്ത്രം എന്നാണ് വിശേപ്പിക്കുന്നതെന്ന് ഐഎംഎ ചൂണ്ടിക്കാട്ടി. അലോപ്പതി മരുന്നുകൾ കഴിച്ച് ലക്ഷക്കണക്കിന് ആളുകൾ മരിച്ചുവെന്നും റെംഡെസിവിർ, ഫാവിഫ്ലു, തുടങ്ങിയ മരുന്നുകൾ കൊവിഡ് ചികിത്സയിൽ പരാജയപ്പെട്ടുവെന്നും രാംദേവ് പരാമര്‍ശിക്കുന്നുണ്ട്.