കൊൽക്കത്ത:പശ്ചിമ ബംഗാൾ മുൻ ചീഫ് സെക്രട്ടറിയും മമത ബാനർജിയുടെ മുഖ്യ ഉപദേഷ്ടാവുമായ അലപൻ ബന്ദോപാധ്യായയ്ക്കെതിരെ അച്ചടക്ക ലംഘനത്തിന് നിയമനടപടികൾക്കൊരുങ്ങി കേന്ദ്രം. പേഴ്‌സണൽ ആന്‍റ് ട്രെയിനിംഗ് ഡിപ്പാർട്ട്‌മെന്‍റ് (ഡിഒപിടി) 30 ദിവസത്തിനുള്ളിൽ അദ്ദേഹത്തിനോട് വിശദീകരണം നൽകാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
Also read: കോവാക്സിൻ മൂന്നാം ഘട്ട പരീക്ഷണം; അവലോകന യോഗം ഇന്ന്
ഓൾ ഇന്ത്യ സർവീസസ് 1969 ലെ ചട്ട പ്രകാരം കുറ്റക്കാരനാണെന്ന് തെളിഞ്ഞാൽ പെൻഷൻ അല്ലെങ്കിൽ ഗ്രാറ്റുവിറ്റി താൽക്കാലികമായി നിർത്തിവെക്കുന്നത് തുടങ്ങി അദ്ദേഹത്തിനെതിരെ കടുത്ത ശിക്ഷാ നടപടികൾ സ്വീകരിക്കാനാണ് കേന്ദ്ര സർക്കാർ ഒരുങ്ങുന്നത്.
മെയ് 28 ന് കലൈകുന്ദയിൽ പ്രധാനമന്ത്രി വിളിച്ച് ചേർത്ത യോഗത്തിൽ അലപൻ വിട്ടുനിന്നതിൽ കേന്ദ്രം കാരണംകാണിക്കൽ നോട്ടീസ് ആവശ്യപ്പെട്ടിരുന്നു. എന്നാൽ മുഖ്യമന്ത്രി മമത ബാനർജിയുടെ നിർദേശപ്രകാരം ദിഘയിലെ ചുഴലിക്കാറ്റ് ബാധിച്ച പ്രദേശങ്ങൾ അവലോകനം ചെയ്യുന്നതിനായി പുറപ്പെടണമെന്ന് ബന്ദോപാധ്യായ തന്‍റെ നാല് പേജുള്ള മറുപടിയിൽ പറഞ്ഞിരുന്നു.
പശ്ചിമ ബംഗാൾ കേഡറിലെ 1987 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനായ ബന്ദിയോപാധ്യായ ചീഫ് സെക്രട്ടറിയായി മെയ് 31 ന് വിരമിക്കാൻ തീരുമാനിച്ചിരുന്നുവെങ്കിലും അദ്ദേഹത്തിന്‍റെ കൊവിഡ് പ്രവർത്തനങ്ങൾ കണക്കിലെടുത്ത് മൂന്ന് മാസത്തേക്ക് സേവന കാലാവധി നീട്ടാൻ സംസ്ഥാനം കേന്ദ്രത്തോട് അനുമതി തേടിയിരുന്നു.