ന്യൂഡൽഹി:എട്ട് പ്രഷർ സ്വിംഗ് അഡ്സോർപ്ഷൻ (പിഎസ്എ) ഓക്‌സിജൻ ജനറേഷൻ പ്ലാന്‍റുകൾ സ്ഥാപിക്കുന്നതിന് ഡൽഹി സർക്കാർ കാലതാമസം വരുത്തുന്നു എന്ന കേന്ദ്ര സർക്കാരിന്‍റെ ആരോപണത്തെ തള്ളി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. ഇതുവരെ ഇത്തരത്തിലുള്ള ഒരു പ്ലാന്‍റ് മാത്രമാണ് ഡൽഹിയിൽ പ്രവർത്തന സജ്ജമായിട്ടുള്ളു എന്നും കെജ്‌രിവാൾ വ്യക്തമാക്കി. ഡൽഹിയിലെ ഓക്‌സിജൻ ക്ഷാമം പരിഹരിക്കാനായി കേന്ദ്ര സർക്കാരിനോട് ചേർന്ന് പ്രവർത്തിക്കുകയാണ് ഡൽഹി സർക്കാരെന്നും എന്നാൽ ഈ സമയത്തും തെറ്റായ വിവരങ്ങൾ മാത്രം പുറത്തു വിടുന്ന കേന്ദ്ര സർക്കാരിന്‍റെ നീക്കം അങ്ങേയറ്റം അപലപനീയമാണെന്നും ഡൽഹി സർക്കാർ ഇറക്കിയ പ്രസ്‌താവനയിൽ പറയുന്നു.
ഇന്ത്യയിലുടനീളം 162 പിഎസ്‌എ പ്ലാന്‍റുകൾ സ്ഥാപിക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചിരുന്നതായും 2020 ഒക്ടോബറിൽ ടെൻഡർ നൽകിയതായും എല്ലാവർക്കും അറിയാമെന്നും ഡൽഹി സർക്കാർ പറഞ്ഞു. കേന്ദ്ര ആരോഗ്യ മന്ത്രാലയം പിഎം കെയേഴ്‌സ് ഫണ്ടിലൂടെ പ്ലാന്‍റുകൾ സ്ഥാപിക്കേണ്ടതായിരുന്നുവെന്നും ഒരു രൂപ പോലും ഇതിനായി സംസ്ഥാന സർക്കാരുകൾക്ക് നൽകിയില്ലെന്നും ഡൽഹി സർക്കാർ കുറ്റപ്പെടുത്തി. ഈ പ്ലാന്‍റുകളെല്ലാം 2020 ഡിസംബറോടെ സ്ഥാപിച്ച് സംസ്ഥാന സർക്കാരുകൾക്ക് കൈമാറേണ്ടതായിരുന്നെന്നും പ്രസ്‌താവനയിൽ ചൂണ്ടിക്കാണിക്കുന്നുണ്ട്.