കൊൽക്കത്ത : ഇറ്റലിയിൽ നടക്കാനിരിക്കുന്ന ലോക സമാധാന സമ്മേളനത്തിൽ (World Peace Conference) പങ്കെടുക്കാനുള്ള മമത ബാനർജിയുടെ യാത്രയ്ക്ക് അനുമതി നിഷേധിച്ച് കേന്ദ്രം. ഒക്‌ടോബർ 6, 7 തിയ്യതികളില്‍ റോമിലാണ് സമ്മേളനം. അതേസമയം ബംഗാള്‍ മുഖ്യമന്ത്രി എന്ന നിലയിലുള്ള ഉത്തരവാദിത്വങ്ങളുമായി ഈ പര്യടനം പൊരുത്തപ്പെടുന്നില്ലെന്നാണ് വിദേശകാര്യമന്ത്രാലയത്തിന്‍റെ വിശദീകരണം.
ALSO READ:ലോകത്ത് ഏറ്റവും സ്വാധീനമുള്ള വ്യക്തികളുടെ ടൈം മാഗസിന്‍ പട്ടികയില്‍ മോദിയും മമതയും
ഇറ്റലിയിലെ ഒരു സ്വകാര്യ സംഘടന സംഘടിപ്പിക്കുന്ന പരിപാടിയിൽ മമതയെ കൂടാതെ ജർമൻ ചാൻസലർ ആഞ്ചല മെർക്കൽ, പോപ്പ് ഫ്രാൻസിസ്, ഇറ്റലിയിലെ ഉന്നത രാഷ്‌ട്രീയ നേതാക്കൾ എന്നിവർക്കും ക്ഷണമുണ്ട്. ബംഗാള്‍ മുഖ്യമന്ത്രിയെ പ്രശംസിച്ചുകൊണ്ടുള്ള ക്ഷണക്കത്തിൽ, കഴിഞ്ഞ പത്ത് വർഷത്തിനിടെ വികസനത്തിന്‍റെയും സാമൂഹികനീതിയുടെയും സമാധാനത്തിന്‍റെയും മികച്ച മാതൃകയാണ് മമത പങ്കുവയ്‌ക്കുന്നതെന്ന് നിരീക്ഷിക്കുന്നു.
കൂടാതെ പിന്നാക്ക ജനവിഭാഗങ്ങളുടെ ജീവിത സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ ബംഗാൾ മുഖ്യമന്ത്രിയുടെ പങ്കും അവർ പ്രശംസിച്ചിരുന്നു. സമ്മേളനത്തിൽ പങ്കെടുക്കാനുള്ള ക്ഷണം ബംഗാളിന്‍റെ തന്നെ അഭിമാനനേട്ടമായി കരുതിയ സാഹചര്യത്തിലാണ് അനുമതി നിഷേധിച്ചുകൊണ്ടുള്ള കേന്ദ്രനടപടി തിരിച്ചടിയായി മാറിയത്.
കേന്ദ്രസർക്കാർ നടപടിയെ വിമർശിച്ചുകൊണ്ട് തൃണമൂൽ നേതാക്കൾ ഇതിനോടകം രംഗത്തുവന്നിട്ടുണ്ട്. നേരത്തെ മമത ബാനർജിയുടെ ചൈന, ചിക്കാഗോ പര്യടനവും കേന്ദ്രം റദ്ദാക്കിയിരുന്നു. കേന്ദ്രത്തിന്‍റേത് രാഷ്‌ട്രീയ നീക്കമാണെന്നും കേന്ദ്രഭരണാധികാരികൾ അസൂയയും പ്രതികാര മനോഭാവവും വച്ചുപുലർത്തുന്നവരാണെന്നും തൃണമൂൽ കോൺഗ്രസ് നിയമസഭാംഗവും പാർട്ടി വക്താവുമായ തപസ് റോയ് ആരോപിച്ചു.