ന്യൂഡൽഹി:ആരോഗ്യ പ്രവർത്തകരുടെയും മുന്‍നിര തൊഴിലാളികളുടെയും കൊവിഡ് വാക്സിനേഷന്‍ രജിസ്ട്രേഷൻ അവസാനിപ്പിക്കാൻ കേന്ദ്ര സർക്കാർ തീരുമാനം. വ്യാജ രജിസ്ട്രേഷൻ റിപ്പോർട്ടുകൾ പുറത്തുവന്നതിന്‍റെ പശ്ചാത്തലത്തിലാണ് ഇങ്ങനെയൊരു തീരുമാനം.
24 ശതമാനം വർദ്ധനവാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഈ വിഭാഗങ്ങളുടെ കീഴിൽ നിരീക്ഷിക്കപ്പെടുന്നതെന്ന് സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും അയച്ച കത്തിൽ ആരോഗ്യ മന്ത്രാലയം സെക്രട്ടറി രാജേഷ് ഭൂഷൺ പറഞ്ഞു.
"എച്ച്‌സിഡബ്ല്യു, എഫ്‌എൽഡബ്ല്യുഎസ് വിഭാഗങ്ങളിൽ പുതിയ രജിസ്ട്രേഷനുകൾ ഉടനടി പ്രാബല്യത്തിൽ അനുവദിക്കില്ലെന്ന് തീരുമാനിച്ചു. കോ-വിൻ പോർട്ടലിൽ 45 വയസും അതിൽ കൂടുതലുമുള്ള വ്യക്തികളുടെ രജിസ്ട്രേഷൻ തുടർന്നും അനുവദിക്കും. എന്നാലും, ഇതിനകം രജിസ്റ്റർ ചെയ്ത എച്ച്സിഡബ്ല്യു, എഫ്എൽഡബ്ല്യു എന്നീ വിഭാഗങ്ങളുടെ പ്രതിരോധ കുത്തിവയ്പ്പ് എത്രയും വേഗം ഉറപ്പാക്കണം" എന്ന് ആരോഗ്യ സെക്രട്ടറി കത്തിൽ പറയുന്നു.