ന്യൂഡല്‍ഹി: ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് ബിബിസിയില്‍ സംപ്രേക്ഷണം ചെയ്‌ത ഡോക്യുമെന്‍ററിയുടെ ആദ്യ ഭാഗം യൂട്യൂബില്‍ നിന്ന് നീക്കം ചെയ്യാന്‍ കേന്ദ്ര വാര്‍ത്ത വിനിമയ മന്ത്രാലയത്തിന്‍റെ നിര്‍ദേശം. 'ഇന്ത്യ: ദി മോദി ക്വസ്‌റ്റ്യന്‍' എന്ന ഡോക്യുമെന്‍ററി വിവാദമായതിന്‍റെ പശ്ചാത്തലത്തിലാണ് സമൂഹ മാധ്യമങ്ങള്‍ക്ക് കേന്ദ്രത്തിന്‍റെ നിര്‍ദേശം. യൂട്യൂബില്‍ പ്രചരിക്കുന്ന വീഡിയോയുടെ അടിസ്ഥാനത്തില്‍ ട്വിറ്ററിലെ 50 ട്വീറ്റുകള്‍ കൂടി ബ്ലോക്ക് ചെയ്യണമെന്ന് മന്ത്രാലയം ആവശ്യപ്പെട്ടു.
നിര്‍ദേശം അടിയന്തര അധികാരമുപയോഗിച്ച്:2021ലെ ഐടി നിയമപ്രകാരം അടിയന്തര അധികാരമുപയോഗിച്ചുകൊണ്ടുള്ള വാര്‍ത്ത വിനിമയ മന്ത്രാലയത്തിന്‍റെ നിര്‍ദേശം ട്വിറ്ററും യൂട്യൂബും പാലിച്ചു. നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രി ആയിരിക്കെ 2002ല്‍ നടന്ന ഗുജറാത്ത് കലാപത്തിന് മോദിയ്‌ക്ക് പങ്കുണ്ടെന്ന തരത്തില്‍ ബിബിസി, ഡോക്യൂമെന്‍ററി ചിത്രീകരിക്കുകയും രണ്ട് ഭാഗങ്ങളായി സംപ്രേക്ഷണം ചെയ്യുകയും ചെയ്‌തിരുന്നു. തുടര്‍ന്ന് ഡോക്യൂമെന്‍ററി വിവാദമാവുകയും തിരഞ്ഞെടുക്കപ്പെട്ട മാധ്യമങ്ങളില്‍ നിന്ന് നീക്കം ചെയ്യാന്‍ ആവശ്യപ്പെടുകയും ചെയ്‌തിരുന്നു.
നരേന്ദ്രമോദിയെ അപകീര്‍ത്തിപ്പെടുക എന്ന ലക്ഷ്യത്തോടെ മനഃപൂര്‍വം എഴുതിച്ചേര്‍ത്ത കഥയാണിതെന്ന് ഇന്ത്യ പ്രതികരിച്ചു. പക്ഷാപാതവും വസ്‌തുനിഷ്‌ഠതയുടെ അഭാവവും, തുടര്‍ന്നുകൊണ്ടിരിക്കുന്ന കൊളോണിയല്‍ ചിന്താഗതിയും വ്യക്തമായും ഡോക്യുമെന്‍ററിയില്‍ പ്രകടമാണെന്ന് വിദേശകാര്യ മന്ത്രാലയത്തിന്‍റെ വക്താവ് അരിന്തം ബാഗ്‌ചി അഭിപ്രായപ്പെട്ടു. നിലവില്‍ ഡോക്യുമെന്‍ററിയുടെ ഭാഗങ്ങള്‍ ഇന്ത്യയില്‍ ലഭ്യമല്ല.
ഡോക്യുമെന്‍ററിയെ വിലയിരുത്തി ഉന്നത ഉദ്യോഗസ്ഥര്‍:എന്നിരുന്നാലും ഇന്ത്യന്‍ വിരുദ്ധ അജണ്ടകള്‍ പ്രകടിപ്പിക്കുവാനായി ചില യൂട്യൂബ് ചാനലുകള്‍ ഡോക്യുമെന്‍ററിയുടെ ഭാഗങ്ങള്‍ അപ്പ്‌ലോഡ് ചെയ്യുന്നുണ്ട്. ഇത് സംബന്ധിച്ച് യൂട്യൂബിലോ ട്വിറ്ററിലോ ആരെങ്കിലും ട്വീറ്റ് ചെയ്യുകയോ വീഡിയോ പങ്കുവയ്‌ക്കുകയോ ചെയ്‌താല്‍ അത് ഉടനടി ബ്ലോക്ക് ചെയ്യുവാനും നിര്‍ദേശമുണ്ട്. വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ വിവിധ മന്ത്രാലയങ്ങളിലെ ഉന്നത ഉദ്യോഗസ്ഥര്‍ ഡോക്യുമെന്‍ററി പരിശോധിച്ചിരുന്നു.