ന്യൂഡല്‍ഹി:കൊവിഡ് 19നെ പ്രതിരോധിക്കാൻ മൂക്കിലൂടെ സ്വീകരിക്കുന്ന വാക്‌സിന്‍ (Nasal Vaccine) കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചു. ലോകത്തിലെ തന്നെ മൂക്കിലൂടെ സ്വീകരിക്കുന്ന ആദ്യ വാക്‌സിനാണ് ഭാരത് ബയോടെക്കിന്‍റെ നേസല്‍ വാക്‌സിന്‍. വാക്‌സിൻ അംഗീകരിച്ചതായും കൊവിന്‍ പോര്‍ട്ടലില്‍ ഉടന്‍ ചേർക്കുമെന്നും കേന്ദ്ര ആരോഗ്യമന്ത്രി ഡോ. മൻസുഖ് മാണ്ഡവ്യ പറഞ്ഞു.
ഭാരത് ബയോടെക്കിന്‍റെ കോവാക്‌സിൻ, സെറം ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ കോവിഷീൽഡ്, കോവോവാക്‌സ്, റഷ്യൻ സ്‌പുട്‌നിക് വി, ബയോളജിക്കൽ ഇ ലിമിറ്റഡിന്‍റെ കോർബെവാക്‌സ് എന്നിവയാണ് കൊവിന്‍ പോർട്ടലിലുള്ളവ. പുതിയ കൊവിഡ് വകഭേദം ആശങ്ക പരത്തുന്ന നിലവിലെ സാഹചര്യത്തില്‍ കൂടുതല്‍ പ്രതിരോധ ശേഷിയും സംരംക്ഷണവും നല്‍കുന്ന ഒരു ഹെറ്ററോളജിക്കല്‍ ബൂസ്റ്ററായി ഈ വാക്‌സിന്‍ ഉപയോഗിക്കും. സ്വകാര്യ ആശുപത്രികളിലാകും വാക്‌സിന്‍ തുടക്കത്തില്‍ ലഭ്യമാകുക എന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.