ന്യൂഡല്‍ഹി: രാജ്യത്ത് പുതിയ 50 മെഡിക്കല്‍ കോളജുകള്‍ പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍. തെലങ്കാന, രാജസ്ഥാൻ, തമിഴ്‌നാട്, ഒഡിഷ, നാഗാലാൻഡ്, മഹാരാഷ്‌ട്ര, അസം, കർണാടക, ഗുജറാത്ത്, ഹരിയാന, ജമ്മു കശ്‌മീർ, പശ്ചിമ ബംഗാൾ, ഉത്തർപ്രദേശ്, മധ്യപ്രദേശ് എന്നിവിടങ്ങളിലെ 50 മെഡിക്കൽ കോളജുകൾക്കാണ് അംഗീകാരം ലഭിച്ചത്. അതേസമയം കേരളത്തില്‍ പുതിയ കോളജുകളൊന്നും പ്രഖ്യാപിച്ചില്ല. 13 മെഡിക്കല്‍ കോളജുകള്‍ക്കാണ് തെലങ്കാനയില്‍ അംഗീകാരം നല്‍കിയത്.
50 മെഡിക്കൽ കോളജുകളിൽ 29 എണ്ണം സർക്കാര്‍ കോളജുകളാണ്. ഏഴെണ്ണം സ്വകാര്യ മേഖലയിലും 14 എണ്ണം ട്രസ്റ്റുകളുടെയും സൊസൈറ്റിയുടെയും കീഴിലുമായിരിക്കും പ്രവര്‍ത്തിക്കുക. പുതിയ മെഡിക്കല്‍ കോളജുകള്‍ക്ക് അംഗീകാരം നല്‍കിയതിനൊപ്പം 6,300 ബിരുദ സീറ്റുകള്‍ കൂടി വര്‍ധിപ്പിച്ചു. നിലവില്‍ രാജ്യത്തെ മൊത്തം സീറ്റുകളുടെ എണ്ണം 1,07,658 ല്‍ കവിഞ്ഞു.
150, 100, 50 സീറ്റുകളുള്ള പല അംഗീകൃത കോളജുകളും അനുവദിച്ചിട്ടുണ്ട്. ഈ 50 കോളജുകൾ കൂടി വരുന്നതോടെ രാജ്യത്തെ മെഡിക്കൽ കോളജുകളുടെ എണ്ണം 702 ആയി ഉയരും. അതേസമയം, എൻഎംസിയുടെ ബിരുദ മെഡിക്കൽ വിദ്യാഭ്യാസ ബോർഡ് നിശ്ചയിച്ച അടിസ്ഥാന മാനദണ്ഡങ്ങൾ ലംഘിച്ചതായി കണ്ടെത്തിയതിനെത്തുടർന്ന് പുതിയ വിദ്യാർഥികളെ പ്രവേശിപ്പിക്കുന്നതിൽ നിന്ന് ദേശീയ മെഡിക്കൽ കമ്മിഷൻ (എൻഎംസി) വിലക്കിയ ഇന്ത്യയിലെ മൊത്തം 38 മെഡിക്കൽ കോളജുകളിൽ 24 കോളജുകള്‍ എൻഎംസിയെ സമീപിച്ചു. ഇവയില്‍ കൃത്യമായ തിരുത്തലിനുശേഷം ആറ് സ്ഥാപനങ്ങള്‍ ആരോഗ്യമന്ത്രാലയത്തെയും സമീപിച്ചിട്ടുണ്ട്.
മാനദണ്ഡങ്ങള്‍ ലംഘിച്ചതായി കണ്ടെത്തിയ മെഡിക്കല്‍ കോളജുകള്‍ക്ക്, ആവശ്യമായ എല്ലാ തിരുത്തലുകള്‍ക്കും ശേഷം ആദ്യം എന്‍എംസിയെയും പിന്നീട് ആരോഗ്യ മന്ത്രാലയത്തെയും സമീപിക്കാമെന്നാണ് അധികൃതര്‍ അറിയിച്ചത്. അതേസമയം നിശ്ചയിച്ച മാനദണ്ഡങ്ങള്‍ ലംഘിച്ചതിനെ തുടര്‍ന്ന് 102 മെഡിക്കല്‍ കോളജുകള്‍ക്കാണ് എന്‍എംസി കാരണം കാണിക്കല്‍ നോട്ടിസ് നല്‍കിയത്. സുരക്ഷ വീഴ്‌ച, പ്രത്യേകിച്ച് സിസിടിവി സ്ഥാപിക്കൽ, ആധാർ ബന്ധിപ്പിച്ച ബയോമെട്രിക് ഹാജർ തുടങ്ങിയ മാനദണ്ഡങ്ങൾ പല കോളജുകളും പാലിക്കാത്തതായി കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു നടപടി.
മരുന്നുകള്‍ നിരോധിച്ച് സിഡിഎസ്‌സിഒ: അതിനിടെ സെൻട്രൽ ഡ്രഗ്‌സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷൻ (സിഡിഎസ്‌സിഒ) 14 ഫിക്‌സഡ് ഡോസ് കോമ്പിനേഷൻ മരുന്നുകൾ (എഫ്‌ഡിസി) നിരോധിച്ചു. ഈ മരുന്നുകൾ കാര്യക്ഷമമായി പരിശോധിച്ചിട്ടില്ലെന്നും രോഗികളില്‍ അപകടം ഉണ്ടാക്കുമെന്നും കണ്ടെത്തിയതിനെ തുടര്‍ന്നാണ് നിരോധനം. നിർമാണ കമ്പനികളുമായി വിശദമായ ചർച്ചകള്‍ നടത്തുകയും സിഡിഎസ്‌സിഒയുടെ വിഷയ വിദഗ്‌ധ സമിതി (എസ്ഇസി) പോരായ്‌മകൾ കണ്ടെത്തുകയും ചെയ്‌തതിനെ തുടർന്നാണ് പ്രസ്‌തുത മരുന്നുകള്‍ നിരോധിക്കാന്‍ തീരുമാനിച്ചതെന്ന് അധികൃതര്‍ അറിയിച്ചു.
സെൻട്രൽ ഡ്രഗ്‌സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷൻ ആണ് ഇന്ത്യയിലെ പരമോന്നത ഡ്രഗ് റെഗുലേറ്ററി അതോറിറ്റി. ചില നിശ്ചിത ഡോസ് കോമ്പിനേഷനുകളിൽ രണ്ടോ അതിലധികമോ മരുന്നുകളുടെ സംയോജനമാണ് ഫിക്‌സഡ് ഡോസ് കോമ്പിനേഷൻ മരുന്നുകൾ. ആദ്യമായി കണ്ടെത്തിയാൽ, ഇത് ഒരു പുതിയ മരുന്നായി പരിഗണിക്കും.
എല്ലാ പുതിയ മരുന്നുകൾക്കും സംസ്ഥാന ലൈസൻസിങ് അതോറിറ്റിയിൽ നിന്ന് നിർമാണ ലൈസൻസ് ലഭ്യമാകുന്നതിന് മുമ്പ് കേന്ദ്ര ലൈസൻസിങ് അതോറിറ്റിയുടെ മുൻകൂർ അനുമതി ആവശ്യമാണ്. Nimesulide+paracetamol dispersible tablets, Amoxicilin+Bromhexine, and chlorpheniramine Maleate+Codeine syrup എന്നിവയാണ് ഡോസ് കോമ്പിനേഷൻ മരുന്നുകളില്‍ പ്രധാനപ്പെട്ടവയാണ്.