ന്യൂഡൽഹി:രാജ്യത്തുടനീളം ബ്ലാക്ക് ഫംഗസ് അണുബാധ വർധിച്ചുവരുന്ന സാഹചര്യത്തിൽ എല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും ആംഫോട്ടെറിസിൻ-ബി യുടെ 19,420 അധിക കുപ്പികൾ അനുവദിച്ചതായി കേന്ദ്ര രാസവസ്തു-രാസവള മന്ത്രാലയം അറിയിച്ചു. മെയ് 21ന് രാജ്യത്തുടനീളം ആംഫോട്ടെറിസിൻ-ബി യുടെ 23,680 കുപ്പികൾ അനുവദിച്ചതിന് പിന്നാലെയാണിത്.
മണ്ണ്, സസ്യങ്ങൾ, വളം, ചീഞ്ഞഴിഞ്ഞ പഴങ്ങൾ, പച്ചക്കറികൾ എന്നിവയിൽ സാധാരണയായി കാണപ്പെടുന്ന മ്യൂക്കോർ പൂപ്പലിൽ പ്രകാശനം സംഭവിക്കുന്നത് മൂലമുണ്ടാകുന്ന ഈ ഫംഗസ് അണുബാധ തലച്ചോറിനെയും ശ്വാസകോശത്തെയും സൈനസുകളെയുമാണ് പ്രധാനമായും ബാധിക്കുന്നത്. കൊവിഡ് ബാധിച്ച് ഭേദമായവരിൽ പ്രതിരോധശേഷി നഷ്‌ടപ്പെട്ട അവസ്ഥയിലും പ്രമേഹ രോഗികളിലുമാണ് ബ്ലാക്ക് ഫംഗസ് അധികവും സ്ഥിരീകരിക്കുന്നത്. നിലവിൽ ആംഫോട്ടെറിസിൻ-ബി എന്ന ആന്‍റി ഫംഗസ് മരുന്നാണ് ഇതിന്‍റെ ചികിത്സയ്‌ക്കായി ഉപയോഗിക്കുന്നത്.