ന്യൂഡൽഹി:മഹാരാഷ്‌ട്രയിലെ പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനായി 'സെൻട്രൽ വാർ റൂം' തുറന്നുവെന്ന് ഇന്ത്യൻ ആർമി. 'ഓപ്പറേഷൻ വർഷ 21' എന്ന് പേര് നൽകിയ വാർ റൂമില്‍ കര, നാവിക, വ്യോമസേനകളെ സഹകരിപ്പിച്ചുകൊണ്ടാണ് പ്രവർത്തിക്കുകയെന്ന് ഇന്ത്യൻ ആർമി അഡീഷണൽ ഡയറക്‌ടറേറ്റ് ജനറൽ പബ്ലിക് ഇൻഫർമേഷൻ ഓഫീസർ അറിയിച്ചു. സിവിൽ ഭരണകൂടങ്ങൾ, സംസ്ഥാന ദുരന്ത നിവാരണ സമിതി എന്നിവയോടൊപ്പമാണ് സേനകളുടെ പ്രവർത്തനം.
മഹാരാഷ്‌ട്ര, ഗോവ, കർണാടക സംസ്ഥാനങ്ങളിലെ സുരക്ഷ പ്രവർത്തനങ്ങളാണ് പുരോഗമിക്കുന്നത്. മഹാരാഷ്‌ട്രയിൽ രത്‌നഗിരി, കോലാപൂർ, സംഗ്ലി ജില്ലകളിൽ ഇന്ത്യൻ ആർമി ടാസ്‌ക് ഫോഴ്‌സിനെയും നിയമിച്ചിട്ടുണ്ട്. ചിപ്ലൂൺ, ഷിറോൾ, പാലുസ് തുടങ്ങിയ പ്രദേശങ്ങളിൽ നിന്ന് നിരവധി പേരെ ടാസ്‌ക് ഫോഴ്‌സ് സംഘങ്ങൾ രക്ഷപ്പെടുത്തിയെന്ന് പ്രതിരോധ മന്ത്രാലയം പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നു.