ന്യൂഡൽഹിയിലെ റെയ്‌സിന ഹില്ലിന് സമീപം സ്ഥിതി ചെയ്യുന്ന സെൻട്രൽ വിസ്‌തയും അതിന്‍റെ പുനർവികസന പദ്ധതിയും ഏറെ ചർച്ച ചെയ്യപ്പെടുകയാണ്. ഇന്ത്യയുടെ കേന്ദ്ര ഭരണ നിര്‍വഹണ മേഖലയാണ് സെൻട്രൽ വിസ്‌ത. ഇന്ദ്രപ്രസ്ഥത്തിലെ ഏറ്റവും സുപ്രധാന മേഖലയില്‍ 3.2 കിലോമീറ്ററിലാണ് സെന്‍ട്രല്‍ വിസ്‌ത.
രാഷ്‌ട്രപതി ഭവൻ, പാർലമെന്‍റ് , നോർത്ത് ആൻഡ് സൗത്ത് ബ്ലോക്കുകള്‍, ഇന്ത്യ ഗേറ്റ്, നാഷണൽ ആർക്കൈവ്സ് എന്നിവയുൾപ്പടെയുള്ള സുപ്രധാന ആസ്ഥാനങ്ങള്‍ ഇവിടെയുണ്ട്. 1931ൽ രാജ്യത്തിന്‍റെ പുതിയ തലസ്ഥാനമായി ഡൽഹി തെരഞ്ഞെടുക്കപ്പെടും മുമ്പാണ് ഈ ഐതിഹാസിക കെട്ടിടങ്ങൾ നിർമിച്ചത്. ജ്യാമിതീയമായും സന്തുലിതമായും സൂക്ഷ്‌മമായി ആസൂത്രണം ചെയ്‌ത നിര്‍മിതികളും പ്രത്യേകം രൂപകല്‍പ്പന ചെയ്‌ത ഘോഷയാത്ര റൂട്ടും ഇതിലുള്‍പ്പെടുന്നുണ്ട്. സെൻട്രൽ വിസ്‌ത വികസന/പുനർവികസന മാസ്റ്റർ പ്ലാൻ, നിലവിലുള്ള കെട്ടിടങ്ങളുടെയും സ്ഥലങ്ങളുടെയും പൈതൃകത്തെ മാനിച്ചുകൊണ്ട് യഥാർഥ ക്രമവും സന്തുലിതാവസ്ഥയും പുനഃസ്ഥാപിക്കാൻ ലക്ഷ്യമിട്ടുള്ളതാണ്.
പഴയതും പുതിയതുമായ പാർലമെന്‍റ് മന്ദിരങ്ങൾ, അനെക്‌സ് കെട്ടിടങ്ങൾ, പാർലമെന്‍റ് ലൈബ്രറി, എംപിമാരുടെ ചേംബറുകള്‍ എന്നിവയുടെ സമന്വയം ഉൾക്കൊള്ളുന്ന ഒരു ലെജിസ്ലേറ്റീവ് എൻക്ലേവ് സൃഷ്‌ടിക്കുന്നതാണ് നിർദിഷ്‌ട മാസ്റ്റർ പ്ലാൻ വിഭാവനം ചെയ്യുന്നത്.
കർത്തവ്യ പഥ് : മുമ്പ് രാജ്‌പഥ് എന്നറിയപ്പെട്ടിരുന്ന കർത്തവ്യ പഥ്, വൈസ്രോയിയുടെ ഭവനത്തിലേക്കുള്ള പാതയായും ബ്രിട്ടീഷ് രാജിന്‍റെ പ്രതീകമായും രൂപകൽപ്പന ചെയ്‌തതാണ്. വാഷിംഗ്‌ടണിലെ നാഷണൽ മാൾ, പാരീസിലെ അവന്യൂ ഡി ചാംപ്‌സ്-എലിസീസ് എന്നിവയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഇത് നിർമിച്ചത്. മരങ്ങൾ പുൽത്തകിടികൾ പൂന്തോട്ടങ്ങൾ കനാലുകൾ എന്നിവയാൽ ചുറ്റപ്പെട്ട് മൂന്ന് കിലോമീറ്ററോളം വ്യാപിച്ച് കിടക്കുന്നതായിരുന്നു പാത.
ഇന്ത്യയുടെ സ്വാതന്ത്ര്യാനന്തരം പല മാറ്റങ്ങൾ സംഭവിച്ചു. തെരുവുകളുടെ പേരുകൾ മാറ്റി, കിംഗ്‌സ് വേ രാജ്‌പഥായി മാറി, ഇപ്പോൾ കർത്തവ്യ പഥ് എന്നറിയപ്പെടുന്നു, ക്വീൻസ് വേ ജൻപഥായി. വൈസ്രോയിയുടെ ഭവനം രാഷ്ട്രപതി ഭവനായി രൂപാന്തരപ്പെട്ടു, അഖിലേന്ത്യാ യുദ്ധ സ്‌മാരകം ഇന്ത്യൻ റിപ്പബ്ലിക്കിന്‍റെ പ്രതീകമായ ഇന്ത്യ ഗേറ്റായി മാറി.
കർത്തവ്യ പഥിൽ പല മാറ്റങ്ങളും സംഭവിച്ചു. വർധിച്ച ട്രാഫിക്കിനെ ഉൾക്കൊള്ളുന്നതിനായി, വടക്ക്-തെക്ക് കണക്റ്റിവിറ്റി മെച്ചപ്പെടുത്തുന്നതിന് റാഫി അഹമ്മദ് കിദ്വായ് മാർഗ് എന്ന പേരിൽ ഒരു ക്രോസ് സ്ട്രീറ്റ് ചേർത്തു. റാഫി അഹമ്മദ് കിദ്വായ് മാർഗ് ന്യൂഡൽഹി ജില്ലയിലെ ഉപജില്ല പാർലമെന്‍റ് സ്ട്രീറ്റിൽ 0.84 കിലോമീറ്റർ നീളത്തിൽ വ്യാപിച്ചുകിടക്കുന്നു. ഇത് സെൻട്രൽ സെക്രട്ടേറിയറ്റ്, സൻസദ് മാർഗ് റോഡ് ഏരിയ പ്രദേശങ്ങളെ ബന്ധിപ്പിക്കുന്നു.
കോമൺ സെക്രട്ടേറിയറ്റ് :നിലവിൽ, സെൻട്രൽ വിസ്‌തയിൽ 39 മന്ത്രാലയങ്ങളാണ് ഉൾക്കൊള്ളുന്നത്. അതേസമയം, ഏകദേശം 12 മന്ത്രാലയങ്ങൾക്ക് വിസ്‌തയ്ക്ക് പുറത്ത് ഓഫിസുകളുണ്ട്. ഏകോപനം, സഹകരണം, സമന്വയം എന്നിവ വർധിപ്പിക്കുന്നതിനായി 51 മന്ത്രാലയങ്ങളെയും ഒരു സ്ഥലമാക്കി ഏകീകരിക്കാനാണ് പദ്ധതി. നിർദിഷ്‌ട ഓഫിസ് സ്‌പെയ്‌സുകളിൽ ആധുനിക സാങ്കേതിക സവിശേഷതകളും വിശാലമായ സ്ഥലവും സൗകര്യങ്ങളും ഉണ്ടായിരിക്കും. തടസങ്ങളില്ലാത്ത കണക്റ്റിവിറ്റി സുഗമമാക്കുന്നതിന് ഒരു ഓട്ടോമേറ്റഡ് ഭൂഗർഭ പീപ്പിൾ മൂവർ, ഓവർഗ്രൗണ്ട് ഷട്ടിലുകൾ, നടപ്പാതകൾ എന്നിവ ഉൾപ്പെടുന്ന ഒരു സമഗ്ര ശൃംഖല ഈ ഓഫിസുകളെയെല്ലാം ബന്ധിപ്പിക്കും.
എക്‌സിക്യുട്ടീവ് എൻക്ലേവ് : പ്രധാനമന്ത്രിയുടെ ഓഫിസ് (പിഎംഒ) സൗത്ത് ബ്ലോക്കിന് പിന്നിൽ സ്ഥിതി ചെയ്യുന്ന പ്ലോട്ടുകൾ 36, 38 എന്നിവയുടെ പരിധിക്കുള്ളിലെ പുതിയ ഓഫിസിലേക്ക് മാറ്റാൻ ഒരുങ്ങുകയാണ്. ഈ നീക്കത്തിന് മുന്നോടിയായി നിലവിലുള്ള ഹട്ട്മെന്‍റുകൾ മാറ്റും. പ്രധാനമന്ത്രിയുടെ സുരക്ഷാചുമതലയുള്ള സംവിധാനവുമായി സഹകരിച്ച് പുതിയ ഓഫിസിന്‍റെ സുരക്ഷാക്രമീകരണങ്ങള്‍ വികസിപ്പിക്കും.
കൂടാതെ, കാബിനറ്റ് സെക്രട്ടേറിയറ്റ്, നാഷണൽ സെക്യൂരിറ്റി കൗൺസിൽ സെക്രട്ടേറിയറ്റ് (എൻഎസ്സിഎസ്), വിദേശകാര്യ മന്ത്രാലയത്തിന്‍റെ ഹൈദരാബാദ് ഹൗസിന് സമാനമായ കോൺഫറൻസിങ് സൗകര്യം എന്നിവയും പിഎംഒയ്ക്ക് സമീപമായിരിക്കും. ഈ സ്ഥാപനങ്ങൾ 'എക്‌സിക്യുട്ടീവ് എൻക്ലേവ്' എന്നറിയപ്പെടും.
ഹട്ട്മെന്‍റുകളുടെ സ്ഥലംമാറ്റം : യഥാർഥത്തിൽ രണ്ടാം ലോകമഹായുദ്ധസമയത്ത് നിർമിച്ച ഹട്ട്മെന്‍റുകൾ സൈന്യത്തിന്‍റെ കുതിരപ്പന്തികളും പട്ടാളത്താവളങ്ങളും ആയിരുന്നു. സെൻട്രൽ വിസ്‌തയ്ക്കുള്ളിലെ വിവിധ ഓഫിസുകളുടെ വികസനത്തിനായി ഈ ഹട്ട്മെന്‍റുകൾ നീക്കിവച്ചിരിക്കുന്നു. നിലവിൽ ഈ ഹട്ട്മെന്‍റിൽ പ്രവർത്തിക്കുന്ന ഓഫിസുകൾ കൂടുതൽ ആധുനികമായ കെട്ടിടങ്ങളിലേക്ക് മാറ്റും.