ജോധ്‌പുര്‍ (രാജസ്ഥാന്‍): ഇന്ത്യന്‍ വ്യോമസേന ദിനത്തില്‍ ആശംസയര്‍പ്പിച്ച് വെട്ടിലായി കേന്ദ്രമന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവത്ത്. വ്യോമസേനയുടെ സ്ഥാപകദിനമായ ഇന്ന് (08.10.2022) പാകിസ്ഥാന്‍ വ്യോമസേനയുടെ എഫ് 16 വിമാനത്തിന്‍റെ ചിത്രം ഉള്‍പ്പെടുത്തിയാണ് മന്ത്രി ട്വിറ്ററില്‍ ആശംസകള്‍ അറിയിച്ചത്. സംഭവം ട്രോളന്മാര്‍ ഏറ്റെടുത്തതോടെ മന്ത്രി പോസ്‌റ്റ് ഡിലീറ്റ് ചെയ്‌ത് ഇന്ത്യന്‍ വ്യോമസേനയുടെ യുദ്ധവിമാനം ഉള്‍പ്പെടുത്തിയുള്ള ആശംസ സന്ദേശം പങ്കുവച്ചു.
സര്‍ ഇത് 'നമ്മുടെയല്ല'; വ്യോമസേന ദിനത്തില്‍ പാക് വിമാനം ഉള്‍പ്പെടുത്തി ആശംസ സന്ദേശമയച്ച കേന്ദ്രമന്ത്രിയെ പരിഹസിച്ച് ട്രോളന്മാര്‍
ഇന്ത്യന്‍ വ്യോമസേനയുടെ സ്ഥാപകദിനമായ ഇന്ന് (08.10.2022) പാകിസ്ഥാന്‍ വ്യോമസേനയുടെ എഫ് 16 വിമാനത്തിന്‍റെ ചിത്രം ഉള്‍പ്പെടുത്തി ആശംസ സന്ദേശമയച്ച കേന്ദ്രമന്ത്രിയെ പരിഹസിച്ച് ട്രോളന്മാര്‍
നിങ്ങള്‍ തന്നെ എഫ് 16 നെ പിച്ചിചീന്തുകയും നിങ്ങള്‍ തന്നെ അത് പോസ്‌റ്ററില്‍ ഉപയോഗിക്കുകയും ചെയ്‌താലോ? എന്നായിരുന്നു പോസ്‌റ്റിനോട് ഒരു ഉപഭോക്താവ് പ്രതികരിച്ചത്. പ്രിയപ്പെട്ട ഐഎഎഫ്, നമ്മള്‍ എന്നുതുടങ്ങിയാണ് എഫ് 16 ഉപയോഗിച്ച് തുടങ്ങിയത് എന്ന് ചിലര്‍ ചോദ്യവുമായെത്തി. സര്‍ താങ്കള്‍ ദയവുചെയ്‌ത് ഈ ട്വീറ്റ് ഡിലീറ്റ് ചെയ്യുക, ഇന്ത്യന്‍ വ്യോമസേന എഫ് 16 ഉപയോഗിക്കുന്നില്ല എന്നായിരുന്നു മറ്റൊരാളുടെ ആവശ്യം. ഇന്ത്യക്കാരും പാകിസ്ഥാനികളുമായി ഉപയോക്താക്കള്‍ അവരുടെ കാഴ്‌ചപ്പാടുകള്‍ക്കനുസരിച്ചാണ് പോസ്‌റ്റിനോട് പ്രതികരിച്ചത്.
അതേസമയം, 'ആകാശത്തിന് തിളക്കമാര്‍ന്ന സ്‌പര്‍ശം. അഭിമാനത്തോടെ ആകാശം തൊടുന്ന ഇന്ത്യൻ വ്യോമസേനയ്ക്ക് 90-ാം സ്ഥാപക ദിനാശംസകൾ' എന്നായിരുന്നു മന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവത്തിന്‍റെ ആശംസാ സന്ദേശം. വിമാനം മാറിയെങ്കിലും പുതിയ പോസ്‌റ്റിലും അദ്ദേഹത്തിന്‍റെ ആശംസാവാചകങ്ങള്‍ക്ക് മാറ്റം വന്നില്ല.