ന്യൂഡല്‍ഹി:യഥാര്‍ഥവിഷയങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാന്‍ വേണ്ടിയുള്ള ശ്രമങ്ങളാണ് പാര്‍ലമെന്‍റില്‍ ഭരണപക്ഷം നടത്തുന്നതെന്ന് രാഹുല്‍ ഗാന്ധി. ഇന്ത്യന്‍ ജനാധിപത്യം അപകടത്തിലാണെന്ന രാഹുല്‍ ഗാന്ധിയുടെ യുകെയിലെ പ്രസംഗത്തെ ചൊല്ലിയുള്ള ബഹളത്തെ തുടര്‍ന്ന് ഇന്നും പാര്‍ലമെന്‍റിന്‍റെ ഇരു സഭകളും നടപടികള്‍ പൂര്‍ത്തിയാക്കാതെ പിരിഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഗൗതം അദാനിയും തമ്മിലുള്ള ബന്ധം സംബന്ധിച്ചുള്ള ചോദ്യങ്ങള്‍ക്ക് ഇപ്പോഴും പ്രധാനമന്ത്രി ഉത്തരം നല്‍കിയിട്ടില്ല.
കേന്ദ്ര സര്‍ക്കാര്‍ അദാനി വിഷയത്തില്‍ ഇപ്പോഴും ഭയചകിതരാണ്. തന്നെ പാര്‍ലമെന്‍റില്‍ സംസാരിക്കാന്‍ ബിജെപി അനുവദിക്കുമെന്ന് തോന്നുന്നില്ലെന്നും രാഹുല്‍ ഗാന്ധി ആരോപിച്ചു. അദാനി ഗ്രൂപ്പുമായി ബന്ധപ്പെട്ടുള്ള ഹിന്‍ഡന്‍ബര്‍ഗിന്‍റെ റിപ്പോര്‍ട്ടില്‍ സംയുക്ത പാര്‍ലമെന്‍ററി സമിതിയുടെ അന്വേഷണം വേണമെന്ന് കോണ്‍ഗ്രസും മറ്റ് പ്രതിപക്ഷ പാര്‍ട്ടികളും ആവശ്യപ്പെടുന്നതിനിടയിലാണ് രാഹുല്‍ ഗാന്ധിയുടെ പ്രതികരണം. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഗൗതം അദാനിയും തമ്മില്‍ അവിശുദ്ധ കൂട്ടുക്കെട്ടുണ്ടെന്ന ആരോപണത്തില്‍ അന്വേഷണം വേണമെന്നാണ് പ്രതിപക്ഷത്തിന്‍റെ ആവശ്യം.
നരേന്ദ്ര മോദിയും അദാനിയും തമ്മിലുള്ള ബന്ധം എന്ത്?: "നാല് മന്ത്രിമാര്‍ എനിക്ക് എതിരെ പാര്‍ലമെന്‍റില്‍ ആരോപണം ഉന്നയിച്ചു. അതുകൊണ്ട് എന്‍റെ ഭാഗം പാര്‍ലമെന്‍റില്‍ അവതരിപ്പിക്കുക എന്നുള്ളത് എന്‍റെ അവകാശമാണ്. ഞാന്‍ കരുതുന്നില്ല അവര്‍ എന്നെ പാര്‍ലമെന്‍റില്‍ സംസാരിക്കാന്‍ അനുവദിക്കുമെന്ന്. ലോക്‌സഭയില്‍ ഞാന്‍ വന്ന് ഒരു മിനിട്ടിനകം സഭ ഇന്നത്തേക്ക് പിരിച്ചുവിട്ടു. എന്നെ സഭയില്‍ സംസാരിക്കാന്‍ നാളെ അവര്‍ അനുവദിക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുകയാണ്," രാഹുല്‍ ഗാന്ധി മാധ്യമങ്ങളോട് പറഞ്ഞു.
നേരത്തെ താന്‍ അദാനി ഗ്രൂപ്പുമായി ബന്ധപ്പെട്ട് ലോക്‌സഭയില്‍ ഉയര്‍ത്തിയ ചോദ്യങ്ങള്‍ സഭ രേഖകളില്‍ നിന്ന് നീക്കം ചെയ്‌തു എന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. പൊതുസമക്ഷത്തില്‍ ഇല്ലാത്ത ഒന്നും ആ ചോദ്യങ്ങളില്‍ ഇല്ലായിരുന്നു. കേന്ദ്ര സര്‍ക്കാര്‍ അദാനി വിഷയത്തില്‍ ഭയപ്പെടുന്നത് കൊണ്ട് വിഷയത്തില്‍ നിന്ന് ശ്രദ്ധ തിരിക്കാനുള്ള ശ്രമങ്ങളാണ് ഭരണപക്ഷ അംഗങ്ങളുടെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നത്.