ന്യൂഡല്‍ഹി :പരിശീലന സ്ഥാപനങ്ങളില്‍ പതിനാറ് വയസിന് താഴെയുള്ളവരെ പ്രവേശിപ്പിക്കരുതെന്ന നിര്‍ദ്ദേശവുമായി കേന്ദ്രസര്‍ക്കാര്‍ (New Guidelines for Coaching Centers). മികച്ച മാര്‍ക്ക്, റാങ്ക് എന്നിങ്ങനെ തെറ്റായ വാഗ്‌ദാനങ്ങള്‍ നല്‍കി അവരെ ഇത്തരം കേന്ദ്രങ്ങളിലേക്ക് ആകര്‍ഷിക്കരുതെന്നാണ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം വ്യക്തമാക്കിയിട്ടുള്ളത്. ജോലിക്കും പ്രൊഫഷണല്‍ കോഴ്‌സുകളിലേക്കുള്ള പ്രവേശനം ഉള്‍പ്പടെ വിവിധ മത്സരപരീക്ഷകള്‍ക്ക് വേണ്ടി കുട്ടികളെ സജ്ജമാക്കുന്ന പരിശീലന സ്ഥാപനങ്ങള്‍ക്ക് വേണ്ടിയാണ് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കിയിട്ടുള്ളത്.
പരിശീലന കേന്ദ്രങ്ങളുടെ പ്രവര്‍ത്തനത്തിനായി പുറത്തിറക്കിയ മാര്‍ഗനിര്‍ദ്ദേശങ്ങളിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയിട്ടുള്ളത്. അനധികൃതമായി പൊട്ടി മുളയ്ക്കുന്ന സ്ഥാപനങ്ങളെ തടയുകയും ഇവയെ നിയന്ത്രിക്കുകയും ചെയ്യുന്നതിന് വേണ്ടിയാണ് പുതിയ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കിയിരിക്കുന്നത്. കോച്ചിങ് സെന്‍ററുകളില്‍ വിദ്യാര്‍ത്ഥികള്‍ ആത്മഹത്യ ചെയ്യുന്നതിനെക്കുറിച്ചും മതിയായ സൗകര്യങ്ങള്‍ ഇവര്‍ക്ക് ഏര്‍പ്പെടുത്താത്തതിനെക്കുറിച്ചുമുള്ള പരാതികളുടെ അടിസ്ഥാനത്തിലാണ് നടപടി.
ഇതിനുപുറമെ ഇവര്‍ സ്വീകരിക്കുന്ന അധ്യയന രീതിയെക്കുറിച്ചും പരാതികളുയര്‍ന്നിട്ടുണ്ട്. ബിരുദത്തില്‍ കുറഞ്ഞ യോഗ്യത ഉള്ളവരെ ഇത്തരം പരിശീലന സ്ഥാപനങ്ങളില്‍ പഠിപ്പിക്കാന്‍ നിയോഗിക്കരുത്. പന്ത്രണ്ടാം ക്ലാസിന് ശേഷം മാത്രമേ ഇത്തരം സ്ഥാപനങ്ങളില്‍ വിദ്യാര്‍ത്ഥികളെ പ്രവേശിപ്പിക്കാവൂ എന്നും മാര്‍ഗനിര്‍ദ്ദേശങ്ങളില്‍ വ്യക്തമായി പറയുന്നു.
എന്തെങ്കിലും അവകാശവാദങ്ങളുമായി പരിശീലന സ്ഥാപനങ്ങള്‍ പരസ്യം നല്‍കാന്‍ പാടില്ലെന്നും സര്‍ക്കാര്‍ നിര്‍ദ്ദേശിക്കുന്നു. പരിശീലന സ്ഥാപനങ്ങള്‍ നല്‍കുന്ന സൗകര്യങ്ങളെക്കുറിച്ചോ അവരുടെ നേട്ടങ്ങളെക്കുറിച്ചോ തെറ്റിദ്ധാരണാജനകമായ വിവരങ്ങള്‍ നല്‍കുന്ന തരത്തിലുള്ള പരസ്യങ്ങള്‍ പാടില്ല. സദാചാര വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ശിക്ഷിക്കപ്പെട്ട കുറ്റവാളികളെ പരിശീലന സ്ഥാപനങ്ങളില്‍ അധ്യാപകരായി നിയോഗിക്കരുത്. കൗണ്‍സിലിംഗ് സംവിധാനമില്ലാത്ത പരിശീലന സ്ഥാപനങ്ങള്‍ക്ക് രജിസ്ട്രേഷന്‍ നല്‍കില്ല.
പരിശീലന സ്ഥാപനങ്ങള്‍ക്ക് നിശ്ചയമായും വെബ്സൈറ്റ് ഉണ്ടായിരിക്കണം. ഇതില്‍ കോഴ്‌സ്, പാഠ്യപദ്ധതി, പരിശീലന കാലയളവ്, ഹോസ്റ്റല്‍ സൗകര്യങ്ങള്‍, ഫീസ്, അധ്യാപകര്‍ എന്നിവയെക്കുറിച്ചുള്ള തത്സമയ വിവരങ്ങള്‍ നല്‍കിയിരിക്കണം. കഠിനമായ മത്സരം, അക്കാദമിക സമ്മര്‍ദ്ദങ്ങള്‍ എന്നിവ കണക്കിലെടുത്ത് വിദ്യാര്‍ത്ഥികളുടെ മാനസിക ആരോഗ്യത്തിന് പരിശീലന സ്ഥാപനങ്ങള്‍ കൂടുതല്‍ പ്രാധാന്യം നല്‍കണം. കുട്ടികളില്‍ സമ്മര്‍ദ്ദമുണ്ടാക്കാതെ ക്ലാസുകള്‍ കൈകാര്യം ചെയ്യണമെന്നും നിര്‍ദ്ദേശമുണ്ട്.