ന്യൂഡല്‍ഹി:കേന്ദ്ര സര്‍ക്കാരിന്‍റെ കടബാധ്യത 155.6 ലക്ഷം കോടിയാണെന്ന് പാര്‍ലമെന്‍റില്‍ വ്യക്തമാക്കി സര്‍ക്കാര്‍. 2023 മാർച്ച് 31 വരെ കേന്ദ്രത്തിന് 155.6 ലക്ഷം കോടി രൂപ കടബാധ്യതയുണ്ടെന്നും 2020-21ലെ മൊത്ത ആഭ്യന്തര ഉത്‌പാദനമായ (ജിഡിപി) 61.5 ശതമാനത്തില്‍ നിന്നും 2022-23ൽ ജിഡിപി 57.1 ശതമാനമായി കുറഞ്ഞെന്നും സര്‍ക്കാര്‍ അറിയിച്ചു. രാജ്യത്തിന്‍റെ മൊത്തം കടബാധ്യതയെക്കുറിച്ചുള്ള കേരളത്തില്‍ നിന്നുള്ള സിപിഎം എംപി എളമരം കരീമിന്‍റെ ചോദ്യത്തിന് ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരിയാണ് രേഖാമൂലം മറുപടി നല്‍കിയത്.
കടം പെരുകുന്നു: എന്നാല്‍ ഈ കടം തിരിച്ചടയ്ക്കാനുള്ള ധനസമാഹരണത്തിനായി പൊതുമേഖല സ്ഥാപനങ്ങൾ വിറ്റഴിക്കാൻ സർക്കാർ പദ്ധതിയിടുന്നുണ്ടോ എന്ന എളമരം കരീമിന്‍റെ ചോദ്യത്തിന് കേന്ദ്രമന്ത്രി വ്യക്തമായൊരു മറുപടി പറയാതെ തള്ളിക്കളഞ്ഞു. ഇതോടെ സംസ്ഥാന സര്‍ക്കാരുകളുടെ കടബാധ്യതയെ കുറിച്ച് സഭയില്‍ ചോദ്യമുയര്‍ന്നു. ഇതിന് ആർബിഐയെയും സംസ്ഥാന ധനകാര്യ വിഭാഗത്തിന്‍റെയും ബജറ്റുകളുടെ പഠനം ഉദ്ധരിച്ച്, 2022-23 സാമ്പത്തിക വർഷത്തിന്‍റെ അവസാനത്തിൽ സംസ്ഥാന സര്‍ക്കാരുകളുടെ കടം ജിഡിപിയുടെ ഏകദേശം 28 ശതമാനം ആണെന്ന് കണക്കാക്കപ്പെടുന്നതായും ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി കൂട്ടിച്ചേര്‍ത്തു.
പ്രതിഷേധവുമായി കോണ്‍ഗ്രസ്: കഴിഞ്ഞമാസം തന്നെ രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിയില്‍ ഭരണപക്ഷത്തെ കുറ്റപ്പെടുത്തി കോണ്‍ഗ്രസ് രംഗത്തെത്തിയിരുന്നു. പ്രധാനമന്ത്രി മോദിയുടെ കീഴിലുള്ള ഒമ്പത് വർഷത്തിനുള്ളിൽ ഇന്ത്യയുടെ കടം ഏതാണ്ട് മൂന്നിരട്ടിയായി വർധിച്ച് 155 ലക്ഷം കോടി രൂപയായതായി കോണ്‍ഗ്രസ് ആരോപണം കടുപ്പിച്ചിരുന്നു. രാജ്യത്തിന്‍റെ നിലവിലെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കി ധവളപത്രം പുറത്തിറക്കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരുന്നു.