ന്യൂഡല്‍ഹി:ഗാര്‍ഹിക പാചകവാതക സിലിണ്ടര്‍ വില കുറച്ച് കഴിഞ്ഞ രണ്ട് വര്‍ഷമായി ഉപഭോക്താക്കള്‍ക്ക് നല്‍കിയത് മൂലം ഉണ്ടായ നഷ്‌ടം പരിഹരിക്കുന്നതിന് മൂന്ന് പൊതുമേഖല എണ്ണകമ്പനികള്‍ക്ക് 22,000 കോടി രൂപയുടെ ഒറ്റത്തവണ ഗ്രാന്‍ഡ് നല്‍കുമെന്ന് കേന്ദ്രസര്‍ക്കാര്‍. ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാന്‍ പെട്രോളിയം എന്നീ കമ്പനികള്‍ക്ക് ഗ്രാന്‍ഡ് നല്‍കാനാണ് പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ നടന്ന കേന്ദ്ര മന്ത്രിസഭാ യോഗത്തിന്‍റെ തീരുമാനം.
എണ്ണകമ്പനികള്‍ക്ക് 22,000 കോടി രൂപയുടെ ഒറ്റത്തവണ ഗ്രാന്‍ഡ് നല്‍കാന്‍ തീരുമാനം
ഗാര്‍ഹിക എല്‍പിജി സിലിണ്ടറുകള്‍ വിലകുറച്ച് നല്‍കിയതിന്‍റെ നഷ്‌ടം പരിഹരിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ പൊതുമേഖല എണ്ണ കമ്പനികള്‍ക്ക് ഗ്രാന്‍ഡ് നല്‍കുന്നത്.
2020 ജൂണ്‍ മുതല്‍ 2022 ജൂണ്‍ വരെയുള്ള നഷ്‌ടം പരിഹരിക്കാനാണ് ഗ്രാന്‍ഡ്. സര്‍ക്കാര്‍ നിശ്ചയിക്കുന്ന വിലയിലാണ് ഗാര്‍ഹിക എല്‍പിജി സിലിണ്ടറുകള്‍ ഈ കമ്പനികള്‍ ഉപഭോക്താവിന് നല്‍കുന്നത്. ജൂണ്‍ 2020 മുതല്‍ 2022 ജൂണ്‍ വരെ അന്താരാഷ്‌ട്ര വിപണിയില്‍ എല്‍പിജിയുടെ വില 300 ശതമാനമാണ് വര്‍ധിച്ചത്. എന്നാല്‍ ഉയര്‍ന്ന വിലയില്‍ നിന്ന് കുടുംബങ്ങള്‍ക്ക് പരിരക്ഷ നല്‍കാനായി അന്താരാഷ്‌ട്ര വിപണിയില്‍ ഉണ്ടായ വില വര്‍ധനവിന് ആനുപാതികമായി എണ്ണകമ്പനികള്‍ വില ഉയര്‍ത്തിയിരുന്നില്ല എന്ന് കേന്ദ്ര സര്‍ക്കാറിന്‍റെ പ്രസ്‌താവനയില്‍ വ്യക്തമാക്കി.
ഈ കാലയളവില്‍ ഗാര്‍ഹിക എല്‍പിജി സിലിണ്ടറിന്‍റെ വിലയില്‍ 72 ശതമാനത്തിന്‍റെ വര്‍ധനവ് മാത്രമെ വരുത്തിയിരുന്നുള്ളൂ. അതുകൊണ്ടുതന്നെ പൊതുമേഖല എണ്ണ കമ്പനികള്‍ക്ക് കാര്യമായ നഷ്‌ടം സംഭവിച്ചുവെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി.