കേരളം

kerala

ETV Bharat / bharat

കര്‍ഷക നേതാക്കളുമായുള്ള കേന്ദ്ര സര്‍ക്കാര്‍ ചര്‍ച്ച പരാജയപ്പെട്ടു - പുതിയ കാര്‍ഷിക നിയമം

ഡിസംബര്‍ മൂന്ന് വ്യാഴാഴ്‌ച വീണ്ടും ചര്‍ച്ച നടത്തും. പുതിയ മൂന്ന് നിയമങ്ങളും റദ്ദാക്കണമെന്ന് കർഷക പ്രതിനിധികൾ ഐകകണ്ഠേന ചര്‍ച്ചയില്‍ പറഞ്ഞു.

farmers protest news  കര്‍ഷക പ്രക്ഷോഭം  സര്‍ക്കാര്‍ വാര്‍ത്തകള്‍  പുതിയ കാര്‍ഷിക നിയമം  farmers issue news
കര്‍ഷക നേതാക്കളുമായുള്ള കേന്ദ്ര സര്‍ക്കാര്‍ ചര്‍ച്ച പരാജയപ്പെട്ടു

By

Published : Dec 1, 2020, 7:49 PM IST

ന്യൂഡൽഹി: പുതിയ കാർഷിക നിയമങ്ങൾക്കെതിരെ പ്രതിഷേധിക്കുന്ന കര്‍ഷക സംഘടനാ പ്രതിനിധികളുമായി കേന്ദ്ര സര്‍ക്കാര്‍ നടത്തിയ ചര്‍ച്ച പരാജയം . പുതിയ കാർഷിക നിയമങ്ങളുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ അന്വേഷിക്കുന്നതിനായി അഞ്ചംഗ സമിതി രൂപീകരിക്കാനുള്ള സർക്കാരിന്‍റെ നിർദേശവും കർഷക സംഘടനകൾ നിരസിച്ചുവെന്ന് ഭാരത് കിസാൻ യൂണിയൻ (ഏക്ത ഉഗ്രഹാൻ) അംഗം രൂപ്‌സിങ് സിൻഹ പറഞ്ഞു. പുതിയ നിയമങ്ങൾക്കെതിരെ പ്രതിഷേധിക്കുന്ന കർഷകരുടെ ഏറ്റവും വലിയ സംഘടനകളില്‍ ഒന്നാണിത്. എന്നിരുന്നാലും, പ്രശ്‌നങ്ങൾ പരിശോധിക്കാൻ ഉന്നതതല സമിതി രൂപീകരിക്കണമെന്ന നിലപാടിൽ സർക്കാർ പക്ഷം ഉറച്ചുനിന്നു. കർഷക പ്രതിനിധികൾ ഈ നിർദേശം പരിഗണിക്കണമെന്ന് സര്‍ക്കാര്‍ പ്രതിനിധികള്‍ ആവശ്യപ്പെട്ടു. മൂന്ന് കേന്ദ്രമന്ത്രിമാരുമായുള്ള മാരത്തൺ യോഗത്തിൽ 35 കര്‍ഷക സംഘടന സംഘടനാ പ്രതിനിധികള്‍ പങ്കെടുത്തിരുന്നു. ഡിസംബര്‍ മൂന്ന് വ്യാഴാഴ്‌ച വീണ്ടും ചര്‍ച്ച നടത്താൻ സര്‍ക്കാര്‍ തയാറായിട്ടുണ്ടെന്ന് മീറ്റിങ്ങിന് ശേഷം കര്‍ഷക നേതാക്കള്‍ അറിയിച്ചു. പിന്നാലെ സര്‍ക്കാരും ഇത് ഔദ്യോഗികമായി പ്രഖ്യാപിച്ചു.

കര്‍ഷകരുടെ താൽപ്പര്യത്തിന് വിരുദ്ധമാണെന്ന് ആരോപിക്കുന്ന മൂന്ന് നിയമങ്ങളും റദ്ദാക്കണമെന്ന് കർഷക പ്രതിനിധികൾ ഐകകണ്ഠേന ചര്‍ച്ചയില്‍ പറഞ്ഞു. പുതിയ നിയമങ്ങൾ കർഷകർക്ക് മികച്ച അവസരങ്ങൾ നൽകുമെന്നും കാർഷിക മേഖലയിലെ പുതിയ സാങ്കേതികവിദ്യകൾ കൊണ്ടുവരുമെന്നും സർക്കാർ പ്രതിനിധികള്‍ പറഞ്ഞെങ്കിലും കര്‍ഷകര്‍ അംഗീകരിച്ചില്ല. കേന്ദ്ര കാർഷിക മന്ത്രി നരേന്ദ്ര സിങ് തോമറിനൊപ്പം റെയിൽ‌വേ, വാണിജ്യ, വ്യവസായ മന്ത്രി പീയൂഷ് ഗോയൽ, പഞ്ചാബ് എംപിയായ വാണിജ്യ സഹമന്ത്രി സോം പ്രകാശ് എന്നിവരും പങ്കെടുത്തിരുന്നു.

ഇത്തരം വലിയ ഗ്രൂപ്പുകളുമായി സംവദിക്കുമ്പോൾ തീരുമാനത്തിലെത്താൻ പ്രയാസമാണെന്നും അതിനാൽ ഒരു ചെറിയ ഗ്രൂപ്പുമായി കൂടിക്കാഴ്ച നടത്താനുള്ള സൗകര്യം ഒരുക്കണമെന്നും സര്‍ക്കാര്‍ നിര്‍ദേശിച്ചു. എന്നാൽ കർഷക നേതാക്കൾ ഒന്നിച്ച് മാത്രമേ കൂടിക്കാഴ്ച നടത്തുകയുള്ളൂവെന്ന് മറുപടി നല്‍കിയതായി പ്രതിഷേധക്കാരോട് അടുത്ത വ്യത്തങ്ങള്‍ അറിയിച്ചു. തങ്ങളുടെ ഐക്യവും പ്രതിഷേധത്തിന്‍റെ ശക്തിയും തകർക്കാൻ സർക്കാർ ശ്രമിച്ചേക്കുമെന്ന് തങ്ങള്‍ ഭയപ്പെടുന്നുണ്ടെന്ന് യൂണിയൻ നേതാക്കൾ പറഞ്ഞു.

കനത്ത സുരക്ഷാ ക്രമീകരണങ്ങള്‍ക്ക് നടുവിലാണ് യോഗം നടന്നത്. യോഗത്തിന് മണിക്കൂറുകൾക്ക് മുമ്പ് കേന്ദ്രമന്ത്രിമാരായ രാജ്‌നാഥ് സിങ്, അമിത് ഷാ, നരേന്ദ്ര സിങ് തോമർ, പീയൂഷ് ഗോയൽ, ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി നദ്ദയും എന്നിവര്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. പഞ്ചാബിൽ നിന്നും ഹരിയാനയിൽ നിന്നുമുള്ള കർഷകർ സിങ്കു, തിക്രി അതിർത്തികളിൽ തുടരുകയാണ്. സമാധാനപരമായി കുത്തിയിരിപ്പ് സമരമാണ് കര്‍ഷകര്‍ നത്തുന്നത്. വെള്ളിയാഴ്ച നടന്ന അക്രമത്തിന് ശേഷം അനിഷ്ട സംഭവങ്ങളൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. അതേസമയം ഗാസിപൂർ അതിർത്തിയിൽ പ്രതിഷേധക്കാരുടെ എണ്ണം വർധിക്കുന്നുണ്ട്. കർഷകരുടെ ജനാധിപത്യ പോരാട്ടത്തെ മാനിക്കാനും നിയമങ്ങൾ റദ്ദാക്കാനും കേന്ദ്രത്തോട് ആവശ്യപ്പെട്ട് പ്രതിപക്ഷ പാർട്ടികളും സമ്മർദ്ദം ശക്തമാക്കി.

ABOUT THE AUTHOR

...view details