ന്യൂഡൽഹി: രാജ്യത്ത് തക്കാളി വില കുതിച്ചുയരുന്ന സാഹചര്യത്തിൽ സബ്‌സിഡി നിരക്കിൽ ഉപഭോക്താക്കൾക്ക് നൽകാൻ വീണ്ടും കേന്ദ്ര സർക്കാർ ഇടപെടൽ. തക്കാളിയുടെ മൊത്തവില കിലോയ്‌ക്ക് 90 രൂപയിൽ നിന്ന് 80 രൂപയാക്കി കുറച്ച് നൽകാനാണ് കേന്ദ്ര സർക്കാർ ഇന്ന് തീരുമാനിച്ചത്. വിപണിയിലെ തക്കാളി വിലയും സാധാരണക്കരുടെ പ്രതിസന്ധിയും വിലയിരുത്തിയ ശേഷമാണ് തക്കാളിയുടെ വില പരിഷ്‌കരിക്കാനുള്ള തീരുമാനം.
വിലക്കുറവ് തെരഞ്ഞെടുത്ത നഗരങ്ങളിൽ:നാഷണൽ അഗ്രികൾച്ചർ കോ-ഓപ്പറേഷൻ മാർക്കറ്റിങ് ഫെഡറേഷൻ ഓഫ് ഇന്ത്യ (എൻഎഎഫ്‌ഇഡി), നാഷണൽ കൺസ്യൂമർ കോഓപ്പറേഷൻ ഫെഡറേഷൻ (എൻസിസിഎഫ്) എന്നിവയുടെ നേതൃത്വത്തിൽ ഇന്ന് മുതൽ കുറഞ്ഞ വിലയിൽ തക്കാളി നേരിട്ട് വിതരണം ചെയ്‌ത് തുടങ്ങി. നിലവിൽ ഡൽഹി, നോയിഡ, ലഖ്‌നൗ, കാൺപൂർ, വാരാണസി, പട്‌ന, മുസാഫർപൂർ, അറാ എന്നിവിടങ്ങളിലാണ് 80 രൂപ നിരക്കിൽ തക്കാളി വിതരണം ചെയ്‌തിട്ടുള്ളത്. വില വ്യത്യാസം ഇനി കൂടുതൽ നഗരങ്ങളിലേയ്‌ക്കും വ്യാപിപ്പിക്കും.
ജൂലൈ 14ന് തക്കാളിയുടെ വില കിലോഗ്രാമിന് 90 രൂപയാക്കി പരിഷ്‌കരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും വില കുറച്ചത്. ആന്ധ്രാപ്രദേശ്, കർണാടക, മഹാരാഷ്‌ട്ര എന്നിവിടങ്ങളിൽ നിന്നാണ് നിലവിൽ തക്കാളി എത്തിക്കുന്നതെന്ന് എൻസിസിഎഫ് ചെയർമാൻ വിശാൽ സിങ് പറഞ്ഞു. കഴിഞ്ഞ ഒരു മാസമായി തക്കാളി വില കുതിച്ചുയർന്നത് ഉപഭോക്താക്കളെ കാര്യമായി ബാധിച്ചിരുന്നു. തക്കാളി കൃഷി ചെയ്യുന്ന പ്രധാന നഗരങ്ങളിലെ ചൂടിലും മഴയിലുമുണ്ടായ കാലാവസ്ഥ വ്യതിയാനങ്ങളാണ് തക്കാളിക്ക് വില വർധിക്കാൻ ഒരു പ്രധാന കാരണം. ഇത് പുറമെ പലയിടത്തും മഴമൂലമുണ്ടായ ഗതാഗത തടസം കൊണ്ട് കർഷകർക്ക് തക്കാളി വ്യാപാരികളിലെത്തിക്കാൻ കഴിത്തതും വിലയെ ബാധിച്ചു.