ന്യൂഡല്‍ഹി: പെട്രോള്‍-ഡീസല്‍ വിലയില്‍ ഇളവ് വരുത്തി കേന്ദ്രസര്‍ക്കാര്‍. പെട്രോളിന്‍റെ എക്‌സൈസ് തീരുവയില്‍ ഏട്ട് രൂപയും ഡീസലിന്‍റേതില്‍ ആറ് രൂപയുമാണ് കുറച്ചത്. ഇതോടെ രാജ്യത്ത് പെട്രോള്‍ ലിറ്ററിന് 9 രൂപ 50 പൈസയും ഡീസലിന് ഏഴ് രൂപയും കുറയും.
കേരളത്തില്‍ പെട്രോള്‍ ലിറ്ററിന് 10 രൂപ 40 പൈസയും, ഡീസലിന് 7 രൂപ 37 പൈസയും കുറയും. പാചക വാതക സിലിണ്ടറിന് 200 രൂപ സബ്‌സിഡി ഉജ്വല പദ്ധതി പ്രകാരം നല്‍കും. ഈ പദ്ധതിക്ക് കീഴിലെ ഒമ്പത് കോടി പേര്‍ക്ക് സിലിണ്ടറുകള്‍ സബ്‌സിഡി നിരക്കില്‍ ലഭിക്കും.
വിലക്കയറ്റം രൂക്ഷമാവുന്ന സാഹചര്യത്തിലാണ് കേന്ദ്രസര്‍ക്കാരിന്‍റെ നടപടി. സ്റ്റീലിന്‍റെയും സിമന്‍റിന്‍റെയും വില കുറയ്ക്കാനും ഇടപെടല്‍ ഉണ്ടാകുമെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ അറിയിച്ചു. വളങ്ങള്‍ക്ക് 1.10 കോടി രൂപയുടെ സബ്‌സിഡി നല്‍കും.
ഈ വര്‍ഷത്തെ ബജറ്റിലെ 1.05 ലക്ഷം കോടിക്ക് പുറമെയാണിത്. പ്ലാസ്‌റ്റിക് ഉത്പന്നങ്ങളുടെയും അസംസ്‌കൃത വസ്‌തുക്കളുടെയും കസ്‌റ്റംസ് തീരുവയിലും ഇളവ് പ്രഖ്യാപിച്ചു. സ്റ്റീലിന്‍റെ ചില അസംസ്‌കൃത വസ്‌തുക്കളുടെ ഇറക്കുമതി തീരുവ കുറയ്ക്കും. ചില സ്റ്റീല്‍ ഉത്പന്നങ്ങള്‍ക്ക് കയറ്റുമതി തീരുവ ചുമത്തുമെന്നും കേന്ദ്രമന്ത്രി ട്വീറ്റ് ചെയ്‌തു.
നേരത്തെയും സമാനമായ രീതിയില്‍ കേന്ദ്രസര്‍ക്കാര്‍ എക്‌സൈസ് തീരുവ കുറച്ചിരുന്നു. അതേരീതിയിലാണ് ഇപ്പോള്‍ എക്‌സൈസ് ഡ്യൂട്ടി കുറയ്‌ക്കാനായി തീരുമാനിച്ചിട്ടുളളത്. എക്സൈസ് ഡ്യൂട്ടിയിലെ ഈ കുറവ് ആനുപാതികമായി ഓരോ സംസ്ഥാനങ്ങളിലും ലഭ്യമാകുന്ന പെട്രോളിന്‍റെ വിലയില്‍ വലിയ തോതില്‍ കുറവുണ്ടാകാനുളള സാഹചര്യവും ഉണ്ടാകും.
എക്‌സൈസ് ഡ്യൂട്ടി ഇപ്പോള്‍ കുറച്ചതിന്‍റെ അടിസ്ഥാനത്തില്‍ ഒരു ലക്ഷം കോടി പ്രതിവര്‍ഷം സര്‍ക്കാരിന് ബാധ്യതയുണ്ടാകുമെന്നാണ് കേന്ദ്രധനമന്ത്രി വ്യക്തമാക്കിയിട്ടുളളത്.