ന്യൂഡൽഹി: സ്വകാര്യ ആശുപത്രികളിൽ കൊവിഡ് വാക്‌സിന് ഈടാക്കാനാവുന്ന പരമാവധി വില പ്രഖ്യാപിച്ച് കേന്ദ്രം. കൊവിഷീൽഡ്, കൊവാക്‌സിൻ, സ്‌പുട്‌നിക്ക് വി എന്നീ വാക്‌സിനുകളുടെ വില നിശ്ചയിച്ചുകൊണ്ടാണ് കേന്ദ്ര സർക്കാർ ഉത്തരവിറക്കിയത്. കൊവിഷീൽഡ് ഒരു ഡോസിന് 780 രൂപ, കൊവാക്‌സിൻ ഡോസിന് 1,410 രൂപ, സ്‌പുട്‌നിക്ക് ഡോസിന് 1,145 രൂപ എന്നിങ്ങനെയാണ് വില.
Also Read:കൊവിഡ് മൂന്നാം തരംഗം കുട്ടികളില്‍ ഗുരുതരമാകുമെന്നതിന് തെളിവില്ലെന്ന് രണ്‍ദീപ് ഗുലേറിയ
സ്വകാര്യ വാക്‌സിൻ കേന്ദ്രങ്ങളിൽ വാക്‌സിൻ ഡോസുകൾക്ക് അമിത വിലയീടാക്കിയാൽ കർശന നടപടി സ്വീകരിക്കണമെന്ന് കഴിഞ്ഞ ദിവസം കേന്ദ്രം സംസ്ഥാന സർക്കാരുകൾക്ക് നിർദേശം നൽകിയിരുന്നു. സ്വകാര്യ ആശുപത്രികൾ വാക്‌സിന് ഈടാക്കുന്ന വില നിരന്തരം നിരീക്ഷിക്കണമെന്നും നിർദേശമുണ്ട്. വാക്‌സിൻ നൽകുന്നതിന് സർവീസ് ചാർജായി 150 രൂപയിൽ കൂടുതൽ ഈടാക്കരുതെന്നും കേന്ദ്രത്തിന്‍റെ ഉത്തരവിൽ പറയുന്നുണ്ട്.
Also Read:സ്തംഭിച്ച് മാധ്യമങ്ങളുടേതടക്കം വെബ്‌സൈറ്റുകള്‍ ; തിരികെ ലഭ്യമായത് പ്രശ്നപരിഹാരശേഷം
പ്രധാനമന്ത്രി നരേന്ദ്ര മോദി പുതുക്കിയ കേന്ദ്രീകൃത വാക്സിൻ നയം പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് സ്വകാര്യ ആശുപത്രികളിലെയും വാക്‌സിന്‍റെ വില നിശ്ചയിച്ച് ഉത്തരവിറങ്ങിയിരിക്കുന്നത്. രാജ്യത്തെ 18 വയസ് കഴിഞ്ഞ എല്ലാ പൗരന്മാർക്കും കൊവിഡ് വാക്‌സിൻ സർക്കാർ ആശുപത്രികളിലൂടെ സൗജന്യമായി നൽകും എന്നായിരുന്നു പ്രധാനമന്ത്രി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്.