ന്യൂഡല്‍ഹി: തക്കാളിയുടെ പൊള്ളുന്ന വില വര്‍ധനവില്‍ കേന്ദ്ര സർക്കാർ ഇടപെടല്‍. തക്കാളി വില കിലോയ്‌ക്ക് 80ല്‍ നിന്നും 70 രൂപയായി കുറയ്ക്കുന്നതായി കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. വ്യാഴാഴ്‌ച്ച (20.07.2023) മുതലാണ് പുതുക്കിയ വില പ്രാബല്യത്തില്‍ വരിക.
ഇക്കഴിഞ്ഞ വെള്ളിയാഴ്‌ച മുതലാണ് കേന്ദ്ര സര്‍ക്കാര്‍ സബ്‌സിഡി നിരക്കില്‍ തക്കാളി വില്‍ക്കുവാന്‍ ആരംഭിച്ചത്. സഹകരണ സ്ഥാപനങ്ങളായ നാഫെഡിനും (NAFED) എന്‍സിസിഎഫിനുമാണ് (NCCF) വില്‍പന ചുമതല. തക്കാളി വില വർധന കണക്കിലെടുത്ത് 2023 ജൂലൈ 20 മുതല്‍ കിലോയ്‌ക്ക് 70 രൂപ നിരക്കില്‍ തക്കാളി വില്‍ക്കുവാന്‍ ഉപഭോക്തൃ വകുപ്പ് എന്‍സിസിഎഫിനും നാഫെഡിനും നിര്‍ദേശം നല്‍കിയതായി ഔദ്യോഗിക പ്രസ്‌താവനയില്‍ പറയുന്നു.
നേരിയ ആശ്വാസം: രണ്ട് സഹകരണ സ്ഥാപനങ്ങളും സംഭരിച്ച തക്കാളി തുടക്കത്തില്‍ കിലോയ്‌ക്ക് 90 രൂപയും ജൂലൈ 16ന് 80 രൂപയായും കുറച്ചിരുന്നു. തക്കാളി വില 70 രൂപയായി കുറച്ചത് ഉപയോക്താക്കള്‍ക്ക് ആശ്വാസമാകുമെന്ന് പ്രസ്‌താവനയില്‍ പറയുന്നു. വില്‍പനയ്‌ക്കായി ആന്ധ്രാപ്രദേശ്, കര്‍ണാടക, മഹാരാഷ്‌ട്ര എന്നിവടങ്ങളില്‍ നിന്നാണ് എന്‍സിസിഎഫും നാഫെഡും തക്കാളി സംഭരിച്ചത്.
ഈ മാസം ജൂലൈ 14 മുതലാണ് ഡല്‍ഹി എന്‍സിആറില്‍ തക്കാളിയുടെ ചില്ലറ വില്‍പന ആരംഭിച്ചത്. ഇരു സ്ഥാപനങ്ങളും ചേര്‍ന്ന് ജൂലൈ 18 വരെ സംഭരിച്ചത് 391 ടണ്‍ തക്കാളിയാണ്.
തക്കാളി കൊണ്ടൊരു തുലാഭാരം: അതേസമയം, അടുത്തിടെ ആന്ധ്രാപ്രദേശില്‍ തക്കാളി കൊണ്ടൊരു തുലാഭാരം നടത്തി വാര്‍ത്തകളില്‍ ഇടംപിടിച്ചിരിക്കുകയാണ് ഒരു പെണ്‍കുട്ടി. ആന്ധ്രാപ്രദേശിലെ നുകലമ്മ ക്ഷേത്രത്തിൽ, അണക്കാപ്പള്ളി സ്വദേശി അപ്പാറാവുവിന്‍റേയും മോഹിനിയുടേയും മകൾ ഭവിഷ്യയാണ് ജനങ്ങളുടെ ശ്രദ്ധയാകര്‍ഷിക്കുന്നത്. തക്കാളി വില 120 രൂപയായിരിക്കെ 51കിലോ ഉപയോഗിച്ചാണ് തുലാഭാരം നടത്തിയത്.
തക്കാളി വിറ്റ് ഒറ്റരാത്രി കൊണ്ട് കർഷകർ സാമ്പത്തിക നില മെച്ചപ്പെടുത്തുകയും ഇതേ പച്ചക്കറിയെച്ചൊല്ലി ആളുകള്‍ തമ്മില്‍ തര്‍ക്കവും മോഷണവും അടക്കമുള്ള സംഭവങ്ങള്‍ നടക്കുകയും ചെയ്യുമ്പോഴാണ് ആന്ധ്രയില്‍ നിന്നുള്ള വ്യത്യസ്‌തമായ ഈ റിപ്പോര്‍ട്ട്. തക്കാളി ഉപയോഗിച്ച ശേഷം ശർക്കര കൊണ്ടും ഭവിഷ്യ തുലാഭാരം നടത്തി. ഇതിനായി ഉപയോഗിച്ച തക്കാളിയും ശര്‍ക്കരയും അന്നദാനത്തിനായി നല്‍കുമെന്ന് ക്ഷേത്ര ഭാരവാഹികൾ മാധ്യമങ്ങളോട് പറഞ്ഞു.
തക്കാളി മോഷണം: ഈ മാസം ആറിന് കര്‍ണാടകയിലെ ഹാസല്‍ ജില്ലിയിലെ കൃഷിയിടത്തില്‍ നിന്ന് രണ്ടര ലക്ഷം രൂപ വില വരുന്ന തക്കാളി മോഷണം പോയിരുന്നു. ജൂലൈ നാലിന് രാത്രിയായിരുന്നു സംഭവം. രണ്ടേക്കര്‍ സ്ഥലത്ത് ധരണി എന്ന കര്‍ഷക കൃഷി ചെയ്‌തിരുന്ന തക്കാളിയാണ് മോഷണം പോയത്.
ബെംഗളൂരുവില്‍ തക്കാളി കിലോയ്‌ക്ക് 120 രൂപയ്‌ക്ക് മുകളിലെത്തിയിരുന്നു. തക്കാളി വിളവെടുത്ത് വിപണിയില്‍ എത്തിക്കാനിരിക്കൊണ് കവര്‍ച്ച നടന്നതെന്ന് ധരണി പറഞ്ഞു. ബീന്‍സി വിളവെടുപ്പില്‍ തങ്ങള്‍ക്ക് വലിയ നഷ്‌ടം സംഭവിച്ചിരുന്നു. പിന്നീട് വായ്‌പ എടുത്തായിരുന്നു തക്കാളി കൃഷി ചെയ്‌തിരുന്നത്. തങ്ങള്‍ക്ക് നല്ല വിളവുണ്ടായിരുന്നു. തക്കാളിക്ക് വിലയും ഉയര്‍ന്നു. 50-60 ചാക്ക് തക്കാളി മോഷ്‌ടാക്കള്‍ എടുത്തു. ഇതിന് പുറമെ ബാക്കിയുള്ള കൃഷി മോഷ്‌ടാക്കള്‍ നശിപ്പിക്കുകയും ചെയ്‌തുവെന്നും ധരണി പറഞ്ഞു. ഹളേബീട് പൊലീസ് സ്‌റ്റേഷനില്‍ പരായി നല്‍കിയിട്ടുണ്ട്.
കീടബാധയെ തുടര്‍ന്ന് കൃഷി നശിക്കുന്ന സാഹചര്യവും നിലവിലുണ്ട്. ഒരാഴ്‌ച കൊണ്ട് 2-3 ലക്ഷം രൂപയുടെ നഷ്‌ടമാണ് ധാര്‍വാഡിലെ കര്‍ഷകന് ഉണ്ടായത്. വിപണിയില്‍ വില ഉണ്ടെങ്കിലും ഇത്തരത്തില്‍ കൃഷി നശിക്കുന്നതും വിളവെടുക്കുന്നതിന് മുന്‍പേ മോഷ്‌ടിക്കപ്പെടുന്നതും കര്‍ഷകരെ ആശങ്കയിലാഴ്‌ത്തിയിരിക്കുകയാണ്.