ന്യൂഡല്‍ഹി : ദളിത് ക്രിസ്‌ത്യാനികളെയും ദളിത് മുസ്‌ലിങ്ങളെയും പട്ടിക ജാതികളുടെ പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനെ സുപ്രീംകോടതിയില്‍ പ്രതിരോധിച്ച് കേന്ദ്ര സര്‍ക്കാര്‍. ചരിത്രപരമായ കണക്കുകളില്‍ പ്രസ്‌തുത സമുദായങ്ങള്‍ അടിച്ചമര്‍ത്തലുകളോ പിന്നോക്കാവസ്ഥയോ നേരിടുന്നില്ലെന്ന് വ്യക്തമാക്കിയുള്ള സത്യവാങ്‌മൂലത്തിലാണ് കേന്ദ്ര സര്‍ക്കാര്‍ ഇക്കാര്യം അറിയിച്ചത്. അതുകൊണ്ടുതന്നെ പട്ടിക ജാതിക്കാര്‍ക്ക് അനുവദിച്ച ആനുകൂല്യങ്ങള്‍ ദളിത് ക്രിസ്‌ത്യാനികള്‍ക്കോ ദളിത് മുസ്‌ലിങ്ങള്‍ക്കോ ആവശ്യപ്പെടാനാവില്ലെന്ന ഭരണഘടനയുടെ പട്ടികജാതികള്‍ക്കായുള്ള 1950 ലെ ഉത്തരവില്‍ യാതൊരുവിധ ഭരണഘടനാ ലംഘനവും കാണുന്നില്ലെന്നും സാമൂഹിക നീതി, ശാക്തീകരണ മന്ത്രാലയം വ്യക്തമാക്കി.
ദളിത് ക്രിസ്‌ത്യാനി, മുസ്‌ലിം വിഭാഗങ്ങളെ പട്ടിക ജാതിയില്‍ നിന്ന് ഒഴിവാക്കിയതില്‍ ഭരണഘടനാലംഘനമില്ലെന്ന് കേന്ദ്രം - ന്യൂഡല്‍ഹി
ദളിത് ക്രിസ്‌ത്യാനികളെയും ദളിത് മുസ്‌ലിങ്ങളെയും പട്ടിക ജാതിയില്‍ നിന്ന് ഒഴിവാക്കിയതില്‍ ഭരണഘടനാലംഘനം കാണുന്നില്ലെന്ന് സത്യവാങ്‌മൂലത്തിലൂടെ സുപ്രീംകോടതിയെ അറിയിച്ച് കേന്ദ്രസര്‍ക്കാര്‍
ദളിത് വിഭാഗത്തില്‍ നിന്ന് ക്രിസ്‌തു മതത്തിലേക്കും ഇസ്‌ലാമിലേക്കും പരിവര്‍ത്തനം ചെയ്‌തവര്‍ക്കും സംവരണവും ആനുകൂല്യങ്ങളും ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് ഒരു എന്‍ജിഒ സംഘടന നല്‍കിയ പൊതു താല്‍പര്യ ഹര്‍ജിക്കാണ് കേന്ദ്രത്തിന്‍റെ സത്യവാങ്‌മൂലം മുഖേനയുള്ള പ്രതിരോധം. ഭരണഘടനയില്‍ പട്ടികജാതിക്കാര്‍ക്കായുള്ള 1950 ലെ ഉത്തരവ് ഒരു പ്രത്യേക സാമൂഹിക വിഭാഗത്തില്‍ പെട്ടവര്‍ക്ക് മാത്രമുള്ളതാണെന്നും മന്ത്രാലയം സത്യവാങ്‌മൂലത്തില്‍ അറിയിച്ചു. മാത്രമല്ല ഹിന്ദു മതവിഭാഗത്തില്‍ കാണപ്പെട്ടിരുന്ന സാമ്പത്തികവും സാമൂഹികവുമായ പിന്നോക്കാവാസ്ഥയിലേക്ക് നയിക്കുന്ന തൊട്ടുകൂടായ്‌മ പോലുള്ളവ ക്രിസ്‌തു മതത്തിലും ഇസ്‌ലാമിലും നിലവിലില്ലായിരുന്നുവെന്നും അതുകൊണ്ടുതന്നെ ഇവരെ ഒഴിവാക്കുന്നത് ഭരണഘടനാ വിരുദ്ധമാകില്ലെന്നും സത്യവാങ്‌മൂലത്തില്‍ പറയുന്നുണ്ട്.
പട്ടിക ജാതിയില്‍ ഉള്‍പ്പെട്ടവര്‍ ഇസ്‌ലാമിലേക്കും ക്രിസ്‌തു മതത്തിലേക്കും പരിവര്‍ത്തനം നടത്തുന്നത് തൊട്ടുകൂടായ്മ പോലുള്ള അടിച്ചമർത്തൽ വ്യവസ്ഥയിൽ നിന്ന് പുറത്തുവരാൻ വേണ്ടിയാണ്. മാത്രമല്ല 1950 ലെ ഉത്തരവ് ഈ ചരിത്രപരമായ കണക്കുകളെ വിശദമായി പരിഗണിച്ചുകൊണ്ടുള്ളതാണെന്നും കേന്ദ്രം കോടതിയെ അറിയിച്ചു. മാത്രമല്ല ദലിത് ക്രിസ്‌ത്യാനികളെയും ദളിത് മുസ്‌ലിങ്ങളെയും പട്ടികജാതി പട്ടികയിൽ ഉൾപ്പെടുത്താൻ ശുപാർശ ചെയ്തുകൊണ്ടുള്ള ജസ്‌റ്റിസ് രംഗനാഥ് മിശ്ര കമ്മിഷന്‍ റിപ്പോര്‍ട്ടിനോടുള്ള വിയോജിപ്പും മന്ത്രാലയം കോടതിയെ അറിയിച്ചു.