ന്യൂഡൽഹി:രാജ്യത്ത് സ്വവർഗ വിവാഹത്തിന് നിയമപരമായ അംഗീകാരം നൽകരുതെന്ന് വാദിച്ച് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയിൽ രണ്ടാമതും സത്യവാങ്മൂലം സമർപ്പിച്ചു. നിയമപരമായ അംഗീകാരം നൽകണമെന്ന് ആവശ്യപ്പെട്ട് നിരവധി ഹര്‍ജികളാണ് കോടതിക്ക് മുന്‍പിലുള്ളത്. ഇതിനെ എതിര്‍ത്തുകൊണ്ടാണ് കേന്ദ്ര സര്‍ക്കാരിന്‍റെ നീക്കം.
ALSO READ|ഇന്ത്യയില്‍ നിയമ സാധുതയില്ല; സ്വവര്‍ഗ വിവാഹത്തിന് അനുമതി നല്‍കാനാവില്ലെന്ന് പഞ്ചാബ്, ഹരിയാന ഹൈക്കോടതി
സ്വവർഗ വിവാഹം സാധാരണയുള്ളതില്‍ നിന്നും വിഭിന്നമാണെന്നും നഗര - വരേണ്യ കാഴ്‌ചപ്പാടാണ് ഇതെന്നുമുള്ള തങ്ങളുടെ ന്യായം കേന്ദ്രം മുന്നോട്ടുവച്ചു. ഒരേ ലിംഗക്കാര്‍ തമ്മിലുള്ള വിവാഹം ശരിവയ്‌ക്കണമെന്ന ഹർജികൾ തള്ളിക്കളയണമെന്ന് കേന്ദ്രം സുപ്രീം കോടതിയോട് ആവശ്യപ്പെട്ടു.
'ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 246 പ്രകാരം നിയമത്തിലൂടെ നിയമനിർമാണ സഭയ്ക്ക് അംഗീകരിക്കാനും നിയമ പരിരക്ഷ നൽകാനും കഴിയുന്ന സാമൂഹിക രീതിയാണ് വിവാഹം. കോടതികൾക്ക്, ജുഡീഷ്യൽ വ്യാഖ്യാനത്തിലൂടെയോ വിവാഹങ്ങളിലെ നിലവിലെ രീതികള്‍ ഒഴിവാക്കിയോ ഉള്ള ശൈലി മുന്നോട്ടുവയ്‌ക്കാന്‍ കഴിയില്ല. സ്വവര്‍ഗ വിവാഹം നിലവിലുള്ള വിവാഹ സങ്കൽപ്പത്തിന് തുല്യമായി പരിഗണിക്കുന്നത് ഓരോ പൗരന്‍റേയും താത്‌പര്യങ്ങളെ ഗുരുതരമായി ബാധിക്കും.' - കേന്ദ്രം സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടി.
ALSO READ|'സ്വവര്‍ഗ വിവാഹം നിയമവിധേയമാക്കണം': ഹര്‍ജി ഭരണഘടന ബഞ്ചിന് വിട്ട് സുപ്രീംകോടതി
അശ്വിനി കുമാർ ഉപാധ്യായ വേഴ്‌സസ് യൂണിയൻ ഓഫ് ഇന്ത്യ എന്ന കേസിൽ സുപ്രീം കോടതിയുടെ തന്നെ നേരത്തേയുള്ള ഉത്തരവും കേന്ദ്രം ഉദ്ധരിച്ചു. നിയമനിർമാണ പരിധിയിൽ വരുന്നതിനാൽ ലിംഗ, മതപരമായ നിയമങ്ങൾ രൂപീകരിക്കുന്നതിൽ നിന്ന് കോടതി വിട്ടുനില്‍ക്കുന്നു എന്നാതാണ് കേന്ദ്രം ഉദ്ധരിച്ച ആ ഉത്തരവ്.
സ്വവർഗവിവാഹം അംഗീകരിച്ച ബഹുഭൂരിപക്ഷം രാജ്യങ്ങളിൽ പോലും നിയമനിർമാണത്തിലൂടെയാണ് ഈ വിഷയത്തില്‍ അംഗീകാരം നേടുന്നത്. ഗ്രാമം, അര്‍ധ ഗ്രാമം, നഗരം എന്നിവിടങ്ങളില്‍ കഴിയുന്ന ജനങ്ങളുടെ വിശാലമായ വീക്ഷണങ്ങള്‍, വിവാഹങ്ങളിലെ ആചാരങ്ങള്‍ എന്നിവയ്‌ക്കും പാർലമെന്‍റിന് പരിഗണന നല്‍കേണ്ടതുണ്ട്. പുതിയ രീതിയെ സമൂഹത്തിന്‍റെ മൊത്തത്തിലുള്ള അവകാശമോ/തെരഞ്ഞെടുപ്പോ ആവുന്ന വിഷയമായി അവകാശപ്പെടാനാവില്ല. ഇത് വളരെ കുറച്ചുപേരുടെ കാര്യം മാത്രമാണെന്നും കേന്ദ്രം വാദിച്ചു.
'സ്വവര്‍ഗ വിവാഹത്തിന് ഇന്ത്യയില്‍ നിയമ സാധുതയില്ല':ഇക്കഴിഞ്ഞ അഞ്ചാം തിയതി, സ്വവര്‍ഗ വിവാഹത്തിന് ഇന്ത്യയില്‍ നിയമ സാധുതയില്ലെന്ന് ചൂണ്ടിക്കാട്ടി പഞ്ചാബ്, ഹരിയാന ഹൈക്കോടതി ഉത്തരവിട്ടിരുന്നു. വിവാഹിതരാകാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് രണ്ട് സ്‌ത്രീകള്‍ സമര്‍പ്പിച്ച ഹര്‍ജി തള്ളിയാണ് ഹൈക്കോടതി വിധി. അതേസമയം, ഇരുവര്‍ക്കും ഒന്നിച്ച് ജീവിക്കാന്‍ കോടതി അനുമതി നല്‍കി.
വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് കാണിച്ച് രണ്ട് സ്‌ത്രീ പങ്കാളികള്‍ ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചതിന് പിന്നാലെയാണ് കോടതി ഉത്തരവ്. ഇരുവരുടെയും കുടുംബം വിവാഹത്തിന് സമ്മതിച്ചെന്നും എന്നാല്‍ മറ്റൊരാള്‍ വിവാഹത്തെ എതിര്‍ക്കുകയും ചെയ്യുന്നുവെന്നുമാണ് പങ്കാളികള്‍ ഹര്‍ജിയില്‍ പറയുന്നത്. എതിര്‍പ്പ് വന്ന സാഹചര്യത്തില്‍ വിവാഹത്തിന് അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ടായിരുന്നു കോടതിയില്‍ ഹര്‍ജി നല്‍കിയത്.