ന്യൂഡല്‍ഹി : അദാനി ഗ്രൂപ്പ് കമ്പനികളുടെ ഷെയറുകള്‍ കൂപ്പുകുത്തിയത് മൂലം ഓഹരി വിപണിയില്‍ ഉണ്ടായ പ്രക്ഷുബ്‌ധത സ്ഥൂല സാമ്പത്തിക വീക്ഷണകോണില്‍ ചായക്കോപ്പയിലെ കൊടുങ്കാറ്റ് മാത്രമാണെന്ന് കേന്ദ്ര ധനകാര്യ സെക്രട്ടറി ടി വി സോമനാഥന്‍. ഇന്ത്യയുടെ പൊതു ധനകാര്യ സംവിധാനം ശക്തമാണ്. ഓഹരി വിപണിയിലെ ചലനങ്ങള്‍ അതിന്‍റെ പ്രത്യക്ഷ അര്‍ഥത്തില്‍ സര്‍ക്കാരിന്‍റെ ആശങ്കാവിഷയമല്ല. അതില്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ സ്വതന്ത്ര റെഗുലേറ്റര്‍മാര്‍ ഉണ്ടെന്നും അദാനി ഗ്രൂപ്പിനെതിരായ ആരോപണങ്ങള്‍ ഇന്ത്യന്‍ ധനകാര്യ സംവിധാനത്തെ എങ്ങനെ ബാധിക്കുമെന്ന ചോദ്യങ്ങള്‍ക്ക് ഉത്തരമായി ടി വി സോമനാഥന്‍ പറഞ്ഞു.
രാജ്യത്തിന്‍റെ ധനകാര്യ സ്ഥിരതയെ സംബന്ധിച്ച് ഒരു ആശങ്കയുമില്ല. പൊതുധനകാര്യ സ്ഥാപനങ്ങളുടെ ഓഹരി ഉടമകള്‍ക്കോ, പണം നിക്ഷേപിച്ചവര്‍ക്കോ, പോളിസി ഉടമകള്‍ക്കോ ആശങ്ക വേണ്ടതില്ല. ഒരു കമ്പനിയുടെ ഓഹരിയില്‍ ഉണ്ടാകുന്ന ചാഞ്ചാട്ടങ്ങള്‍ രാജ്യത്തിന്‍റെ സാമ്പത്തിക അടിസ്ഥാന ഘടകങ്ങളെ ബാധിക്കുന്നതല്ല. പ്രാഥമിക നിക്ഷേപത്തിനുള്ള ശരിയായ അന്തരീക്ഷം, മികച്ച ധനകാര്യ വിപണി എന്നിവ സൃഷ്‌ടിക്കലാണ് സര്‍ക്കാരിന്‍റെ ഉത്തരവാദിത്വമെന്നും ടി വി സോമനാഥാന്‍ മാധ്യമങ്ങളോട് പറഞ്ഞു.